07 May 2020

വിശാഖപട്ടണത്ത് വിഷവാതക ചോര്‍ച്ച; എട്ടുപേർ മരിച്ചു,നിരവധിപ്പേർ ആശുപത്രിയിൽ.
(VISION NEWS 07 May 2020)



ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ വിശാഖപട്ടത്ത് രാസ നിർമാണ ഫാക്ടറിയിൽ ഉണ്ടായ വിഷവാതക ചോർച്ചയെ തുടർന്ന് ഒരു കുട്ടിയുൾപ്പെടെ എട്ടുപേർ മരിച്ചു. ആർ.ആർ വെങ്കിടാപുരത്തെ എൽജി പോളിമെർ ഫാക്ടറിയിൽ വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് വാതക ചോർച്ച ഉണ്ടായത്. ലോക്ക്ഡൗണിനെത്തുടർന്ന് അടച്ചിട്ടിരുന്ന ഫാക്ടറി കഴിഞ്ഞ ദിവസമാണ് തുറന്നത്.

ഫാക്ടറിയുടെ അഞ്ചുകിലോമീറ്റർ പരിധിയിൽ വിഷവാതകം ചോർന്നതായി സൂചനയുണ്ട്. ആളുകൾ വീടിന് പുറത്തിറങ്ങരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. സമീപത്തെ 20 ഗ്രാമങ്ങൾ ഒഴിപ്പിക്കുകയാണ്. നിരവധിപേർ ബോധരഹിതരായി. രാവിലെ ആറു മണിയോടെ ചോർച്ച തടയാനായെന്നാണ് റിപ്പോർട്ട്.

നിരവധി പേർ ബോധം നഷ്ടപ്പെട്ട് വീടുകളിലും തെരുവുകളിലും കിടന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഏകദേശം 200 ആളുകളെ ഇതിനകം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആംബുലൻസുകൾ, ഫയർ എൻജിനുകൾ, പോലീസ് എന്നിവർ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.

സമീപത്തുള്ള വീടുകളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. വീടുകളിൽ നിന്ന് പുറത്തിറങ്ങിയവർക്ക് ശ്വാസതടസവും ഛർദ്ദിയും കണ്ണെരിച്ചിലും അനുഭവപ്പെട്ടു. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സേന ഉടൻ തന്നെ സംഭവസ്ഥലത്ത് എത്തിച്ചേരും.

Post a comment

Whatsapp Button works on Mobile Device only