13 January 2020

പ്രഭാത വാർത്തകൾ 2020 ജനുവരി 13 1195 ധനു 28 തിങ്കളാഴ്ച (ആയില്യം നാൾ)
(VISION NEWS 13 January 2020)

  

🌀ഇറാക്കിലെ യുഎസ് സൈനികത്താവളത്തിലേക്ക് ഇറാന്റെ റോക്കറ്റാക്രമണം. യുഎസ് സൈനികര്‍ തമ്പടിച്ച ബലാദിലെ വ്യോമത്താവളത്തിനു നേരേയാണ് റോക്കറ്റ് ആക്രമണമുണ്ടായത്. നാല് ഇറാക്കി സൈനികര്‍ക്കു പരിക്കേറ്റു. വ്യോമതാവളത്തിലെ റണ്‍വേയില്‍ നാല് റോക്കറ്റുകള്‍ പതിച്ചെന്നാണ് വിവരം.

🌀യുക്രൈന്‍ വിമാനത്തെ ഇറാന്‍ വെടിവെച്ചിട്ട് 176 യാത്രികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇറാനില്‍ പ്രതിഷേധം. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമേനിയും മറ്റു നേതാക്കളും രാജിവക്കണമെന്നും നിയമനടപടികള്‍ നേരിടണമെന്നും ആവശ്യപ്പെട്ടാണു പ്രതിഷേധം. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലെ അമിര്‍ കബിര്‍ സര്‍വകലാശാലക്കു മുന്നിലെ പ്രതിഷേധ പ്രകടനത്തില്‍ നൂറുകണക്കിനു പേര്‍ പങ്കെടുത്തു. 

🌀ഇറാനില്‍ കലാപത്തിനു പിന്തുണയും പ്രേരണയും നല്‍കിയെന്നാരോപിച്ച് യു.കെ. സ്ഥാനപതിയെ ഇറാന്‍ അറസ്റ്റ് ചെയ്തു. യുക്രെയിന്‍ വിമാനത്തെ വെടിവച്ചിട്ട സംഭവത്തില്‍ ഇറാനിയന്‍ ഭരണകൂടത്തിനെതിരേ ഇറാനില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാന്‍ യുകെ സ്ഥാനപതി നേതൃത്വം നല്‍കിയെന്നാണ് ആരോപണം. 

🌀മരടില്‍ തീരദേശ സംരക്ഷണ നിയമം ലംഘിച്ചു പണിത നാലു ഫ്‌ളാറ്റുകളും നിയന്ത്രിത സ്‌ഫോടനത്തിലൂടെ സുരക്ഷിതമായി തകര്‍ത്തു. 16 നിലകളുള്ള ഗോള്‍ഡന്‍ കായലോരത്തിനോടു തൊട്ടുരുമ്മി നിന്ന ചെറിയ അങ്കണവാടിക്കുപോലും തകരാറുണ്ടായില്ല. അഞ്ച് മീറ്റര്‍ പോലും അകലെയല്ലാതിരുന്ന അംഗന്‍വാടിയുടെ രണ്ടു ജനല്‍ച്ചില്ലുകള്‍ തകര്‍ന്നതല്ലാതെ കെട്ടിടത്തിന് ഒരു പോറല്‍പോലും ഉണ്ടായില്ല. നാലു ഫ്‌ളാറ്റുകളും തകർത്തെന്ന്‌ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഇന്നു സത്യവാങ്മൂലം നല്‍കും. 

🌀ശബരിമല യുവതീപ്രവേശന ഉത്തരവിന് എതിരായ പുനഃപരിശോധനാ ഹര്‍ജികളില്‍ ഇന്ന് ഒന്‍പതംഗ ഭരണഘടനാ ബെഞ്ചിന്റെ മുമ്പാകെ വാദം ആരംഭിക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബഞ്ചാണ് വാദം കേള്‍ക്കുക. 

🌀ഒരുമിച്ചു നിന്നാല്‍ പൗരത്വ നിയമം കേന്ദ്ര സര്‍ക്കാരിനു റദ്ദാക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനസംഖ്യാ രജിസ്റ്റര്‍ ചതിക്കുഴിയാണ്. കേരളത്തില്‍ നടപ്പാക്കില്ല. ന്യൂനപക്ഷങ്ങളെ ആര്‍എസ്എസ് ആഭ്യന്തര ശത്രുക്കളായാണ് കാണുന്നത്. അത് അംഗീകരിക്കാനാവില്ല. കോഴിക്കോട് ഭരണഘടനാ സംരക്ഷണ റാലിയില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. 

🌀അങണവാടി വര്‍ക്കര്‍മാര്‍ നടത്തുന്ന സര്‍വേയ്ക്ക് പൗരത്വ രജിസ്റ്ററുമായോ ജനസംഖ്യാ രജിസ്റ്ററുമായോ ബന്ധമില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായാണു സര്‍വേ നടത്തുന്നതെന്നും തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രചാരണം അരുതെന്നും മന്ത്രി. 

🌀പത്തു വയസുള്ള അഞ്ചു പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന കേസില്‍ കാസര്‍കോട് മധൂരിലെ സര്‍ക്കാര്‍ സ്‌കൂളിലെ പ്യൂണ്‍ അറസ്റ്റിലായി. കാസര്‍കോട് ബംബ്രാണിയിലെ ചന്ദ്രശേഖരന്‍ എന്ന അമ്പത്തഞ്ചുകാരനാണ് പിടിയിലായത്. 

🌀കണ്ണൂര്‍ തളിപ്പറമ്പില്‍ ദമ്പതികള്‍ വീട്ടിനകത്ത് മരിച്ചനിലയില്‍. കുറ്റിക്കോലില്‍ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിനു സമീപം വാടക വീട്ടില്‍ താമസിക്കുന്ന ഇ. കെ. സുധീഷ് (30), ഭാര്യ തമിഴ്‌നാട് പുത്തൂര്‍ സ്വദേശി ഇസക്കിറാണി (രേഷ്മ-20) എന്നിവരെയാണ് വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടത്.

🌀പശ്ചിമ ബംഗാളില്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കാത്ത മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്തെ 'പോളിസിമേക്കേഴ്സി'ന് നല്ല ബുദ്ധിയുണ്ടാകാന്‍ പ്രാര്‍ഥിക്കുമെന്നു മോദി. പ്രധാനമന്ത്രിയുടെ കിസാന്‍ പദ്ധതി, ആയുഷ്മാന്‍ ഭാരത് പദ്ധതി എന്നിവ പശ്ചിമ ബംഗാളില്‍ നടപ്പാക്കാത്തതാണ് പ്രധാനമന്ത്രിയെ ചൊടിപ്പിച്ചത്. 

🌀പൗരത്വനിയമ ഭേദഗതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയോടു പ്രതികരിക്കാതെ രാമകൃഷ്ണ മിഷന്‍. പൗരത്വനിയമ ഭേദഗതി ആരുടേയും പൗരത്വം എടുത്ത് കളയാനല്ല പൗരത്വം നല്‍കുന്നതിനാണെന്നു പശ്ചിമബംഗാളിലെ രാമകൃഷ്ണ മിഷന്‍ ആസ്ഥാനത്തു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. അതേക്കുറിച്ചു പ്രതികരിക്കാനില്ലെന്ന് രാമകൃഷ്ണന്‍ മിഷന്‍ ജനറല്‍ സെക്രട്ടറി സ്വാമി സുവീരാനന്ദ പറഞ്ഞു. തങ്ങള്‍ക്കു രാഷ്ട്രീയമില്ല. എല്ലാവരേയും ഉള്‍ക്കൊള്ളുന്നതാണ് തങ്ങളുടെ വിശ്വാസം. ഇസ്ലാം, ഹിന്ദു, ക്രിസ്ത്യന്‍ മതക്കാരായ സന്ന്യാസിമാര്‍ ഇവിടെയുണ്ട്. സഹോദരരെ പോലെയാണ് തങ്ങള്‍ ജീവിക്കുന്നത്. സ്വാമി സുവീരാനന്ദ പറഞ്ഞു. 

🌀ജെഎന്‍യു സര്‍വകലാശാലയിലെ വിദ്യാര്‍ഥികളെ ജനുവരി അഞ്ചിനു വളഞ്ഞിട്ടു മര്‍ദിച്ച ആക്രമണത്തിനു പിന്നിലെ സൂത്രധാരന്‍ വൈസ് ചാന്‍സലര്‍ ജഗദീഷ് എം കുമാറാണെന്ന് കോണ്‍ഗ്രസ് വസ്തുതാന്വേഷണ സമിതി. വിസിയെ ഉടന്‍ മാറ്റണമെന്നും വിസിക്കെതിരെ ക്രിമിനല്‍ അന്വേഷണം നടത്തണമെന്നും സമിതി ആവശ്യപ്പെട്ടു. ആക്രമണത്തിന് ഒത്താശ നല്‍കിയ ഡല്‍ഹി പോലീസിനെതിരേ നടപടി വേണമെന്നും സമിതി ആവശ്യപ്പെട്ടു.

🌀ഫീസ് വര്‍ധനയ്‌ക്കെതിരേ സമരം നടന്ന ജെഎന്‍യുവില്‍ ചിലര്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചെന്ന പുതിയ ആരോപണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി  അമിത് ഷാ. 'ഇന്ത്യയെ കഷണം കഷണമാക്കു'മെന്ന മുദ്രാവാക്യമാണ് ചിലര്‍ വിളിച്ചതെന്നാണ് അമിത് ഷായുടെ പുതിയ കണ്ടെത്തല്‍. രാജ്യത്തിനെതിരെ മുദ്രാവാക്യം വിളിക്കുന്ന രാജ്യദ്രോഹികളെ ജയിലിലടയ്ക്കുമെന്നും അമിത് ഷാ പറഞ്ഞു. പൗരത്വ നിയമത്തെ പിന്തുണച്ച് മധ്യപ്രദേശിലെ ജബല്‍പ്പൂരില്‍ ബിജെപി നടത്തിയ സമ്മേളനത്തിലാണ് ഇങ്ങനെ പ്രസംഗിച്ചത്. പൗരത്വ നിയമത്തിനെതിരേ രാഹുലും മമതയും കേജരിവാളും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. 

🌀ഹിന്ദു എന്ന വാക്കിനോടു ചിലര്‍ക്ക് അലര്‍ജിയാണെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ജനങ്ങള്‍ക്കിടയില്‍ വേര്‍തിരിവുണ്ടാക്കുന്ന മതിലുകള്‍ തകര്‍ക്കണമെന്നും ചെന്നൈയില്‍ അദ്ദേഹം പ്രസംഗിച്ചു. 

🌀പോക്സോ കേസുകള്‍ക്കു മാത്രമായി പ്രത്യേക പരിശീലനം നേടിയ പ്രോസിക്യൂട്ടര്‍മാരെ നിയോഗിക്കണമെന്ന് സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കി. പോക്‌സോ പബ്ലിക് പ്രോസിക്യൂര്‍ട്ടര്‍മാര്‍ക്ക് കുട്ടികളായ ഇരകളേയും സാക്ഷികളേയും കൈകാര്യം ചെയ്യാനുള്ള പരിശീലനം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. 

🌀ജമ്മു കാഷ്മീരില്‍ ഭീകരര്‍ക്കൊപ്പം പിടിയിലായ പോലീസ് ഓഫീസറെയും തീവ്രവാദിയായി കണക്കാക്കുമെന്ന് പോലീസ്. പോലീസ് ഡെപ്യൂട്ടി സൂപ്രണ്ടായ ദേവേന്ദ്ര സിംഗിനെയാണ് പോലീസ് ശനിയാഴ്ച കസ്റ്റഡിയിലെടുത്തത്. ധീരതയ്ക്ക് രാഷ്ട്രപതിയില്‍നിന്ന് മെഡല്‍ നേടിയ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ ദേവേന്ദ്ര സിംഗ് ശ്രീനഗര്‍ വിമാനത്താവളത്തില്‍ ഹൈജാക്കിംഗ് വിരുദ്ധ സ്‌ക്വാഡില്‍ പ്രവര്‍ത്തിച്ചിരുന്ന ഉദ്യോഗസ്ഥനാണ്.

🌀വധശിക്ഷ കാത്തു കഴിയുന്ന നിര്‍ഭയ കേസിലെ പ്രതികളുടെ ഡമ്മികളെ തിഹാര്‍ ജയിലില്‍ തൂക്കിലേറ്റി. പ്രതികളുടെ ഭാരം അനുസരിച്ച് കല്ലുകളും മറ്റും ഉപയോഗിച്ചാണ് ഡമ്മി നിര്‍മിച്ചത്. പ്രതികളെ 22 ന് തൂക്കിലേറ്റണമെന്ന് ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. നാലു പ്രതികളില്‍ രണ്ടു പേര്‍ സുപ്രീംകോടതിയില്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജികള്‍ നാളെ പരിഗണിക്കും.

🌀കേന്ദ്രം ആവശ്യപ്പെട്ടാല്‍ പാക് അധീന കാഷ്മീര്‍ തിരിച്ചുപിടിക്കുമെന്ന കരസേനാ മേധാവിയുടെ പ്രസംഗത്തിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. സംസാരം കുറയ്ക്കൂ, ജോലിയെടുക്കൂ എന്ന ഉപദേശം സഹിതമാണ് കോണ്‍ഗ്രസ് നേതാവ് കരസേന മേധാവി മനോജ് മുകുന്ദ് നരവണെക്കെതിരെ ട്വീറ്റ് ചെയ്തത്.

🌀മഹാരാഷ്ട്രയിലെ ശിവസേനക്കുള്ള 56 എംഎല്‍എമാരില്‍ 36 പേര്‍  അസംതൃപ്തരാണെന്ന് മുന്‍ മുഖ്യമന്ത്രിയും ബിജെപി എംപിയുമായ നാരായണ്‍ റാണെ. മഹാരാഷ്ട്രയില്‍ ബിജെപി തിരികെ അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. 

🌀വിമാനം തകര്‍ക്കുമെന്ന യാത്രക്കാരിയുടെ ഭീഷണിയെത്തുടര്‍ന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി. കൊല്‍ക്കത്തയില്‍നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന എയര്‍ഏഷ്യ വിമാനമാണ് തിരിച്ചിറക്കിയത്. യാത്രക്കാരിയായ മോഹിനി മോണ്ടാല്‍ (25) പൈലറ്റിനു 'ശരീരത്തില്‍ ബോംബ് കെട്ടിവെച്ചിട്ടുണ്ടെ'ന്ന  കുറിപ്പു കൊടുത്തുവിട്ടതോടെയാണ് വിമാനം തിരിച്ചിറക്കിയത്. യുവതിയെ സുരക്ഷാസേന കസ്റ്റഡിയിലെടുത്തു. 

🌀പരീക്ഷാദിവസം പ്രത്യേക ട്രെയിനുകള്‍ അനുവദിക്കാത്തതില്‍ ക്ഷുഭിതരായ ഉദ്യോഗാര്‍ഥികള്‍ റെയില്‍-റോഡ് ഗതാഗതം തടസപ്പെടുത്തി. ബിഹാര്‍ പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയ്ക്ക് പോവുകയായിരുന്ന ഉദ്യോഗാര്‍ഥികളാണ് യാത്രാസൗകര്യം ഇല്ലാത്തതിന്റെ പേരില്‍ അക്രമം അഴിച്ചുവിട്ടത്. പട്നയ്ക്ക് സമീപം ഹാജിപുരിലായിരുന്നു സംഭവം. 

🌀ഒമാന്‍ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ അല്‍ സഈദിന്റെ വിയോഗത്തില്‍ അനുശോചിച്ച് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് ഇന്ത്യയില്‍ ദുഃഖാചരണം പ്രഖ്യാപിച്ചു. 

🌀കാട്ടുതീ മൂലം ഭക്ഷണം കിട്ടാത്ത ഓസ്ട്രേലിയയിലെ വന്യജീവികള്‍ക്ക് ആകാശത്തുനിന്ന് ഭക്ഷണം വിതറി. ന്യൂ സൗത്ത് വെയ്ല്‍സ് നാഷണല്‍ പാര്‍ക്ക് ജീവനക്കാരും വന്യജീവി സംരക്ഷണ പ്രവര്‍ത്തകരുമാണ് ഹെലികോപ്റ്ററുകളില്‍ ക്യാരറ്റും മധുരകിഴങ്ങളുകളും വിതറിയത്. 

🌀ചൈനയില്‍ അജ്ഞാത വൈറസ് ബാധിച്ച് അറുപതുകാരന്‍ മരിച്ചു. 41 പേരിലാണ് പുതിയ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ ഏഴുപേരുടെ നില ഗുരുതരമാണ്.

🌀കേരള ബ്ലാസ്‌റ്റേഴ്‌സ് എതിരില്ലാത്ത ഒരു ഗോളിന് എ.ടി.കെ കൊല്‍ക്കത്തയെ തോല്‍പിച്ചു. ഐഎസ്എലില്‍ കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തിലാണ് കേരളത്തിന്റെ വിജയം. എഴുപതാം മിനിറ്റില്‍ ഹാലിചരന്‍ നര്‍സാറിയാണ് ഗോള്‍ നേടിയത്. ബ്ലാസ്റ്റേഴ്സിന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. 
കഴിഞ്ഞ മത്സരത്തില്‍ ഹൈദരാബാദിനെ ഒന്നിനെതിരേ അഞ്ചു ഗോളുകള്‍ക്കു പരാജയപ്പെടുത്തിയിരുന്നു. 

ഒന്നു ഡൈവ് ചെയ്തിരുന്നെങ്കില്‍ ലോകകപ്പ് സെമിയിലെ മല്‍സരത്തില്‍ താന്‍ റണ്ണൗട്ടാകുമായിരുന്നില്ലെന്ന് ധോണി. രണ്ട് ഇഞ്ച് വ്യത്യാസത്തിനാണു പുറത്തായത്. ധോണി പറഞ്ഞു. ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനോട് ഇന്ത്യ 18 റണ്‍സിനാണു തോറ്റത്. 49-ാം ഓവറിലെ മൂന്നാം പന്തിലാണ് ധോണി റണ്ണൗട്ടായത്. 

🌀മലയാളി താരം സഞ്ജു സാംസണ്‍ ന്യൂസിലാന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലും ഇല്ല. ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനം ഈ മാസം 24 ന് ആരംഭിക്കും. വിരാട് കോഹ്‌ലി നയിക്കുന്ന ടീമില്‍ രോഹിത് ശര്‍മ, കെ.എല്‍. രാഹുല്‍, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, ശിവം ദുബെ, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, നവ്ദീപ് സെയ്‌നി, രവീന്ദ്ര ജഡേജ, ശാര്‍ദുല്‍ താക്കുര്‍ എന്നിവരെ ഉള്‍പെടുത്തി. 

🌀പഞ്ചാബിനെതിരായ രഞ്ജി ട്രോഫി മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്സിലും കേരളത്തിനു ബാറ്റിംഗ് തകര്‍ച്ച. ഒന്നാം ഇന്നിംഗ്സില്‍ ഒമ്പത് റണ്‍സ് ലീഡുമായി ബാറ്റിംഗ് തുടങ്ങിയ കേരളം രണ്ടാംദിനം കളിനിര്‍ത്തുമ്പോള്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 88 റണ്‍സെന്ന നിലയിലാണ്. ഇപ്പോള്‍ കേരളത്തിന് 97 റണ്‍സ് ലീഡ് മാത്രമാണുള്ളത്.

🌀മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം അമേരിക്കയുടെ സെറീന വില്യംസിനു കിരീടം. ഓക്‌ലാന്‍ഡ് ക്ലാസിക്കിലാണ് ജെസിക്ക പെഗുലയെ പരാജയപ്പെടുത്തി സെറീന ജേതാവായത്. 2017 ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടിയശേഷം സെറീന പ്രസവാവധിയിലായിരുന്നു. ഇത്തവണ സമ്മാനത്തുകയായി ലഭിച്ച 43,000 ഡോളര്‍ സെറീന ഓസ്‌ട്രേലിയയിലെ കാട്ടുതീ അണയ്ക്കാനുള്ള സഹായനിധിയിലേക്കു കൈമാറി. 

🌀വിദ്യാഭ്യാസടെക് കമ്പനിയായ 'ബൈജൂസില്‍' ആഗോള നിക്ഷേപക സ്ഥാപനമായ ടൈഗര്‍ ഗ്ലോബല്‍ മാനേജ്‌മെന്റ് 20 കോടി ഡോളര്‍ (1400 കോടി രൂപ) മൂലധന നിക്ഷേപം സമാഹരിച്ചെന്നു സൂചന. നിക്ഷേപം സ്ഥിരീകരിച്ച സ്ഥാപക സിഇഒ ബൈജു രവീന്ദ്രന്‍ തുക വെളിപ്പെടുത്തിയില്ല.

🌀ജനുവരി 14 ന് ഹോണര്‍ 9 എക്സ് ഇന്ത്യയില്‍ വിപണിയിലെത്തും. ഫ്ലിപ്പ്കാര്‍ട്ട് വഴി മാത്രമായാണ് ഫോണ്‍ ഇന്ത്യയിലേക്ക് എത്തുന്നത്. പുതിയ കിരിന്‍ 710 എഫ് സോസി ചിപ്സെറ്റ് ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിപ്പിക്കുന്നത്. 4,000 എംഎഎച്ച് ബാറ്ററിയും അതിവേഗ ചാര്‍ജിംഗിനെ പിന്തുണയ്ക്കും.

🌀പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രമാക്കി പ്രദോഷ് മോഹന്‍ സംവിധാനം ചെയ്ത റൊമാന്‍സ് സസ്പെന്‍സ് ത്രില്ലര്‍ ചിത്രമാണ് ദുര്യോധന. ഇപ്പോഴിതാ ചിത്രം തമിഴിലേക്കും എത്തുകയാണ്. രണ്ട് പെണ്‍കുട്ടികളെ ദുരൂഹ സാഹചര്യത്തില്‍ കാണാതാവുന്നതും അവരെ തേടിയുള്ള അന്വേഷണവുമാണ് ചിത്രം പറയുന്നത്. ഇരുവരുടെയും കാമുകന്മാറും അവരെ ചുറ്റിപറ്റിയുള്ള കഥയുടെ സഞ്ചാരവും ചിത്രത്തിന് ഒരു ത്രില്ലര്‍ സ്വഭാവം നല്‍കുന്നു.

🌀ദിലീപിന്റെ നിര്‍മ്മാണത്തില്‍ സഹോദരന്‍ അനൂപ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ''തട്ടാശ്ശേരി കൂട്ടത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. സന്തോഷ് ഏച്ചിക്കാനത്തിന്റെ തിരക്കഥയിലാണ് അനൂപിന്റെ ആദ്യ ചിത്രം ഒരുങ്ങുന്നത്. യുവതാരങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി ഒരുക്കിയ ചിത്രമാണിത്. അര്‍ജുന്‍ അശോകനാണ് നായകന്‍.

🌀ഹോണ്ടയുടെ കരുത്തന്‍ സ്‌കൂട്ടര്‍ പിസിഎക്സിന്റെ ഇലക്ട്രിക് പതിപ്പ് ഈ വര്‍ഷം ഇന്ത്യന്‍ നിരത്തുകളില്‍ എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. കാഴ്ചയില്‍ സ്പോര്‍ട്സ് ബൈക്കുകളുടെ പ്രൗഢിയാണ് പിസിഎക്സിനുള്ളത്. മുന്‍വശത്തുനിന്ന് നോക്കിയാല്‍ ഒരു റേസിങ് ബൈക്കിന്റെ രൂപം തന്നെയാണ് ഈ ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ പ്രധാന സവിശേഷത. ഇന്ത്യയിലെ തിരഞ്ഞെടുത്ത നഗരങ്ങളിലെ ഡീലര്‍ഷിപ്പുകളില്‍ മാത്രമായിരിക്കും ഈ സ്‌കൂട്ടര്‍ എത്തുക.

🌀അറേബ്യന്‍നാടുകളിലെ വൈവിദ്ധ്യം നിറഞ്ഞ അനുഭവങ്ങളെ അതീവ രസകരങ്ങളായ കഥകളായി അവതരിപ്പിക്കുന്ന, ആഖ്യാന ചാരുതയാല്‍ സമ്പന്നമായ കൃതി. 'എല്ലാ മരത്തിലും തീയുണ്ട്'. സി.വി. സലാം. ചിന്ത പബ്‌ളിക്കേഷന്‍സ്. വില 123 രൂപ.

🌀കമ്പ്യൂട്ടറിന്റെ മുന്നില്‍ ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നത്  മാനസികാരോഗ്യത്തെ ബാധിക്കുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. വിഷാദരോഗം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് ഗവേഷകര്‍ പറയുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് മാസ് അറ്റ് ആംഹേസ്റ്റ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ഇരുന്ന് ജോലി ചെയ്യുന്നതിലൂടെ പ്രമേഹ സാധ്യത കൂടുന്നു. ദീര്‍ഘനേരം ഇരുന്നു ജോലി ചെയ്യുമ്പോള്‍ ശരീരത്തില്‍ ഫാറ്റ് ധാരാളം അടിയും. ഇത് ഹൃദയത്തില്‍ ബ്ലോക്ക് ഉണ്ടാക്കിയേക്കാം. ക്രമേണ ഹൃദ്രോഗം തലപൊക്കും.  കഴുത്ത്, ഇടുപ്പ്, പുറം എന്നീ ഭാഗങ്ങളില്‍ കഠിനമായ വേദനയായാണ് ഇതിന്റെ തുടക്കം. പേശി തകരാര്‍, വൃക്കരോഗങ്ങള്‍, ഉയര്‍ന്ന രക്തസമ്മര്‍ദം, നടുവേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇരുന്ന് ജോലി ചെയ്യുന്നതിലൂടെ ഉണ്ടാകാം. തലച്ചോറിലെ ചില കോശങ്ങളെ ഇതു ദോഷകരമായി ബാധിക്കാം. ദീര്‍ഘനേരത്തെ ഇരിപ്പ് മൂലം കാലുകളിലെ ഞരമ്പുകള്‍ക്ക് പ്രഷര്‍ അധികമാകും. ഇതാണ് വെരിക്കോസ് വെയിന്‍ ഉണ്ടാകാനുള്ള കാരണം.

ജീവിതപാഠം
കവിത കണ്ണൻ

ഇറ്റലിയിലെ ട്യൂറിനില്‍ ഒരു ജൂതകുടുംബത്തിലായിരുന്നു റിതയുടെ ജനനം.  മുഴുവന്‍ പേര് റിത ലെവി മൊന്റാല്‍സിനി.  ഒരു എഴുത്തുകാരിയാവാനായിരുന്നു അവളുടെ ആഗ്രഹം.  എന്നാല്‍ ട്യൂമര്‍ ബാധിച്ച് ഒരു ബന്ധു മരണപ്പെട്ടതോടെ വൈദ്യശാസ്ത്രരംഗത്ത് എന്തെങ്കിലും ചെയ്യണമെന്ന അതിയായ ആഗ്രഹം മനസ്സില്‍ കുടിയേറി.  മെഡിസിന്‍ പഠനം ആരംഭിച്ചപ്പോള്‍ നാഡീവ്യൂഹത്തെക്കുറിച്ചായിരുന്നു ഏറെയും ശ്രദ്ധ ചെലുത്തിയത്.  പഠനശേഷം ജോലിയിലേക്ക്.  എന്നാല്‍ റിതയുടെ ആഗ്രഹം പ്രാവര്‍ത്തികമാക്കാന്‍ പറ്റുന്നതായിരുന്നില്ല.  ജൂതവംശജരെ അക്കാദമിക്‌ രംഗത്തുനിന്നും നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി.  ഇതോടെ ജോലി നഷ്ടമായി.  പക്ഷേ, പഠിക്കണമെന്ന ആഗ്രഹത്തിന് ഒട്ടും കുറവ് വന്നില്ല.  വീട്ടിലെ കിടപ്പുമുറി ലാബ് ആയി മാറി.  പരീക്ഷണവസ്തുവായി ഉപയോഗിച്ചത് കോഴിയെയായിരുന്നു.  ഭ്രൂണത്തിലെ നാഡീഞരമ്പുകളിലായിരുന്നു പരീക്ഷണം.  പക്ഷേ വിധി റിതയ്ക്ക് അനുകൂലമായിരുന്നില്ല.  രണ്ടാം ലോക മഹായുദ്ധം, ജര്‍മ്മന്‍ സേന ഇറ്റലി ആക്രമിക്കുന്നു.  റിത ഫ്‌ളോറന്‍സിലേക്ക് പലായനം ചെയ്തു.  അവിടത്തെ അഭയാര്‍ത്ഥി ജീവിതത്തില്‍ ആരും കാണാതെ റിത ഒരു ലബോറട്ടറി ഒരുക്കി.  ആ ഒളിവിലെ ലാബിലും അവര്‍ പരീക്ഷണങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു.  1946 യുദ്ധം അവസാനിച്ചു.  റിത വീണ്ടും ട്യൂറനിലേക്ക്.  തുടര്‍ന്ന് നീണ്ട 30 വര്‍ഷര്‍ഷത്തോളം ഒരേ വിഷയത്തില്‍ ഗവേഷണം.  1952 ല്‍ നാഡീ ഞരമ്പുകളിലെ ചില കോശങ്ങളുടെ അസാധാരണ വളര്‍ച്ച റിത കണ്ടെത്തി.  അതിന്റെ കാരണം അവര്‍ വേര്‍തിരിച്ചെടുത്തു. അതിരില്ലാത്ത പഠനമായിരുന്നു റിതയുടെ ജീവിതം.  ഒടുവില്‍ ലോകം അവര്‍ക്കൊരു സമ്മാനം നല്‍കി.  1986 ല്‍ ന്യൂറോ ബയോളിജിക്ക് ആവര്‍ഷത്തെ നൊബല്‍ സമ്മാനം.  അതായിരുന്നു ആ സമ്മാനം.   ലക്ഷ്യത്തിലേക്ക് - വിജയത്തിലേക്ക് - ഒരൊറ്റ ഷോട്ട്കട്ട് മാത്രമേയുള്ളൂ എന്ന് റിത നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.  ഏത് പ്രതികൂലാവസ്ഥയിലും ലക്ഷ്യത്തിനായി പ്രയത്‌നിക്കാനുള്ള കരുത്ത് നേടാനാകട്ടെ - ശുഭദിനം 

🌀➖🌀➖🌀➖🌀➖🌀

Post a comment

Whatsapp Button works on Mobile Device only