21 June 2020

ഇന്ത്യ-ചൈന സംഘര്‍ഷം; 500 കോടിയുടെ ആയുധങ്ങള്‍ വാങ്ങാന്‍ സൈന്യത്തിന് അനുമതി നൽകി കേന്ദ്രസർക്കാർ
(VISION NEWS 21 June 2020)


അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ണായക തിരുമാനവുമായി കേന്ദ്രസര്‍ക്കാര്‍. സൈന്യത്തിന് 500 കോടിയുടെ ആയുധങ്ങള്‍ വാങ്ങാനുള്ള അനുമതി നല്‍കി. അടിയന്തരമോ അസാധരണമോ ആയ സാഹചര്യങ്ങള്‍ ഉണ്ടായാല്‍ ആയുധങ്ങള്‍ വാങ്ങാനാണ് അനുമതി നല്‍കിയിരിക്കുന്നത്. അതിര്‍ത്തിയില്‍ പ്രകോപനങ്ങള്‍ ഉണ്ടായാല്‍ രാഷ്ട്രീയ തിരുമാനങ്ങള്‍ക്ക് കാത്ത് നില്‍ക്കാതെ നടപടി സ്വീകരിക്കാന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ആയുധങ്ങള്‍ വാങ്ങാന്‍ കര-വ്യോമ-നാവിക സേന മേധാവികള്‍ക്ക് അനുമതി നല്‍കിയിരിക്കുനത്. യുദ്ധസന്നാഹത്തിന് ആവശ്യമായതോ കുറവുള്ളതോ ആയ ആയുധങ്ങള്‍ അടിയന്തര സാഹചര്യം പരിഗണിച്ച്‌ വാങ്ങാമെന്നാണ് സൈന്യത്തോട് വ്യക്തമാക്കിയിരിക്കുന്നത്.

ഉറി തീവ്രവാദ ആക്രമണത്തിനും പാകിസ്ഥാനെതിരായ ബാലകോട്ട് വ്യോമാക്രമണത്തിനും ശേഷം സായുധ സേനയ്ക്ക് സമാനമായ അനുമതി കേന്ദ്രം നല്‍കിയിരുന്നു. ബാലകോട്ട് വ്യോമാക്രമണത്തിന് ശേഷം വ്യോമസേന സ്‌പൈസ് -2000 എയര്‍ ടു എയര്‍ ഗ്രൗണ്ട് മിസൈലുകള്‍, എയര്‍ ടു എയര്‍, എയര്‍ ടു ഗ്രൗണ്ട് മിസൈലുകള്‍ എന്നിവ അധികമായി വാങ്ങിയിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ 75-ാം വാര്‍ഷികത്തില്‍ പങ്കെടുക്കാന്‍ മോസ്കോയിലേക്ക് യാത്ര തിരിക്കുന്നതിനു മുന്നോടിയായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇന്ന് മൂന്ന് സൈനിക മേധാവിമാരുമായും സംയുക്ത സൈനിക മേധാവിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. അതിര്‍ത്തിയില്‍ പ്രകോപനം ഉണ്ടായാല്‍ ഉടന്‍ തിരിച്ചടി നല്‍കാനുള്ള സ്വാതന്ത്ര്യം സൈന്യത്തിന് നല്‍കിയതായി പ്രതിരോധ മന്ത്രി അറിയിച്ചിരുന്നു. കര, വ്യോമാതിര്‍ത്തികള്‍, കടല്‍ പാതകള്‍ എന്നിവിടങ്ങളിലെല്ലാം ചൈനയുടെ നീക്കങ്ങളില്‍ കര്‍ശന ജാഗ്രത പുലര്‍ത്തണമെന്നും രാജ്നാഥ് സിംഗ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സ്ഥിതി രൂക്ഷമായ സാഹചര്യത്തില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്ത്യന്‍ സൈനികര്‍ക്ക് തോക്ക് ഉപയോഗിക്കാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്. അപകടകരമായ രീതിയിലേക്ക് കാര്യങ്ങള്‍ പോകുന്ന സാഹചര്യം ഉണ്ടായാല്‍ തോക്ക് ഉപയോഗിക്കാമെന്നാണ് നിര്‍ദ്ദേശം. ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണ പ്രകാരം നിയന്ത്രണ രേഖയുടെ 2 കിലോമീറ്റര്‍ പരിധിയില്‍ ഇതുവരെ തോക്ക് ഉപയോഗിച്ചിരുന്നില്ല. തിങ്കളാഴ്ച രാത്രിയാണ് ഗാല്‍വാന്‍ താഴ്വരയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ ഏറ്റുമട്ടിയത്. 45 വര്‍ഷത്തിന് ശേഷം ആദ്യമായിട്ടായിരുന്നു ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം നടന്നത്. ഏറ്റുമുട്ടലില്‍ കേണല്‍ ഉള്‍പ്പെടെ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെടുകയും 76 സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Post a comment

Whatsapp Button works on Mobile Device only