02 May 2020

സംസ്ഥാനത്ത് രണ്ടു പേര്‍ക്കു കൂടി കോവിഡ്-19; എട്ടു പേര്‍ക്ക്‌ രോഗമുക്തി
(VISION NEWS 02 May 2020)



തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് രണ്ടുപേര്‍ക്ക്. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. വയനാട്ടിലും കണ്ണൂരിലും ഓരോരുത്തര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

എട്ടു പേര്‍ രോഗമുക്തി നേടി. കണ്ണൂരില്‍ ആറുപേരും ഇടുക്കിയില്‍ രണ്ടുപേരുമാണ് രോഗമുക്തി നേടിയത്. സംസ്ഥാനത്ത് ഇതുവരെ 499 പേര്‍ക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. 96 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

സംസ്ഥാനത്ത് ആകെ 21,894 പേരാണ് നിരീക്ഷണത്തിലുള്ളത്. 21,494 പേര്‍ വീടുകളിലും 410 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 80 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 31,183 സാമ്പിളുകള്‍ പരിശോധിച്ചു. ഇതില്‍ 30,358 എണ്ണത്തില്‍ രോഗബാധയില്ലെന്ന് ഉറപ്പാക്കി. മുന്‍ഗണനാഗ്രൂപ്പുകളിലെ 2,093 സാമ്പിളുകളില്‍ 1,234 എണ്ണം നെഗറ്റീവാണ്. സംസ്ഥാനത്ത് ആകെ 80 ഹോട്ട്‌സ്‌പോട്ടുകളാണുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഒരു മാസത്തിലധികമായി വയനാട്ടില്‍ കോവിഡ്-19 കേസുകളൊന്നും ഉണ്ടായിരുന്നില്ല. ഇന്ന് കോവിഡ്-19 കേസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വയനാടിനെ ഗ്രീന്‍ സോണില്‍നിന്ന് ഓറഞ്ച് സോണിലേക്ക് മാറ്റി.

Post a comment

Whatsapp Button works on Mobile Device only