21 June 2020

'പാമ്പിനെ ഉത്രയുടെ മുകളിലേക്കെറിഞ്ഞെങ്കിലും കൊത്തിയില്ല, അവസാനം ഇതു ചെയ്തു'..... തെളിവെടുപ്പിനിടെ നിര്‍ണ്ണായക വെളിപ്പെടുത്തല്‍ നടത്തി സൂരജ്
(VISION NEWS 21 June 2020)



അഞ്ചല്‍ ഉത്ര വധക്കേസിലെ മുഖ്യപ്രതി സൂരജിനെ ഉത്രയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഒരാളെ കൊല്ലാന്‍ പാമ്പിനെ ആയുധമാക്കുകയും വില്‍ക്കുകയും ചെയ്തെന്ന കേസിലാണ് വനംവകുപ്പ് ഞായറാഴ്ച തെളിവെടുപ്പ് നടത്തിയത്. ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്നു എന്നതിന്റെ സ്ഥിരീകരണത്തിനായാണ് ഈ നടപടി. ജാറില്‍ കൊണ്ടുവന്ന പാമ്പിനെ കിടക്കയില്‍ ഇട്ടെങ്കിലും ഉത്രയെ കൊത്തിയില്ലെന്നും പിന്നീട് ഉത്രയുടെ ഇടത് കൈ പാമ്പിനെ കൊണ്ടുവന്ന ജാര്‍ കൊണ്ട് പൊക്കിയെന്നും ഈ സമയത്താണ് പാമ്പ് കൊത്തിയതെന്നും സൂരജ് മൊഴി നല്‍കി.

ഞായറാഴ്ച രാവിലെ പത്ത് മണിയോടെ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ബി.ആര്‍. ജയന്റെ നേതൃത്വത്തിലാണ് പ്രതിയുമായി തെളിവെടുപ്പ് ആരംഭിച്ചത്. സൂരജിനെതിരെ ആക്രമണമുണ്ടായേക്കാനുള്ള സാധ്യതയെ തുടര്‍ന്ന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. പ്രതിയെ എത്തിക്കുന്നതിന് മുമ്പ് തന്നെ സായുധരായ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഉത്രയുടെ വീടിന് മുന്നില്‍ നിലയുറപ്പിച്ചു.

സൂരജിനെ ഉത്രയുടെ വീട്ടിലെത്തിച്ചപ്പോള്‍ അസഭ്യവര്‍ഷത്തോടെയാണ് നാട്ടുകാര്‍ സ്വീകരിച്ചത്. പെണ്‍കുട്ടിയെ കൊണ്ടുപോയി കൊന്നുകളഞ്ഞില്ലേടായെന്ന് ആക്രോശിച്ചു. വീട്ടുവളപ്പിലേക്ക് അതിക്രമിച്ച് കയറാനും ശ്രമമുണ്ടായി. എന്നാല്‍ സൂരജുമായി ഉദ്യോഗസ്ഥര്‍ വേഗം വീടിനകത്തേക്ക് കയറി. തുടര്‍ന്ന് ഉത്രയെ കൊലപ്പെടുത്തിയ കിടപ്പുമുറിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. സൂരജ് എല്ലാകാര്യങ്ങളും വനംവകുപ്പ് ഉദ്യോഗസ്ഥരോട് വിശദീകരിച്ചു. 

പാമ്പിനെ തല്ലി കൊന്ന് കുഴിച്ച് മൂടിയ സ്ഥലം, പാമ്പിനെ കൊണ്ട് വന്ന് ഒളിപ്പിച്ച വീട് എന്നിവിടങ്ങളില്‍ പ്രതിയെ എത്തിച്ചു തെളിവെടുപ്പ് നടത്തി. കഴിഞ്ഞദിവസങ്ങളില്‍ സൂരജിന്റെ പറക്കോട്ടെ വീട്ടിലും പാമ്പിനെ കൈമാറിയ ഏനാത്തും വനംവകുപ്പ് തെളിവെടുപ്പ് നടത്തിയിരുന്നു. പാമ്പ് പിടിത്തക്കാരന്‍ സുരേഷ് പാമ്പുകളെ പിടികൂടിയ സ്ഥലത്തും തെളിവെടുപ്പ് നടന്നു.

 അതേസമയം, ഉത്രയെ ആദ്യം കടിപ്പിച്ച് കൊല്ലാനുപയോഗിച്ച അണലിയെ സംബന്ധിച്ചും അന്വേഷണം നടത്തുമെന്ന് വനംവകുപ്പ് അറിയിച്ചു. അണലിയെ ചാക്കിലാക്കി വലിച്ചെറിഞ്ഞുവെന്നാണ് സൂരജിന്റെ മൊഴി. വലിച്ചെറിഞ്ഞ അണലി ചാകാന്‍ സാധ്യത കുറവാണെന്നാണ് വിദഗ്ധര്‍ പറഞ്ഞിട്ടുള്ളത്. സൂരജിനെ വീണ്ടും അടൂര്‍ പറക്കോട്ടുള്ള വീട്ടിലെത്തിച്ച് തെളിവെടുത്ത്, ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് വനംവകുപ്പ് ഉദ്ദേശിക്കുന്നത്.


ഉത്രയുടെ അയല്‍വാസിയായ പൊതുപ്രവര്‍ത്തകന് തോന്നിയ ചില സംശയങ്ങളായിരുന്നു കേസിന്റെ അന്വേഷണം ഭര്‍ത്താവായ സൂരജിലേക്കെത്തിച്ചത്. പാമ്പ് കടിയേറ്റു ചികിത്സയിലായിരുന്നു ഉത്ര വീണ്ടും പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് മെയ് ഏഴിനാണ് മരിച്ചത്. പൊലീസ് നടത്തിയ അന്വേഷത്തില്‍ ഉത്രയെ ഒഴിവാക്കാനും സ്വത്ത് കൈവശപ്പെടുത്തുന്നതിനുമായി സൂരജ് പാമ്പിനെ കൊണ്ട് യുവതിയെ കടിപ്പിച്ച് കൊന്നതാണെന്ന് കണ്ടെത്തിയിരുന്നു.

Post a comment

Whatsapp Button works on Mobile Device only