26 June 2020

24 മണിക്കൂറിനിടെ 17,296 പുതിയ രോഗികളുമായി പ്രതിദിന വര്‍ധനവിലെ ഏറ്റവും വലിയ നിരക്ക്; ഇന്നലെ മരിച്ചത് 407 പേര്‍; രാജ്യത്ത് 4.90 ലക്ഷം കൊവിഡ് രോഗികള്‍, മരണസംഖ്യ 15,000 കടന്നു
(VISION NEWS 26 June 2020)

​ 
രാജ്യത്തെ കൊവിഡ് വൈറസ് വ്യാപനം ഇന്നും ഒരു മാറ്റവുമില്ലാതെ തുടരുകയാണ്.കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത് ഒരു ദിവസത്തെ ഏറ്റവും വലിയ കണക്കാണ്. 17,296 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട ഏറ്റവും പുതിയ കണക്ക് അനുസരിച്ച് 4,90,401 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ വൈറസ് ബാധിച്ചത്. ഇന്നലെ മാത്രം രാജ്യത്ത് 407 പുതിയ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 15000 പിന്നിട്ടു. മൊത്തം മരണസംഖ്യ 15,301 ആയിട്ടുണ്ട്. ഇതുവരെ രാജ്യത്ത് കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയത് 2,85,636 പേരാണ്, ചികിത്സയിലുള്ളത് 1,89,463 പേരും. നിലവില്‍ കൊവിഡ് ആഗോള പട്ടികയില്‍ നാലാമതാണ് ഇന്ത്യ. രോഗ വ്യാപനത്തിന്റെ പ്രതിദിന തോതില്‍ മൂന്നാമതും. രാജ്യത്ത് കൊവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണം ഓരോ ദിവസവും വര്‍ധിക്കുന്നത് മാത്രമാണ് വൈറസ് വ്യാപനത്തിനിടയില്‍ ഇന്ത്യക്ക് ആശ്വാസം പകരുന്ന ഏക കണക്ക്. പോസിറ്റീവ് കേസുകള്‍ക്ക് തുല്യമായി തന്നെ രോഗമുക്തി നേടുന്നുണ്ട് രോഗമുക്തരുടെ കണക്കും. നിലവില്‍ 58.24 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. അതേസമയം രാജ്യത്ത് ചികിത്സയില്‍ കഴിയുന്ന 8944 രോഗികളുടെ നില ഗുരുതരമായി തുടരുന്നുണ്ടെന്നാണ് സൂചന. ഇത് മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും എന്ന സൂചനയാണ് നല്‍കുന്നത്.

Post a comment

Whatsapp Button works on Mobile Device only