24 June 2020

പ്രവാസികൾ കൊവിഡ് പരിശോധന നടത്താൻ പരമാവധി ശ്രമിക്കണം; എല്ലാ രാജ്യത്ത് നിന്ന് വരുന്നർക്കും എൻ95 മാസ്ക് നിർബന്ധമെന്ന് മുഖ്യമന്ത്രി
(VISION NEWS 24 June 2020)


കൊവിഡ് ടെസ്റ്റ് സൗകര്യമുള്ള രാജ്യങ്ങളിൽ നിന്ന് വരുന്നവർ ടെസ്റ്റ് നടത്താൻ പരമാവധി ശ്രമിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരിശോധനാ ഫലം എന്തായാലും യാത്രക്കാർ സർക്കാർ നിർദ്ദേശ പ്രകാരം 14 ദിവസം ക്വാറന്‍റീനില്‍ പ്രവേശിക്കണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. എല്ലാ രാജ്യത്ത് നിന്ന് വരുന്നവരും എൻ95 മാസ്ക്, ഫെയ്സ് ഷീൽഡ്, കൈയ്യുറ എന്നിവ ധരിക്കണം. കൈകൾ അണുവിമുക്തമാക്കാൻ സാനിറ്റൈസർ ഇടയ്ക്കിടക്ക് ഉപയോഗിക്കണം. ഖത്തറിൽ നിന്ന് വരുന്നവർ എഹ്ത്രാസ് ആപ്പിൽ ഗ്രീൻ സ്റ്റാറ്റസുള്ളവരാകണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നാട്ടിലെത്തിയാൽ ടെസ്റ്റിന് വിധേയരാകണം. യുഎഇ എല്ലാ യാത്രക്കാരെയും ആന്‍റിബോഡി ടെസ്റ്റ് നടത്തുന്നുണ്ട്. സൗദിയിൽ നിന്ന് വരുന്നവർ എൻ 95 മാസ്ക്, ഫെയ്സ് ഷീൽഡ്, കൈയ്യുറ എന്നിവ ധരിക്കുന്നതിന് പുറമെ പിപിഇ കിറ്റും ധരിക്കണം.


കുവൈറ്റിൽ നിന്ന് ടെസ്റ്റ് ചെയ്യാതെ വരുന്നവരും പിപിഇ കിറ്റ് ധരിക്കണം. വിമാനത്താവളത്തിൽ എത്തിയാൽ ഇരു രാജ്യങ്ങളിലുള്ളവരും കൊവിഡ് ടെസ്റ്റിന് വിധേയരാകണം. യാത്രക്കാരുടെ പിപിഇ കിറ്റ്, കൈയ്യുറ, മാസ്ക് എന്നിവ വിമാനത്താവളത്തിൽ വച്ച് സുരക്ഷിതമായി നീക്കും. എയർപോർട്ടുകളിൽ ടെസ്റ്റിന് സൗകര്യം ഒരുക്കും. സർക്കാർ നിബന്ധന ലംഘിക്കുന്നവർക്കെതിരെ കേസെടുക്കുമെന്നും, ഇക്കാര്യങ്ങൾ വിദേശ മന്ത്രാലയത്തെയും എംബസികളെയും അറിയിക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

Post a comment

Whatsapp Button works on Mobile Device only