24 June 2020

പ്രവാസികളുടെ മടക്കത്തില്‍ ഇളവുമായി സംസ്ഥാന സര്‍ക്കാര്‍; പരിശോധനാ സംവിധാനമില്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പിപിഇ കിറ്റ് മതിയെന്ന് സംസ്ഥാന സര്‍ക്കാര്‍
(VISION NEWS 24 June 2020)


ചാര്‍ട്ടേഡ് വിമാനങ്ങളിലും വന്ദേ ഭാരത് മിഷന്റെ ഭാഗമായും കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കിയ നടപടിയില്‍ ഇളവുമായി സംസ്ഥാന സര്‍ക്കാര്‍. പരിശോധനാ സംവിധാനമില്ലാത്ത രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കൊവിഡ് രേഖയ്ക്ക് പകരം പിപിഇ കിറ്റുകള്‍ ധരിച്ചാല്‍ മതി. സൗദി അറേബ്യ, ബഹ്‌റൈന്‍, ഒമാന്‍, കുവൈറ്റ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് പിപിഇ കിറ്റ് മതി എന്നാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്. അതേസമയം കിറ്റുകള്‍ നല്‍കേണ്ടത് വിമാനക്കമ്പനികളാണ് എന്നും സര്‍ക്കാര്‍ പറയുന്നു. ഈ വിഷയത്തില്‍ കമ്പനികളുടെ പ്രതികരണം വരേണ്ടതുണ്ട്. പ്രവാസികളുടെ മടക്കത്തിന് കൊവിഡ് രേഖ നാളെ മുതല്‍ നിര്‍ബന്ധമാക്കിയിരുന്നു. ഇതിനെതിരെ പ്രതിപക്ഷത്ത് നിന്നും പ്രവാസ ലോകത്ത് നിന്നും വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉണ്ടായത്. 

കൊവിഡ് പരിശോധന തന്നെ വേണമെന്ന് നിര്‍ബന്ധമാക്കിയിരുന്ന സര്‍ക്കാര്‍ പിന്നീട് ഇത് ട്രൂനാറ്റ് പരിശോധന അല്ലെങ്കില്‍ ആന്റിബോഡി ടെസ്റ്റ് എന്നിവ നടത്തിയാലും മതി എന്ന് ഇളവ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ചില രാജ്യങ്ങളില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന പരിശോധനാ സംവിധാനം ഇല്ലാത്തതാണ് പ്രതിഷേധത്തിന് കാരണമായത്. ഇതോടെയാണ് പ്രവാസികള്‍ക്ക് ആശ്വാസം പകരുന്ന ഇളവ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഒപ്പം തന്നെ പ്രവാസികളുടെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പിന് അനുവദിച്ച് പ്രതിച്ഛായ മോശമാക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്കും സര്‍ക്കാര്‍ എത്തുകയായിരുന്നു.

Post a comment

Whatsapp Button works on Mobile Device only