17 June 2020

തദ്ദേശ തിരഞ്ഞെടുപ്പ്; അന്തിമ വോട്ടര്‍ പട്ടികയായി, ആകെ 2.62കോടി വോട്ടര്‍മാര്‍
(VISION NEWS 17 June 2020)



സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു. പട്ടികയില്‍ 2.62കോടി വോട്ടര്‍മാര്‍ ഇടം നേടി. ഇതില്‍ 14.87 ലക്ഷം പുതിയ വോട്ടര്‍മാരാണ്. കരട് വോട്ടര്‍പട്ടികയിലെ 4,34,317 പേരെ ഒഴിവാക്കിയാണ് പുതിയ പട്ടിക പ്രസിദ്ധീകരിച്ചത്. അതേസമയം വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഇനി രണ്ട് അവസരം കൂടി നല്‍കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 

അന്തിമ വോട്ടര്‍ പട്ടികയില്‍ ആകെ 2,62,24,501 വോട്ടര്‍മാരാണ് ഉള്‍പ്പെട്ടിട്ടുള്ളത്. 1,25,40,302 പുരുഷന്‍മാര്‍, 1,36,84,019 സ്ത്രീകള്‍, 180 ട്രാന്‍സജെന്‍ഡര്‍മാര്‍ എന്നിങ്ങനെയാണ് അന്തിമപട്ടികയിലെ വോട്ടര്‍മാര്‍. പുതിയതായി 6,78,147 പുരുഷന്മാര്‍, 8,01,328 സ്ത്രീകള്‍ 66 ട്രാന്‍സജെന്‍ഡര്‍മാര്‍ എന്നിങ്ങനെ 14,79,541 വോട്ടര്‍മാരെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടാണ് അന്തിമവോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചത്. മരണപ്പെട്ടവര്‍, സ്ഥിരതാമസമില്ലാത്തവര്‍ തുടങ്ങിയ 4,34,317 വോട്ടര്‍മാരെ കരട് പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

വോട്ടര്‍പട്ടിക പുതുക്കുന്ന ആവശ്യത്തിലേയ്ക്ക്‌ തദ്ദേശ സ്ഥാപനങ്ങളിലെ നിലവിലുണ്ടായിരുന്ന പട്ടിക കരടായി ജനുവരി 20 ന് പ്രസിദ്ധീകരിച്ചിരുന്നു. കരട് പട്ടികയില്‍ ആകെ 2,51,58,230 വോട്ടര്‍മാരുണ്ടായിരുന്നു. മാര്‍ച്ച് 16 വരെ ലഭിച്ച അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ചാണ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചത്. 


 941 ഗ്രാമപഞ്ചായത്തുകള്‍ 152 ബ്ലോക്ക് പഞ്ചായത്തുകള്‍ 14 ജില്ലാ പഞ്ചായത്തുകള്‍ 86 മുനിസിപ്പാലിറ്റികള്‍ 6 മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലാണ് ഈ വര്‍ഷം പൊതുതിരഞ്ഞെടുപ്പ് നടത്തേണ്ടത്. ഒക്ടോബര്‍ അവസാനമാണ് തിരഞ്ഞെടുപ്പ്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സാമൂഹ്യ അകലം പാലിക്കാന്‍ വോട്ടെടുപ്പ് സമയം നീട്ടും. സംവരണ വാര്‍ഡുകള്‍ ഇക്കുറിയും മാറും. കൊവിഡ് പ്രചരണ രംഗത്തും മാറ്റം വരുത്തും.

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഒക്ടോബര്‍ പകുതിയോടെ നടന്നില്ലെങ്കില്‍ കൊവിഡ് കാലത്തെ ആദ്യ വിപുല തിരഞ്ഞെടുപ്പാകും കേരളത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ളത്. കൊവിഡ് ഭീതി തുടര്‍ന്നാല്‍ വെര്‍ച്വല്‍ ക്യാമ്പെയ്ന്‍ പോലുള്ള പുതിയ പ്രചരണ രീതിക്കാകും ഇനി കേരളം സാക്ഷ്യം വഹിക്കുക.

Post a comment

Whatsapp Button works on Mobile Device only