03 May 2020

വയനാട് ഗ്രീന്‍ സോണില്‍ നിന്ന് വീണ്ടും ഓറഞ്ച് സോണിലേക്ക്
(VISION NEWS 03 May 2020)



വയനാട്ടില്‍ ഒരാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെ ജില്ല ഗ്രീന്‍ സോണില്‍ നിന്ന് വീണ്ടും ഓറഞ്ച് സോണിലേക്ക് മാറി. മാനന്തവാടി സ്വദേശിയായ ലോറി ഡ്രൈവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ചെന്നെയില്‍ നിന്നെത്തിയ ഇദ്ദേഹം വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. മാനന്തവാടി മുന്‍സിപ്പാലിറ്റിയിലെ കുറുക്കന്‍മൂല കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ പരിധിയില്‍പ്പെട്ട 52 കാരനായ ലോറി ഡ്രൈവര്‍ മാര്‍ച്ച് 26 ന് ചെന്നൈയില്‍ നിന്ന് ചരക്കുമായി മടങ്ങിയെത്തിയതാണ്.

വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞുവന്ന ഇദ്ദേഹം 29 ന് സ്രവം പരിശോധനക്ക് നല്‍കി. കോവിഡ് സ്ഥിരീകരിച്ചതോടെ മാനന്തവാടി കോവിഡ് ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തോടൊപ്പം യാത്ര ചെയ്തിരുന്ന സഹായിയുടെ ഫലം നെഗറ്റീവാണ്. രോഗിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ വീട്ടുകാരായ അഞ്ചുപേരെയും നിരീക്ഷണത്തിലാക്കി. നിലവില്‍ രോഗികളില്ലാതിരുന്ന വയനാട്ടില്‍ വീണ്ടും രോഗം സ്ഥിരീകരിക്കപ്പെട്ടതോടെ ജില്ല ഗ്രീന്‍ സോണില്‍ നിന്ന് ഓറഞ്ച് സോണിലേക്ക് മാറി.

ഒരുമാസത്തിന് ശേഷമാണ് വയനാട്ടില്‍ പുതുതായി രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം നാല് ആയി നേരത്തെ ഉണ്ടായിരുന്ന മൂന്ന് പേരും യു.എ.ഇയില്‍ നിന്ന് മടങ്ങിയെത്തിയവരാണ് ഇവരെല്ലാം. രോഗ മുക്തരായി വീടുകളിലേക്ക് മടങ്ങിയതിന് ശേഷമാണ് ജില്ലയില്‍ പുതുതായി രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതോടെ ജില്ലയില്‍ നിലവിലുള്ള നിയന്ത്രണങ്ങളില്‍ ഇനി കാര്യമായ ഇളവുകള്‍ ഉണ്ടാകാനിടയില്ല.

Post a comment

Whatsapp Button works on Mobile Device only