15 June 2020

വിലക്കുറവില്‍ ആംപെയറിന്റെ ഇലക്ട്രിക് സ്കൂട്ടര്‍; ആദ്യഘട്ടത്തില്‍ ബെംഗളൂരുവില്‍ മാത്രം
(VISION NEWS 15 June 2020)



ഇലക്ട്രിക് വാഹനങ്ങള്‍ക്ക് രാജ്യത്ത് ജനപ്രീതി വര്‍ധിച്ചു വരികയാണ്. ദിനംതോറും വര്‍ധിച്ചു വരുന്ന പെട്രോള്‍ വിലയൊക്കെ ആളുകളെ ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നതിലേക്ക് മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നിരവധി ഇലക്ട്രിക് വാഹനങ്ങള്‍ ഇപ്പോള്‍ വിപണിയില്‍ ഇറങ്ങുന്നുണ്ട്. എന്നാല്‍ പല ഇലക്ട്രിക് വാഹനങ്ങളുടെയും വില ഉപയോക്താക്കളെ തൃപ്തിപ്പെടുത്തിയിരുന്നില്ല. ഇപ്പോള്‍ ഉപയോക്താക്കള്‍ക്ക് തൃപ്തികരമായ വിലയില്‍ ഇലക്ട്രിക് സ്കൂട്ടറുകള്‍ പുറത്തിറക്കി രംഗത്തെത്തിയിരിക്കുകയാണ് ആംപെയര്‍. മാഗ്നസ് പ്രോ എന്നാണ് ആംപെയറിന്റെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പേര്.

മാഗ്നസ് പ്രോ എന്ന് പേരിട്ടിരിക്കുന്ന ആംപെയറിന്റെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ എക്സ് ഷോറൂം വില 73,990 രൂപ മാത്രമാണ്. 110 സിസി ഡിസ്‌പ്ലേസ്‌മെന്റുള്ള പെട്രോളില്‍ പ്രവര്‍ത്തിക്കുന്ന സ്കൂട്ടറുകളോട് കിടപിടിക്കുന്ന പെര്‍ഫോമന്‍സ് ആംപെയര്‍ മാഗ്നസ് പ്രോയ്ക്കുണ്ട് എന്നാണ് കമ്പനിയുടെ അവകാശവാദം. ബ്ലൂയിഷ് പേള്‍ വൈറ്റ്, മെറ്റാലിക് റെഡ്, ഗ്രാഫൈറ്റ് ബ്ലാക്ക്, ഗോള്‍ഡന്‍ യെല്ലോ എന്നിങ്ങനെ 4 നിറങ്ങളില്‍ വില്‍പ്പനക്കെത്തിയിരിക്കുന്ന ആംപെയര്‍ മാഗ്നസ് പ്രോ തുടക്കത്തില്‍ ബെംഗളൂരു നഗരത്തിലെ ഉപഭോക്താക്കള്‍ക്ക് മാത്രമേ വാങ്ങാന്‍ സാധിക്കൂ. എന്നാല്‍ അടുത്ത 30 മുതല്‍ 60 ദിവസത്തിനുള്ളില്‍ രാജ്യത്തെ എല്ലാ പ്രമുഖ നഗരങ്ങളിലും മാഗ്നസ് പ്രോയുടെ വില്‍പ്പന ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

Post a comment

Whatsapp Button works on Mobile Device only