05 July 2020

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ അതീവ ജാഗ്രത; കോഴിക്കോട് കോവിഡ് പ്രോട്ടോക്കോൾ പാലിക്കാത്ത 40 കടകളുടെ ലൈസൻസ് റദ്ദാക്കും
(VISION NEWS 05 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക




കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മൂന്ന് നഗരങ്ങളിൽ കർശന ജാഗ്രത. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ ഉറവിടമറിയാത്ത കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് ജാഗ്രത കർശനമാക്കുന്നത്.

സംസ്ഥാനത്ത് സമ്പർക്കത്തിലൂടെയുള്ള കോവിഡ് 19 രോഗികളുടെ എണ്ണം ഉയരുന്നു. ഇന്നലെ 17 പേർക്ക് സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടു. കഴിഞ്ഞ ദിവസം 27 പേർക്കും സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിരുന്നു.

സമൂഹവ്യാപന ആശങ്കയിൽ തിരുവനന്തപുരത്ത് നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. എആർ ക്യാമ്പിലെ ഒരു പോലീസുകാരന് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ സെക്രട്ടറിയേറ്റും എ.ആർ. ക്യാമ്പും അണുവിമുക്തമാക്കി. സെക്രട്ടറിയേറ്റിൽ സന്ദർശകർക്ക് നിയന്ത്രണമേർപ്പെടുത്തി. പാളയം മാർക്കറ്റ് ഏഴ് ദിവസത്തേക്ക് അടച്ചിട്ടു. നഗരത്തിലെ ആറ് വാർഡുകൾ ഏഴ് ദിവസം കൂടി കണ്ടെയിൻമെന്റ് സോണായി തുടരും. കോവിഡ് പ്രോട്ടോക്കോൾ പാലിക്കാത്ത വ്യാപാര സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകില്ല, ആൾക്കൂട്ടം, അനാവശ്യ യാത്രകൾ തുടങ്ങിയവ നിയന്ത്രിക്കുമെന്ന് ജില്ലാഭരണകൂടം വ്യക്തമാക്കി. തിരുവനന്തപുരത്ത് ഇതുവരെ 258 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

എറണാകുളത്ത് സമൂഹവ്യാപനഭീതി നിലനിൽക്കുകയാണ്. 191 പേർക്കാണ് ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. നിയന്ത്രണങ്ങൾ ലംഘിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ചമ്പക്കര മാർക്കറ്റ് നാളെ അടയ്ക്കും. വിദേശത്ത് നിന്നെത്തിയ എല്ലാവരിലും ആന്റിജൻ ടെസ്റ്റ് നടത്തും. ചെല്ലാനം ഹാർബറിലെ മത്സ്യത്തൊഴിലാളിയുടെ ഭാര്യ കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ചെല്ലാനം ഹാർബർ അടച്ചിട്ടുണ്ട്. ഇവിടെ പരിശോധന വർധിപ്പിക്കും. എറണാകുളം മാർക്കറ്റ് അടച്ചു.

നഗരസഭാ പരിധിയിൽ കൂടുതൽ കോവിഡ് കേസുകൾ സ്ഥിരീകരിക്കുകയും എറണാകുളം മാർക്കറ്റ് അടയ്ക്കുകയും ചെയ്ത സാഹചര്യത്തിൽ സമൂഹ വ്യാപനം മുന്നിൽ കണ്ട്് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന്് കൊച്ചി മേയർ സൗമിനി ജെയിൻ അറിയിച്ചു. ജനങ്ങൾ തിങ്ങിക്കൂടുന്ന പൊതു പരിപാടികളും സമര പരിപാടികളുമുൾപ്പെടെയുള്ളവ കോവിഡിന്റെ വ്യാപനം കണക്കിലെടുത്ത് രണ്ടാഴ്ചത്തേക്കെങ്കിലും മാറ്റിവെക്കണമെന്ന് രാഷ്ട്രീയ, സാമുദായിക, സാംസ്കാരിക സംഘടനകളോട് ആവശ്യപ്പെട്ടു.

കോഴിക്കോട് ജില്ലയിൽ ഉറവിടമറിയാത്ത കോവിഡ് കേസുകളുടെ എണ്ണം മൂന്നായി. ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. വെള്ളയിൽ ആത്മഹത്യ ചെയ്ത സെക്യൂരിറ്റി ജീവനക്കാരനും കല്ലായി സ്വദേശിയായ ഗർഭിണിക്കും കൊളത്തറ സ്വദേശിക്കും രോഗം ബാധിച്ചത് എവിടെനിന്നാണെന്ന് വ്യക്തമായിട്ടില്ല. കോഴിക്കോട് കോവിഡ് പ്രോട്ടോക്കോൾ പാലിക്കാത്ത 40 കടകളുടെ ലൈസൻസ് റദ്ദാക്കും. കൊളത്തറ സ്വദേശിയുടെ പിതാവിന്റെ വ്യാപാര സ്ഥാപനമുള്ള വലിയങ്ങാടിയിൽ പരിശോധന ശക്തിപ്പെടുത്തി. കോഴിക്കോട്ട് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 297 ആയി.
എറണാകുളം ജില്ലയിലെ അഞ്ചു പേർക്കും തിരുവനന്തപുരം ജില്ലയിലെ നാലു പേർക്കും തൃശൂർ ജില്ലയിലെ മൂന്നു പേർക്കും കൊല്ലം, ആലപ്പുഴ ജില്ലകളിലെ രണ്ടു പേർക്ക് വീതവും മലപ്പുറം ജില്ലയിലെ ഒരാൾക്കുമാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
തിരുവനന്തപുരത്ത് ഓൺലൈൻ ഭക്ഷണ വിതരണക്കാരനായ കുന്നത്തുകാൽ, എരവൂർ സ്വദേശിയായ 37 കാരനും സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പാളയം പരിസരത്ത് ഇയാൾ ഭക്ഷണവിതരണം നടത്തിയിരുന്നു. പാളയം മത്സ്യ മാർക്കറ്റിന് പിന്നിലെ ലോഡ്ജിലായിരുന്നു താമസം. ഇതിന് പുറമേ പൂന്തുറ പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന രണ്ട് പേർക്കും കുമരിച്ചന്ത മത്സ്യമാർക്കറ്റിലെ ജീവനക്കാരനുമാണ് ഇന്ന് തിരുവനന്തപുരത്ത് സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടത്.

Post a comment

Whatsapp Button works on Mobile Device only