08 May 2020

കോവിഡിനാന്തര കാലത്തെ വിമാനയാത്രകള്‍ എങ്ങിനെയായിരിക്കും?
(VISION NEWS 08 May 2020)കോവിഡ്19 ബാധയുടെ ഒരു പ്രധാന ഉറവിടം വിമാനങ്ങളാണെന്ന തരത്തിലുള്ള ഒരു പ്രചരണം സമൂഹമാധ്യമങ്ങളും മറ്റും നേരത്തെ ശക്തമായിരുന്നു. എന്നാല്‍ വിമാനയാത്ര വൈറസ് വ്യാപനത്തിന് കാരണമാകുന്നു എന്ന് സ്ഥാപിക്കാനുതകുന്ന കണ്ടെത്തലുകൾ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല.

പറന്നുയരുന്ന വിമാനങ്ങളിൽ നിന്ന് വൈറസ് ബാധ പകരാനുള്ള സാധ്യത കുറവാണെന്ന് പഠനങ്ങള്‍ ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും മാസ്ക് ധരിക്കുകയും മറ്റ് സുരക്ഷാ മുന്‍ കരുതലെടുക്കുകുയും ചെയ്യുന്നതിലൂടെ വൈറസ് വ്യാപനസാധ്യത വീണ്ടും കുറയുന്നു. ടെസ്റ്റിംഗ് പ്രോട്ടോക്കോളുകളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത് മറ്റ് പൊതുഗതാഗത മാർഗ്ഗങ്ങളെ അപേക്ഷിച്ച് വിമാന യാത്രയിലൂടെ കോവിഡ് പടരാനുള്ള സാധ്യത വളരെ കുറവാണ് എന്ന വസ്തുതയാണ്. വസ്തുതയെ സാധൂകരിക്കുന്ന തരത്തില്‍ നിരവധി കാരണങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു.

മറ്റ് യാത്രകളെ അപേക്ഷിച്ച് വിമാന യാത്രയില്‍ യാത്രക്കാര്‍ അഭിമുഖമായ് വരാനുള്ള സാധ്യത വളരെ കുറവാണ് എന്നത് വൈറസ് ബാധ പടരാതിരിക്കാനുള്ള പ്രധാന കാരണമായ് കണക്കാക്കപ്പെടുന്നു.വിമാനത്തിലെ സീറ്റിംഗ് സംവിധാനമാണ് ഇതിന് പ്രധാന കാരണം. വൈറസുകൾ അടക്കമുള്ള സൂക്ഷ്മകണങ്ങൾക്ക് അതിജീവിക്കാൻ കഴിയാത്ത വിധത്തിലാണ് എയർലൈൻ ക്യാബിനുകളുടെ വായുക്രമീകരണം എന്നതാണ് മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കുന്നത്. വിമാനത്തിന്‍റെ സീലിങ്ങില്‍ നിന്ന് ഫ്ലോറിലേക്കുള്ള വായുപ്രവാഹം വൈറസ് വ്യാപനത്തിന്‍റെ സാധ്യത കുറയ്ക്കുന്നു. ഓരോ രണ്ട്, മൂന്ന് മിനിറ്റിലും വിമാന ക്യാബിനിനകത്തെ വായു മാറ്റിസ്ഥാപിക്കപ്പെടുന്നുണ്ട്. വിമാനത്തിലെ ഉയർന്ന വായു പ്രവാഹ നിരക്ക് മറ്റ് ഇന്‍ഡോര്‍ സാഹചര്യങ്ങളെ അപേക്ഷിച്ച് വൈറസ് വ്യാപനത്തിനെ നിരുത്സാഹപ്പെടുത്തുന്നു

വിമാന എഞ്ചിനുകൾ ശുദ്ധവായു സ്വീകരിക്കുയും ശേഷം 99.97 ശതമാനം മൈക്രോൺ കണങ്ങളെ പിടിച്ചെടുക്കാൻ കഴിയുന്ന ഒരു ഫിൽട്ടറിലൂടെ കടന്നുപോകുന്ന ക്യാബിൻ വായുവുമായി ഇത് കലർത്തുകയും ചെയ്യുന്നു. എച്ച്. ഇ.പി.എ (ഹൈ എഫിഷ്യന്‍സി പര്‍ട്ടിക്കുലേറ്റ് എയര്‍) എന്ന ഫില്‍റ്റര്‍ ഉപയോഗിച്ചാണ് ഈ പ്രക്രിയ നടക്കുന്നത്. ഈ ഫിൽട്രേഷൻ പ്രക്രിയ വഴി വായുവിൽ നിന്ന് സൂക്ഷ്മാണുക്കൾ ഉൾപ്പെടെയുള്ള 99.997 ശതമാനം കണികകളും ജൈവവസ്തുക്കളും നീക്കംചെയ്യപ്പെടുന്നു. ഇതിലൂടെ വിമാന ക്യാബിനുകളില്‍ ഓപ്പറേറ്റിംഗ് തിയറ്ററിന്‍റെ ഗുണനിലവാരത്തിലേക്ക് ‍ഉയരുന്ന തോതിലുള്ള ശുദ്ധവായു പ്രവാഹത്തിന് കാരണമാകും.

ഈ അവസരത്തില്‍ ഇനി വരുന്ന കുറേയധികം നാളുകളില്‍ വിമാന യാത്രയുടെ ഭാവി എങ്ങനെയായിരിക്കും എന്ന് നമുക്ക് ഒന്ന് പരിശോധിക്കാം. ഇനിയങ്ങളോട്ടുള്ള ആറുമാസക്കാലത്തോളം വിമാനയാത്രയില്‍ സംഭവിക്കാനിടയുള്ള കാര്യങ്ങള്‍?

മറ്റേതൊരു അവസരത്തിലെയും പോലെ യാത്രക്കാരുടെയും ജീവനക്കാരുടെ സുരക്ഷ ഈ സന്ദര്‍ഭത്തിലും പരമപ്രധാനമാണ്. ഗവര്‍ണ്‍മെന്‍റിന്‍റെ സഹായത്തോടെ സുരക്ഷിതമായി യാത്ര ചെയ്യാൻ കഴിയുന്ന സാഹചര്യം ഒരുക്കിയതിന് ശേഷമാകും വ്യോമയാന വ്യവസായം പുനാരംഭിക്കുക. യാത്രക്കാർ‌ക്ക് ഫ്ലൈറ്റില്‍ യാത്ര ചെയ്യാനുള്ള ആത്മവിശ്വാസവും ധൈര്യവും കൊടുക്കുക എന്നതായിരിക്കും ആദ്യം എയര്‍ലൈന്‍സ് അധികൃതര്‍ ശ്രദ്ധിക്കുക. അതിനായ് വിമാന യാത്രകളിലെ സുരക്ഷിതത്വം യാത്രക്കാര്‍ക്ക് ബോധ്യപ്പെടുന്നതിനായ് മാസ്ക് ധരിക്കുന്നത് അടക്കമുള്ള സുരക്ഷാ മുന്‍ കരുതലുകള്‍ യാത്രക്കാർക്കും ജീവനക്കാര്‍ക്കും സാധാരണമാക്കാന്‍ എയര്‍ലൈന്‍സ് അധികൃതര്‍ ശ്രദ്ധിക്കുമെന്ന് വേണം കരുതാന്‍. ഒരു കൂട്ടരില്ലാതെ മറ്റൊരു കൂട്ടര്‍ക്ക് പ്രയോജനമില്ലെന്ന് പറയുന്നത് പോലെ യാത്രക്കാര്‍ക്ക് ആത്മവിശ്വാസം നൽകുന്നതോടൊപ്പം യാത്രാ ചെലവ് താങ്ങാനാകുന്ന നിലയില്‍ എത്തിക്കേണ്ട ഉത്തരവാദിത്തം എയർലൈൻ‌സിന്‍റെ ഭാഗത്ത് നിന്നുണ്ടാകണം.

സുരക്ഷയുടെ ഭാഗമായ് മുഖം മറച്ചു കൊണ്ടുള്ള മാസ്കുകള്‍ക്കു പുറമേ, താൽ‌ക്കാലിക ബയോസെക്യൂരിറ്റി നടപടികളുടെ ഭാഗമായി കുറച്ചധികം കാര്യങ്ങളും ഇനിയുള്ള വിമാന യാത്രകളില്‍ പരിചിതമാകാന്‍ സാധ്യതകളേറെയാണ്

-യാത്രക്കാർ, വിമാനത്താവളത്തിലെ ജീവനക്കാര്‍, മറ്റ് സ്റ്റാഫുകള്‍ എന്നിവരുടെ താപനില പരിശോധനകള്‍ ഇനിയങ്ങോട്ടുള്ള യാത്രകളിലും തുടര്‍ന്നുകൊണ്ടുള്ള നടപടികള്‍

- മറ്റ് യാത്രക്കാരുമായും ജീവനക്കാരുമായും സമ്പർക്കം കുറയ്ക്കുന്ന തരത്തിലുള്ള ബോർഡിംഗ്, ഡിപ്ലാനിംഗ് പദ്ധതികള്‍

- വിമാനത്തിനുള്ളിലെ അനാവശ്യമായ സഞ്ചാരങ്ങളും,സമ്പര്‍ക്കങ്ങളും പരിമിതപ്പെടുത്തുത്താനുള്ള നടപടികള്‍

- വിമാനത്തിനുള്ളിലെ ക്യാബിനും ഫ്ലോറുകളും വൃത്തിയാക്കുന്നതിന്‍റെ തോത് കൂട്ടുക, അതിനൊപ്പം തന്നെ ക്യാബിനിലുള്ള ജീവനക്കാരുടെ സഞ്ചാരങ്ങള്‍ കുറക്കുക, യാത്രക്കാരുമായുള്ള ആശയവിനിമയം കുറയ്ക്കുന്ന തരത്തില്‍ ലളിതമായ കാറ്ററിംഗ് നടപടിക്രമങ്ങൾ ആരംഭിക്കുക.

-യാത്രക്കാര്‍ക്കായ് കോവിഡ് പരിശോധന നടത്തുകയോ അല്ലെങ്കിൽ ഇമ്മ്യൂണിറ്റി പാസ്‌പോർട്ടുകള്‍ പരിശോധി ഏര്‍പ്പെടുത്തുകയോ ചെയ്യുക. ഇതെല്ലാം താല്‍ക്കാലിക ബയോസെക്യൂരിറ്റി നടപടികളായി കണക്കാക്കാവുന്നതാണ്.

Post a comment

Whatsapp Button works on Mobile Device only