26 June 2020

രക്ഷാപ്രവർത്തന മേഖലയിൽ സാന്ത്വനം വളണ്ടിയർമാരുടെ സേവനം മാതൃകാപരം: അഡ്വ. പി ടി എ റഹീം എം എൽ എ
(VISION NEWS 26 June 2020)



കൊടുവള്ളി: കരുണ വറ്റിയ പുതിയ കാലത്ത് സാന്ത്വന പ്രവർത്തനവും സന്നദ്ധ സേവനവും കച്ചവടവൽക്കരണവും രാഷ്ട്രീയ അടിമത്വവുമായി മാറുമ്പോൾ എസ് വൈ എസ് സാന്ത്വനം വളണ്ടിയർമാരുടെ സേവന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും കഴിഞ്ഞ പ്രളയങ്ങളിൽ കവളപ്പാറയിലും പുത്തുമലയിലും കരിഞ്ചോലയിലും സാന്ത്വനം പ്രവര്‍ത്തകരുടെ നിറസാന്നിധ്യം ഏറെ മാതൃകാപരമായിരുന്നുവെന്നും  അഡ്വ. പി ടി എ റഹീം എം എൽ എ പറഞ്ഞു. പ്രകൃതി ദുരന്തങ്ങളിലും പ്രളയങ്ങളിലും പ്രാദേശിക പ്രതിസന്ധികളിലും രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതിനു വേണ്ടി എസ് വൈ എസ് സംസ്ഥാന കമ്മിറ്റിയുടെ മേൽനോട്ടത്തിൽ സോൺ തലങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട എമർജൻസി വൊളിന്റീയര്‍മാര്‍ക്ക് നൽകുന്ന വിദഗ്ധ പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടന പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം. കൊടുവള്ളി സോണിലെ ഓമശ്ശേരി സുനനുൽ ഹുദാ മദ്രസയിൽ ജില്ലാ പ്രസിഡൻ്റ് വള്ളിയാട് മുഹമ്മദലി സഖാഫിയുടെ അധ്യക്ഷതയിൽ എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി മജീദ് കക്കാട് ഉദ്ഘാടനം ചെയ്തു. ആതുരസേവന രംഗത്തും ദുരിതാശ്വാസ മേഖലയിലും അനൽപമായ പങ്ക് വഹിക്കാൻ എസ് വൈ എസ് സാന്ത്വനം വളണ്ടിണ്ടിയർമാർക്ക് സാധിക്കുന്നുണ്ടെന്ന് അദ്ധേഹം പറഞ്ഞു. ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി വി അബ്ദുറഹ്മാൻ മാസ്റ്റർ, എസ് വൈ എസ് സംസ്ഥാന സാന്ത്വനം സമിതി കൺവീനർ കെ എ നാസർ ചെറുവാടി, എസ് വൈ എസ് ജില്ലാ സെക്രട്ടറി അലവി  സഖാഫി കായലം, സലീം അണ്ടോണ, വി പി നാസർ സഖാഫി, ഇബ്റാഹിം അഹ്സനി, കെ ശറഫുദ്ധീൻ തുടങ്ങിയവർ പ്രസംഗിച്ചു. വിദഗ്ധ പരിശീലനത്തിന് സായ് ദുരന്ത നിവാരണ സംഘം മുഖ്യ പരിശീലകൻ സിനീഷ് കുമാർ നേതൃത്വം നൽകി.
ഡോ. അബൂബക്കർ നിസാമി സ്വാഗതവും എൻ വി റഫീഖ് സഖാഫി നന്ദിയും പറഞ്ഞു.

Post a comment

Whatsapp Button works on Mobile Device only