08 May 2020

വിശാഖപട്ടണത്ത് 22 മണിക്കൂറിന് ശേഷം വീണ്ടും വാതക ചോര്‍ച്ച; സമീപ ഗ്രാമങ്ങളിലുള്ളവരെ ഒഴിപ്പിച്ചു
(VISION NEWS 08 May 2020)



വിശാഖപട്ടണം: 11 പേരുടെ മരണത്തിനിടയാക്കിയ വിശാഖപട്ടണത്തെ എല്‍ജി പോളിമര്‍ കെമിക്കല്‍ പ്ലാന്റില്‍ നിന്ന് ആശങ്ക പരത്തി വീണ്ടും വാതകം ചോരുന്നു.  വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് വീണ്ടും ചോര്‍ച്ച തുടങ്ങിയത്. 

വ്യാഴാഴ്ച പുലര്‍ച്ചെ 2.30 ഓടെ പ്ലാന്റ് തുറന്നപ്പോഴാണ് ആദ്യം ചോര്‍ച്ചയുണ്ടായത്. ഇതേ തുടര്‍ന്ന് സമീപത്തുള്ളവരെ പൂര്‍ണ്ണമായും ഒഴിപ്പിച്ചിരുന്നു. 

'വാതകം ഇപ്പോഴും ചോര്‍ന്ന് കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ആളുകളില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്. അഞ്ച് കിലോമീറ്റര്‍ ചുറ്റളവളവിലുള്ളവരെ ഒഴിപ്പിക്കാന്‍ പോകുകയാണ്' വിശാഖപട്ടണം ഫയര്‍ ഓഫീസര്‍ സുരേന്ദ്ര ആനന്ദ് പറഞ്ഞു. പ്രശ്‌നബാധിത മേഖലയില്‍ നിന്നും ആളുകളെ സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ വീടുകളിലേക്ക് മാറുന്നതിന് ബസുകളടക്കം ഏര്‍പ്പാടാക്കിയെന്നും അദ്ദേഹം വെള്ളിയാഴ്ച പുലര്‍ച്ചയോടെ പറഞ്ഞു. അതേസമയം ആശങ്കപ്പെടേണ്ടതില്ലെന്നും വിശാഖപട്ടണം പോലീസ് കമ്മീഷണര്‍ ആര്‍.കെ.മീണ അറിയിച്ച

കെമിക്കല്‍ പ്ലാന്റിലെ വാതക ചോര്‍ച്ച നിര്‍വീര്യമാക്കുന്നതിനായി പ്രത്യേക എയര്‍ ഇന്ത്യ കാര്‍ഗോ ഫ്‌ളൈറ്റില്‍ ഗുജറാത്തില്‍ നിന്ന് വിശാഖപട്ടണത്തേക്ക് പിടിബിസി (പാരാ-ടെര്‍ഷ്യറി ബ്യൂട്ടില്‍ കാറ്റെകോള്‍) എത്തിച്ചിട്ടുണ്ട്.

10 ഫയര്‍ യൂണിറ്റുകള്‍ അധികമായി വിന്യസിക്കുകയും ആംബുലന്‍സുകളും മറ്റു സേവനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. 

ആര്‍.ആര്‍. വെങ്കടപുരം ഗ്രാമത്തില്‍ ദക്ഷിണകൊറിയന്‍ കമ്പനി എല്‍.ജി. കെമ്മിന്റെ ഉടമസ്ഥതയിലുള്ള എല്‍.ജി. പോളിമേഴ്‌സിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയ്ക്ക് വാതകചോര്‍ച്ചയുണ്ടായത്. സ്‌റ്റൈറീന്‍ വാതകം ശ്വസിച്ച് കുട്ടിയുള്‍പ്പെടെ ഒമ്പതുപേര്‍ മരിച്ചു. വീടുകളില്‍നിന്നിറങ്ങിയോടിയ രണ്ടുപേര്‍ കുഴല്‍ക്കിണറില്‍വീണും മരിച്ചു. 246 പേരെ വിശഖാപട്ടണം കിങ് ജോര്‍ജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ 20 പേരുടെ നില അതിഗുരുതരമാണ്. വെന്റിലേറ്ററിലാണ് ഇവര്‍.

Post a comment

Whatsapp Button works on Mobile Device only