14 May 2020

ലക്ഷദ്വീപില്‍ കുടുങ്ങിയ എല്ലാ മലയാളികളെയും നാളെ തിരിച്ചെത്തിക്കും
(VISION NEWS 14 May 2020)



ലോക്ക്ഡൌണില്‍ ലക്ഷദ്വീപില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ളവരെ കൊച്ചിയിലെത്തിക്കുന്ന നടപടി പുരോഗമിക്കുന്നു. കുടുങ്ങിയ എല്ലാവരെയും നാളെയോടെ കപ്പല്‍ മാര്‍ഗം തിരിച്ചെത്തിക്കും.

ഗ്രീന്‍ സോണായി തുടരുന്ന ലക്ഷദ്വീപില്‍ ഇളവുകള്‍ ലഭിച്ചതോടെയാണ് ലോക്ക്ഡൌണില്‍ കുടുങ്ങിയ മുഴുവന്‍ ആളുകളെയും തിരിച്ചെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. എംവി അറേബ്യന്‍ സീ എന്ന കപ്പലില്‍ കഴിഞ്ഞ ദിവസം 121 പേരെ കൊച്ചിയിലെത്തിച്ചിരുന്നു. തുടര്‍ന്ന് എം വി കോറല്‍സ് എന്ന കപ്പലില്‍ 47 പേരെ എത്തിച്ചു. രണ്ടാം തവണയും ദ്വീപിലെത്തിയ എം വി അറേബ്യന്‍ സീ എന്ന കപ്പല്‍ ഇന്നും യാത്രക്കാരെ കയറ്റി വൈകിട്ടോടെ പുറപ്പെടും. നാളെ രാവിലെ ഏഴിന് കൊച്ചിയിലെത്തും.

നാളെയും ലക്ഷദ്വീപില്‍ നിന്നും മറ്റൊരു കപ്പല്‍ കൊച്ചിയിലേക്ക് യാത്രതിരിക്കും. ഇതോടെ കുടുങ്ങിയവരെ മുഴുവന്‍ കൊച്ചിയില്‍ എത്തിക്കാനാവുമെന്നാണ് പ്രതീക്ഷ. സാമൂഹിക അകലം പാലിക്കേണ്ടതിനാല്‍ ഓരോ കപ്പലിന്‍റെയും പരമാവധി ശേഷിയുടെ 40 ശതമാനം യാത്രക്കാരെ മാത്രമാണ് കയറ്റുന്നത്. കേരളത്തില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കുന്നതിനായി കൊച്ചിയില്‍ നിന്നും മംഗലാപുരത്ത് നിന്നും ദ്വീപിലേക്കും കപ്പല്‍ സര്‍വ്വീസുകള്‍ പുരോഗമിക്കുന്നുണ്ട്.

Post a comment

Whatsapp Button works on Mobile Device only