11 June 2020

ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിക്കില്ല, ഉത്സവം ചടങ്ങ് മാത്രമായി നടത്തും; തന്ത്രിയെ അനുകൂലിച്ച് സര്‍ക്കാര്‍
(VISION NEWS 11 June 2020)

​ 
തന്ത്രിയുടെ നിര്‍ദേശം മാനിച്ച് മാസപൂജയ്ക്ക് ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന തീരുമാനം സര്‍ക്കാര്‍ അംഗീകരിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസുവും തന്ത്രി കണ്ഠരര് മഹേഷ് മോഹനരും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. ഈ വര്‍ഷം ഉത്സവം ചടങ്ങ് മാത്രമായി നടത്തുവാനും തീരുമാനമായി.

തീര്‍ത്ഥാടകരെ അനുവദിക്കരുതെന്നാവശ്യപ്പെട്ട് തന്ത്രി കഴിഞ്ഞ ദിവസം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കിയിരുന്നു. മാസപൂജയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കേണ്ട എന്ന നിലപാടില്‍ തന്ത്രി ഉറച്ചുനിന്നതോടെ ദര്‍ശനം വേണ്ടെന്നുവെയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. വിവിധ വിഭാഗങ്ങളുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയെന്ന് മന്ത്രി പറഞ്ഞു. നട തുറക്കാന്‍ ആദ്യം ആവശ്യപ്പെട്ടത് പ്രതിപക്ഷമാണ്. പിന്നീട് ബിജെപിയും ഈ ആവശ്യം ഉന്നയിച്ചുവെന്നും കടകംപള്ളി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം മഹാമാരിയുടെ സമയത്ത് ഉത്സവം മാറ്റുന്നതില്‍ പ്രശ്‌നമില്ലെന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് പറഞ്ഞു. ദേവസ്വം ബോര്‍ഡുമായോ സര്‍ക്കാരുമായോ ഭിന്നതയില്ല. രോഗവ്യാപനം മാത്രമാണ് ഇപ്പോഴത്തെ നിലപാടിന് കാരണമെന്നും തന്ത്രി വ്യക്തമാക്കി.

Post a comment

Whatsapp Button works on Mobile Device only