23 June 2020

പുത്തുമല ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന വീടുകളുടെ ശിലാസ്ഥാപനം ഇന്ന്
(VISION NEWS 23 June 2020)





വയനാട് :വയനാട്ടിലെ പുത്തുമല ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന വീടുകളുടെ ശിലാസ്ഥാപനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. രാവിലെ 11 മണിക്ക് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍റെ അധ്യക്ഷതയിൽ വീഡിയോ കോൺഫറൻസ് വഴിയാണ് ചടങ്ങ് നടക്കുക. രാഹുൽ ഗാന്ധി എം.പി മുഖ്യ പ്രഭാഷണം നിർവഹിക്കും. സർക്കാർ സഹായത്തോടെ സന്നദ്ധസംഘടനകൾ ആയിരിക്കും വീടുകൾ നിർമിച്ചു നൽകുക.

2019 ആഗസ്ത് എട്ടിന് പുത്തുമല ദുരന്തത്തിൽ വീടുകൾ തകർന്ന വർക്കും ഉറ്റവരെ നഷ്ടപ്പെട്ടവർക്കുമായി പുനരധിവാസമൊരുങ്ങുന്നത് 11 മാസങ്ങൾക്ക് ശേഷമാണ്. കോട്ടപ്പടി വില്ലേജിൽ പൂത്തകൊല്ലി എസ്റ്റേറ്റിലെ 7 ഏക്കർ ഭൂമിയിൽ 58 വീടുകൾ നിർമിക്കും. സർക്കാർ നൽകുന്ന നാലുലക്ഷം രൂപയുടെ ധനസഹായത്തോടെ വിവിധ സന്നദ്ധ സംഘടനകളാണ് വീട് നിർമ്മാണം ഏറ്റെടുത്തത്. സ്വകാര്യ മാധ്യമ സ്ഥാപനമാണ് പുനരധിവാസഭൂമി സ്പോൺസർ ചെയ്തത് . ഹെല്‍ത്ത് സെന്‍റര്‍, കമ്മ്യൂണിറ്റി സെന്‍റര്‍‍, കുടിവെളള സൗകര്യം എന്നിവയും ഇവിടെയുണ്ടാകും. ഏറെ അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ കഴിഞ്ഞ ശനിയാഴ്ച തറക്കല്ലിടൽ തീരുമാനിച്ചിരുന്നെങ്കിലും റവന്യൂ മന്ത്രിയെ പങ്കെടുപ്പിക്കാതെ പരിപാടി നടത്തുന്നതിലുള്ള അതൃപ്തി അറിയിച്ച് സി.പി.ഐ രംഗത്തെത്തിയതോടെ അവസാന നിമിഷം പരിപാടി മാറ്റി . റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍റെ അധ്യക്ഷതയിലാണ് ഇന്നത്തെ ശിലാസ്ഥാപന ചടങ്ങ് നടക്കുക. രാഹുൽ ഗാന്ധി എം.പി മുഖ്യപ്രഭാഷണം നിർവഹിക്കും. വയനാട് ജില്ലാ കലക്ടർ ഡോക്ടർ അദീല അബ്ദുള്ള ഐ.എ.സ് പദ്ധതിയുടെ റിപ്പോർട്ട് അവതരിപ്പിക്കും. എം.വി ശ്രേയാംസ് കുമാര്‍ മുഖ്യാതിഥിയായിരിക്കും.
ദുരന്ത ബാധിതരായ 52 കുടുംബങ്ങൾക്ക് 7 സെന്‍റ് വീതം ഭൂമി ഇതിനകം വീതിച്ചു നൽകി. ബാക്കിവരുന്ന കുടുംബങ്ങൾക്കായി സന്നദ്ധ സംഘടനകൾ നിർമ്മിക്കുന്ന വീടുകൾ പണി പൂർത്തിയായി വരുന്നു.

Post a comment

Whatsapp Button works on Mobile Device only