25 June 2020

മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രി; സംസ്ഥാനത്ത് എപ്പോള്‍ വേണമെങ്കിലും സമൂഹവ്യാപനമുണ്ടാകാം; ആറ് ജില്ലകളില്‍ അതീവ ജാഗ്രത; തിരുവനന്തപുരത്ത് കൂടുതല്‍ ശ്രദ്ധ വേണമെന്നും ശൈലജ ടീച്ചര്‍
(VISION NEWS 25 June 2020)


സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് വ്യാപനത്തില്‍ മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍. സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരമാണെന്നും ആറ് ജില്ലകളില്‍ കടുത്ത നിയന്ത്രണം വേണമെന്നും മന്ത്രി പറഞ്ഞു. എപ്പോള്‍ വേണമെങ്കിലും സമൂഹവ്യാപനം ഉണ്ടാകാവുന്ന സ്ഥിതിയുണ്ടെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തിരുവനന്തപുരം ജില്ലയില്‍ സ്ഥിതി രൂക്ഷമായേക്കാമെന്നും അവിടെ പ്രത്യേക ശ്രദ്ധ വേണമെന്നും മന്ത്രി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഇവിടേക്ക് എത്തുന്നവരുടെ എണ്ണം വളരെ കൂടുതലാണെന്നും മന്ത്രി വ്യക്തമാക്കി. തൃശ്ശൂര്‍, പാലക്കാട്, കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ആണ് തീരുമാനം. ഉറവിടം കണ്ടെത്താന്‍ കഴിയാത്ത രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. തിരുവനന്തപുരം ജില്ലയില്‍ ഇത്തരം കേസുകള്‍ കൂടുതലാണ്. നേരത്തെ തിരുവനന്തപുരത്ത് സ്ഥിതി ഗുരുതരമാണെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടും പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ ജില്ലയില്‍ ആള്‍ക്കൂട്ടങ്ങള്‍ക്കും പൊതു ഇടങ്ങളിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. ഇപ്പോള്‍ ചികിത്സയിലുള്ള മണക്കാട് സ്വദേശിയായ ഓട്ടോ ഡ്രൈവര്‍, വഞ്ചിയൂരില്‍ മരിച്ച രമേശന്‍, നാലാഞ്ചിറയില്‍ മരിച്ച വൈദികന്‍ എന്നിങ്ങനെ നിരവധിപേര്‍ക്കാണ് തലസ്ഥാനത്ത് രോഗം ബാധിച്ചത് എവിടെ നിന്നാണ് എന്ന് കണ്ടെത്താന്‍ കഴിയാത്തത്.

Post a comment

Whatsapp Button works on Mobile Device only