26 June 2020

കോവിഡ് കാലത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ; മിനിമം ചാര്‍ജ് ദൂരം കുറയ്ക്കാനും നിര്‍ദേശം
(VISION NEWS 26 June 2020)



      
തിരുവനന്തപുരം: ഗതാഗത മേഖല കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ കോവിഡ് കാലത്ത് ബസ് ചാർജ് വർധിപ്പിക്കാൻ ശുപാർശ. ഇത് സംബന്ധിച്ച ഇടക്കാല ശുപാർശ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ സർക്കാറിന് കൈമാറി. വിവിധ തലങ്ങളിൽ ചാർജ് വർധിപ്പിക്കാനും മിനിമം ചാർജിൽ സഞ്ചരിക്കാവുന്ന ദൂരം കുറയ്ക്കാനും ശുപാർശയുണ്ട്.

വിവിധ തലങ്ങളിലുള്ള നിരക്ക് വർധനവ് സംബന്ധിച്ച ശുപാർശകൾ റിപ്പോർട്ടിലുണ്ടെന്നാണ് വിവരം. ഓഡിനറി സർവീസുൾക്ക് 30 ശതമാനവും അതിന് മുകളിലുള്ളവയ്ക്ക് 40 ശതമാനവും അതിനും മുകളിലുള്ളതിന് 50 ശതമാനവും വർധിപ്പിക്കണമെന്നാണ് ശുപാർശ. ഒപ്പം മിനിമം ചാർജ് 8 രൂപയായി നിലനിർത്തിക്കൊണ്ട് ആ ചാർജിൽ സഞ്ചരിക്കാവുന്ന ദുരപരിധി കുറയ്ക്കാനുളള ശുപാർശയും റിപ്പോർട്ടിലുണ്ട്. മിനിമം ചാർജിൽ ഇപ്പോൾ സഞ്ചരിക്കാവുന്നത് അഞ്ച് കിലോമീറ്ററാണ്. അത് 2.5 കിലോമീറ്ററായി കുറച്ച് ചാർജ് വർധനവ് കൊണ്ടുവരുക എന്നതാണ് ശുപാർശ.

കോവിഡ് കാലത്ത് ഗതാഗത മേഖല കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ഈ കാലത്തേക്ക് മാത്രമായാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. അന്തിമ റിപ്പോർട്ടിലേക്ക് കമ്മീഷൻ എത്തിയിട്ടില്ല. വ്യാഴാഴ്ച രാത്രിയാണ് ശുപാർശ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ സർക്കാറിന് കൈമാറിയത്. ട്രാസ്പോർട്ട് സെക്രട്ടറിക്കാണ് റിപ്പോർട്ട് കൈമാറിയിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ ഗതാഗത മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും തമ്മിൽ വിഷയത്തിൽ ചർച്ച നടക്കും. ഇതിന് ശേഷം ഗതാഗത വകുപ്പ് ശുപാർശ മുഖ്യമന്ത്രിക്ക് കൈമാറും. 


Post a comment

Whatsapp Button works on Mobile Device only