12 May 2020

ഇതരസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള മടക്കം; ട്രെയിനില്‍ വരുന്നവര്‍ക്കും പാസ് നിര്‍ബന്ധം
(VISION NEWS 12 May 2020)

​   

ട്രെയിന്‍ വഴി സംസ്ഥാനത്ത് എത്തുന്നവര്‍ക്കും പാസ് നിര്‍ബന്ധമാക്കി. മറ്റ് മാര്‍ഗങ്ങള്‍ വഴി വരാന്‍ നേരത്തെ പാസ് എടുത്തവര്‍ വീണ്ടും അപേക്ഷിക്കണം.പാസില്ലാതെ വരുന്നവര്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ക്വാറന്‍റൈൻ പോകേണ്ടി വരും.റെയിൽവേയുടെ ഓൺലൈൻ റിസർവേഷൻ മുഖേന ടിക്കറ്റ് എടുക്കുന്നവർ കേരളത്തിലേക്ക് പ്രവേശിക്കാനുള്ള പാസിന് വേണ്ടി കൊവിഡ്19 ജാഗ്രത പോർട്ടലിലാണ് അപേക്ഷിക്കേണ്ടത്. ഇതിനകം ഏത് മാർഗം വഴിയും അപേക്ഷിച്ചവർ അത് റദ്ദാക്കി റെയിൽ മാർഗമാണ് വരുന്നത് എന്ന് കാണിച്ച് പുതുതായി അപേക്ഷിക്കണം. ഇതുവരെ പാസിന് അപേക്ഷിക്കാത്തവർക്ക് പുതുതായി അപേക്ഷിക്കാൻ സൗകര്യമുണ്ടാകും.

ഒരേ ടിക്കറ്റിൽ ഉൾപ്പെട്ട എല്ലാവരുടേയും വിശദാംശങ്ങൾ പാസിനുള്ള അപേക്ഷയിൽ ഒറ്റ ഗ്രൂപ്പാക്കി രേഖപ്പെടുത്തണം. പുറപ്പെടുന്ന സ്‌റ്റേഷൻ, എത്തേണ്ട സ്‌റ്റേഷൻ, ട്രെയിൻ നമ്പർ, പി.എൻ.ആർ നമ്പർ എന്നിവ 'കൊവിഡ്19 ജാഗ്രത' വഴി രേഖപ്പെടുത്തണം. കേരളത്തിൽ ഇറങ്ങുന്ന റെയിൽവേ സ്‌റ്റേഷനുകളിൽ കമ്പ്യൂട്ടർ വഴി വിശദാംശങ്ങൾ പരിശോധിച്ച് വൈദ്യപരിശോധനയ്ക്ക് ശേഷം രോഗലക്ഷണങ്ങളില്ലാത്തവർ നിർബന്ധിത 14 ദിവസ ഹോം ക്വാറൻറയിനിൽ പ്രവേശിക്കണം. ഹോം ക്വാറൻറയിൻ പാലിക്കാത്തവരെ നിർബന്ധമായി ഇൻസ്റ്റിറ്റിയൂഷണൽ ക്വാറൻറയിനിൽ മാറ്റും. രോഗലക്ഷണങ്ങള്‍ ഉള്ളവരെ തുടർപരിശോധന നടത്തും.

റെയിൽവേ സ്‌റ്റേഷനിൽ നിന്ന് വീടുകളിലേക്ക് യാത്രക്കാരെ കൊണ്ടുപോകാൻ ഡ്രൈവർ മാത്രമുള്ള വാഹനങ്ങൾ അനുവദിക്കും. ഇത്തരം വാഹനങ്ങളിൽ സാമൂഹ്യ അകലം പാലിക്കുകയും ഡ്രൈവർ ഹോം ക്വാറന്റൈയിൻ സ്വീകരിക്കുകയും വേണം. റെയിൽവേ സ്‌റ്റേഷനുകളിൽ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി സർവീസ് നടത്തും. ആൾക്കാരെ കൂട്ടിക്കൊണ്ടുപോകാൻ റെയിൽവേ സ്‌റ്റേഷനിൽ വരുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്തേക്കും ആവശ്യമെങ്കിൽ കെ.എസ്.ആർ.ടി.സി സർവീസ് നടത്തും.കൊവിഡ്19 ജാഗ്രത പോർട്ടലിൽ https://covid19jagratha.kerala.nic.in പാസിന് അപേക്ഷിക്കാതെ വരുന്ന യാത്രക്കാർ നിർബന്ധമായും 14 ദിവസം ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻറയിനിൽ പോകേണ്ടി വരുമെന്നും സർക്കാർ അറിയിച്ചു.

Post a comment

Whatsapp Button works on Mobile Device only