20 June 2020

കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില; പവന് 35,400 രൂപ
(VISION NEWS 20 June 2020)



സ്വര്‍ണ വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. പവന് 35400 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4425 രൂപയായി. സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡ് തിരുത്തി മുന്നേറുകയാണ്. ഒരുവര്‍ഷത്തിനിടെ രേഖപ്പെടുത്തിയ വര്‍ധനവ് 48 ശതമാനമാണ്.

വെള്ളിയാഴ്ച വൈകീട്ട് 120 രൂപകൂടി റെക്കോഡ് നിലവാരമായ 35,240 രൂപയിലെത്തിയിരുന്നു. ശനിയാഴ്ച വീണ്ടും 160 രൂപയാണ് വര്‍ധിച്ചത്.

ഈ വര്‍ഷംമാത്രം സ്വര്‍ണവിലയില്‍ 6,400 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. 29,000 രൂപയായിരുന്നു ജനുവരി ഒന്നിന് കേരളത്തില്‍ പവന്റെ വില. കൊവിഡ് പ്രതിസന്ധി തുടരുന്നതും രൂപയുടെ മൂല്യം കുറഞ്ഞതുമാണ് വിലവര്‍ധനയ്ക്കു കാരണം.

ദേശീയ വിപണിയില്‍ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 47,450 രൂപയില്‍ തുടരുകയാണ്. രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് വില 1740.03 ഡോളര്‍ നിലവാരത്തിലുമാണ്.

ലോകത്തെ സ്വര്‍ണ ഉപയോഗത്തിന്റെ 28 ശതമാനത്തോളം ഇന്ത്യയിലാണ്. ഇത് സമ്പദ്ഘടനയില്‍ കാര്യമായ പ്രതിഫലനമുണ്ടാക്കും. കൊവിഡിന്റെ വ്യാപനം വിപണിയെ അസ്ഥിരപ്പെടുത്തിയെങ്കിലും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെയാണ് വില കുതിച്ചുയരാന്‍ തുടങ്ങിയത്.

Post a comment

Whatsapp Button works on Mobile Device only