11 May 2020

എസ്.എസ്.എൽ.സി., ഹയർസെക്കൻഡറി പരീക്ഷ: വിദ്യാർഥികൾക്ക് സ്കൂളുകൾ വാഹന സൗകര്യമൊരുക്കണം.
(VISION NEWS 11 May 2020)



കോഴിക്കോട്:  എസ്.എസ്.എൽ.സി., ഹയർസെക്കൻഡറി പരീക്ഷകൾക്ക് വിദ്യാർഥികളെ എത്തിക്കാൻ പ്രത്യേക വാഹനസൗകര്യം ഏർപ്പെടുത്താൻ നിർദേശം. മേയ് 21-നും 29-നും ഇടയിൽ‌ പരീക്ഷ നടത്താനാണ് തീരുമാനം. അതിനിടയിൽ പൊതുഗതാഗത സൗകര്യം സജ്ജമാകുമോ എന്ന് ഉറപ്പില്ലാത്തതിനാലാണ് പ്രത്യേക സംവിധാനം ഏർപ്പെടുത്താൻ നിർദേശിച്ചത്.

പരീക്ഷാ ഒരുക്കങ്ങൾക്കായി സ്കൂൾഓഫീസുകൾ തിങ്കളാഴ്ച മുതൽ തുറന്നു പ്രവർത്തിക്കും. എല്ലാ ക്ലാസ്‌മുറികളും ഓഫീസും സ്റ്റാഫ്റൂമും അണുനാശനം നടത്തുകയും സാനിറ്റൈസർ ഉൾപ്പെടെയുള്ള സൗകര്യങ്ങളൊരുക്കുകയും വേണം.

കോവിഡ് നിരീക്ഷണ ക്യാമ്പുകൾ പ്രവർത്തിക്കുന്നതിനാലോ മറ്റോ പരീക്ഷ നടത്താൻ പ്രയാസമുള്ള സ്കൂളുകൾ അക്കാര്യം തിങ്കളാഴ്ച വൈകുന്നേരത്തിനുള്ളിൽ അറിയിക്കണം. ഇതരസംസ്ഥാനങ്ങളിലോ മറ്റു ജില്ലകളിലോ കുടുങ്ങിപ്പോയ വിദ്യാർഥികളുടെ വിവരം നൽകണം. കംപ്യൂട്ടറുകൾ, ലാപ്ടോപ്പുകൾ, പ്രോജക്ടറുകൾ, ക്യാമറകൾ തുടങ്ങിയ ഇലക്ട്രോണിക്സ്‌ ഉപകരണങ്ങൾ പ്രവർത്തനസജ്ജമാക്കണം.

പൊതുഗതാഗത സൗകര്യമില്ലാത്ത സാഹചര്യത്തിൽ വിദ്യാർഥികളെ പരീക്ഷയ്ക്കെത്തിക്കണമെന്ന നിർദേശം എത്രത്തോളം പ്രാവർത്തികമാകുമെന്ന ആശങ്ക സ്കൂൾ മേധാവികൾക്കുണ്ട്.

നഗരപ്രദേശത്തെ പല വിദ്യാലയങ്ങൾക്കും സ്വന്തം ബസുകളുള്ളതിനാൽ കുട്ടികളെ പരിക്ഷയ്ക്കെത്തിക്കുന്നതിന് പ്രയാസമുണ്ടാകില്ല. വിദ്യാർഥികൾക്ക് ഏറ്റവും അടുത്തുള്ള സ്കൂളിൽ പരീക്ഷയെഴുതാൻ സൗകര്യമൊരുക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ സാമൂഹിക അകലം പാലിച്ച് എല്ലാ പരീക്ഷകളും നടത്തേണ്ടതിനാൽ എസ്.എസ്.എൽ.സി. പരീക്ഷ ഉച്ചയ്ക്കുശേഷമാണ് നടത്തുക.

തിങ്കളാഴ്ച മുതൽ സ്കൂൾ ഓഫീസുകൾ പ്രവർത്തിക്കുമെങ്കിലും വിദ്യാർഥിപ്രവേശനം, ക്ലാസ് കയറ്റപ്പട്ടിക തയ്യാറാക്കൽ തുടങ്ങിയ കാര്യങ്ങൾ നടത്തില്ല. ഇക്കാര്യങ്ങൾക്കായുള്ള നിർദേശം വൈകാതെ നൽകുമെന്നാണ് പറഞ്ഞിട്ടുള്ളത്. ഇപ്പോൾ പരീക്ഷയ്ക്കെത്താനാവാത്ത കുട്ടികൾക്ക് സേ പരീക്ഷയെഴുതുക മാത്രമാണ് പോംവഴിയെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചത്.സ്കൂൾവാഹനങ്ങളിലോ സ്വന്തംവാഹനത്തിലോ എല്ലാ കുട്ടികളും പരീക്ഷയ്‌ക്കെത്തുന്നുവെന്ന്‌ ഉറപ്പാക്കണമെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശം. സ്കൂൾമേധാവികൾക്ക്‌ ആണ് ഇതിന്റെ ഉത്തരവാദിത്വം.

Post a comment

Whatsapp Button works on Mobile Device only