21 July 2020

‘ചങ്കാണ് പറിച്ചു നൽകുന്നത്; അവന്റെ മരണം ചരമപ്പേജിൽ ഒതുക്കാനാവില്ല’
(VISION NEWS 21 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകകൊച്ചി∙ ‘ഈ ലോകത്ത് ഇല്ലെങ്കിലും ഞാനായിട്ട് ആരെങ്കിലും ജീവിക്കുകയാണെങ്കിൽ ജീവിക്കട്ടെ എന്ന് പലപ്രാവശ്യം പറഞ്ഞിട്ടുണ്ട് അനുജിത്ത്. അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം സാധിക്കുന്നതിനാണ് അവയവങ്ങൾ ദാനം ചെയ്യുന്നത്.’ കിംസ് ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിച്ച് അവയവം നൽകുന്ന അനുജിത്തിന്റെ ഭാര്യ പ്രിൻസി അനുജിത്തിന്റെ വാക്കുകൾ. ഇരുവരും ഒരുമിച്ചാണ് നേരത്തെ മൃതസഞ്ജീവനി പദ്ധതിയിൽ അവയവ ദാനത്തിന് സമ്മതപത്രം ഒപ്പിട്ടു നൽകുന്നത്. ‘ഒപ്പിട്ടു നൽകുമ്പോഴും അദ്ദേഹം അത് പറഞ്ഞു. മരിക്കുന്നതിനു മുമ്പ് ഒരുപാട് പുണ്യപ്രവർത്തികൾ ചെയ്യുമായിരുന്ന അദ്ദേഹത്തിന്റെ ജീവിതം തന്നെയാണ് മാതൃക, രക്തദാനത്തിനും രോഗികളെ സഹായിക്കാനും എപ്പോഴും പോകുമായിരുന്നു. അദ്ദേഹത്തിന്റെ കൂട്ടുകാരും ഇതിനു വേണ്ടി മുന്നിട്ട് പ്രവർത്തിക്കുന്നുണ്ട്. – പ്രിൻസി പറയുന്നു.

ലോക്ഡൗണിനു മുമ്പ് തിരുവനന്തപുരത്ത് ഒരു കോളജ് ബസിന്റെ ഡ്രൈവറായിരുന്നു കൊട്ടാരക്കര എഴുകോൺ സ്വദേശി അനുജിത്ത്. ലോക്ഡൗൺ തുടങ്ങിയ ശേഷം ഒരു സൂപ്പർമാർക്കറ്റിൽ ജോലി ചെയ്യുകയായിരുന്നു. അതിനിടെയാണ് ബൈക്കിൽ യാത്ര ചെയ്യുമ്പോൾ മുന്നിലെത്തിയ ആളെ രക്ഷിക്കാൻ വണ്ടി വെട്ടിക്കുന്നത്. തലയടിച്ച് വീണത് മരണത്തിന് കാരണമായി. കഴിഞ്ഞ 14നായിരുന്നു അപകടം. അബോധാവസ്ഥയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. മസ്തിഷ്ക മരണം സ്ഥിരീകരിച്ചതോടെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

‘ഭർത്താവിന്റെ വിയോഗ വേദനയ്ക്കിടയിലും അവയവങ്ങൾ ദാനം ചെയ്യാനുള്ള തീരുമാനം അനുജിത്തിന്റെ ഭാര്യയുടേതായിരുന്നു. അവന്റെ മരണം ഒരു ചരമ കോളത്തിൽ ഒതുക്കാനാവില്ലായിരുന്നു. ചെയ്യാവുന്നത് പരമാവധി ചെയ്യാനായിരുന്നു ‍ഞങ്ങൾ കൂട്ടുകാരുടെയും തീരുമാനം.’ അനുജിത്ത് അപകടത്തിൽ പെട്ടതു മുതൽ ആശുപത്രിയിൽ കൂടെ നിൽക്കുകയും അവയവ ദാനത്തിന് മുൻകൈ എടുത്ത് പ്രവർത്തിക്കുകയും ചെയ്ത ‘ചങ്ക് സുഹൃത്ത്’ പ്രേംചന്ദ് ‘ഞങ്ങൾ നേരത്തേ തന്നെ കൂട്ടുകാരായിരുന്നു. അടുത്തുള്ള ഒരു ലൈബ്രറിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് കൂടുതൽ അടുപ്പത്തിലായത്. ഇത്തരം കാര്യങ്ങൾക്കെല്ലാം ജീവിച്ചിരിക്കുമ്പോൾ തന്നെ ഏറെ മുൻകൈ എടുത്ത് ഇറങ്ങുന്ന ആളായിരുന്നു അദ്ദേഹം. അതുകൊണ്ടു തന്നെ ഇത്രയുമെങ്കിലും ചെയ്യുക കടമയാണ്.’ – പ്രേംചന്ദ് പറഞ്ഞു.

ഒരു കഡാവറിൽ (അവയവങ്ങൾ എടുക്കുന്ന മൃതദേഹത്തിന്റെ മെഡിക്കൽ ടേമാണ് കഡാവർ എന്നത്) നിന്ന് എടുക്കാവുന്ന ആറ് അവയവങ്ങളും അനുജിത്തിൽ നിന്ന് എടുക്കുന്നുണ്ട്. ഹൃദയം, കരൾ, നേത്ര പടലങ്ങൾ, വൃക്കകൾ, രണ്ടു കൈകൾ എന്നിവയാണിത്. ഇതിൽ ഹൃദയവും കരളും എറണാകുളത്ത് ചികിത്സയിലുള്ളവർക്കാണ് നൽകുന്നത്.
എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സണ്ണി തോമസ് (55)നാണ് അനുജിത്തിന്റെ ഹൃദയം വച്ചു പിടിപ്പിക്കുന്നത്. 2012 മുതൽ ഹൃദ്രോഗിയായ സണ്ണിക്ക് എട്ടു മാസം മുമ്പാണ് രോഗം ഗുരുതരമാകുന്നത്. ഹൃദയം മാറ്റിവയ്ക്കുകയല്ലാതെ മറ്റ് വഴികൾ ഒന്നും ഇല്ലെന്ന് വന്നതോടെ സംസ്ഥാന സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയിൽ റജിസ്റ്റർ ചെയ്യുകയായിരുന്നു. ഇതുവരെയും അനുയോജ്യമായ ഹൃദയം ലഭിച്ചില്ല. ഇന്നാണ് തിരുവനന്തപുരം ലിസി ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിച്ച യുവാവിന്റെ ഹൃദയം ലഭ്യമാണെന്ന് അറിയുന്നത്. ഒ പോസിറ്റീവ് രക്തമാണ് ഇരുവരുടെയും. ഇതോടെ ശസ്ത്രക്രിയയ്ക്ക് ഡോക്ടർ ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിൽ തയാറെടുപ്പു നടത്തുകയായിരുന്നു.

തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വിദഗ്ധരായ ഡോക്ടർമാർ ഉള്ളതിനാൽ ഡോ. ജോസ് ചാക്കോ പെരിയപ്പുറം തിരുവനന്തപുരത്തേയ്ക്ക് പോയില്ല. പകരം ഇവിടെ വേണ്ട തയാറെടുപ്പുകൾ നടത്തി കാത്തിരിക്കുകയായിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ ഹെലികോപ്റ്ററിലും പകുതി ആളുകളെ മാത്രമാണ് ഹൃദയം എത്തിക്കുന്നതിന് നിയോഗിച്ചിരിക്കുന്നതെന്ന് ലിസി ആശുപത്രി പിആർഒ രാജേഷ് പറഞ്ഞു. ഡോക്ടർ ജോസ് ചാക്കോയുടെ നേതൃത്വത്തിൽ ഡോ. ജേക്കബ് ഏബ്രഹാം, റോണി മാത്യു എന്നിവരുടെ സംഘമാണ് ശസ്ത്രക്രിയ നടത്തുന്നത്.

Post a comment

Whatsapp Button works on Mobile Device only