22 ജൂലൈ 2020

കൊടുവള്ളി കെ.എം.ഒ ഇസ്ലാമിക് അക്കാദമി ഒന്നാം സ്ഥാനത്ത്
(VISION NEWS 22 ജൂലൈ 2020)

കൊടുവള്ളി :ദാറുൽ ​ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി സ്ഥാപനങ്ങൾക്കിടയിൽ‌ നടത്തിയ റാങ്കിങ്ങിൽ കൊടുവള്ളി കെ.എം.ഒ ഇസ്ലാമിക് അക്കാദമി എ പ്ലസ് നേടി ഒന്നാമതെത്തി. വർഷങ്ങൾ പഴക്കമുള്ള ദാറുൽ ഹുദാ മെയിൻ സ്ഥാപനത്തോടും കണ്ണാടിപ്പറമ്പ് സഹസ്ഥാപത്തോടുമൊപ്പമാണ് കൊടുവള്ളി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ദാറുൽ ഹുദാ സ്ഥാപനങ്ങളിലെ ഏറ്റവും മികച്ച മാനേജ്മെന്റായി കെ.എം.ഒ മാനേജ്മെന്റിനെ തെരെഞ്ഞെടുത്തുവെന്നതും അഭിമാനകരമായ നേട്ടം തന്നെയാണ്. 
മാനേജ്മെന്റിന്റെയും ഉസ്താദുമാരുടെയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ പ്രവർത്തനങ്ങളാണ് ഈ വലിയ നേട്ടം ലഭ്യമാകാൻ സ്ഥാപനത്തെ സഹായിച്ചത് എന്ന് എടുത്ത് പറയേണ്ടതാണ്. യത്തീംഖാനയിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടി പ്രവർത്തിക്കുന്ന ഹോസ്റ്റലും മൂന്ന് നിലകളായി പ്രവർത്തിക്കുന്ന വെള്ളക്കൊട്ടാരമായ അക്കാദമിക് ബിൾഡിം​ഗും മികച്ച ഭക്ഷണ-താമസ-സാമ്പത്തിക സൗകര്യങ്ങളും മാനേജിം​ഗ്ക കമ്മിറ്റിയെ ഒന്നാം സ്ഥാനത്തിന് അർഹരാക്കി. ഉസ്താദുമാരുടെ മനം നിറഞ്ഞ അദ്ധ്യാപനങ്ങളും സ്നേഹ സമ്പൂർണ്ണ പരിചരണങ്ങളും കൂട്ടായ പ്രവർത്തനങ്ങളും സ്ഥാപനത്തിന് മാറ്റേകി. ഉസ്താദുമാർക്ക് പത്തിൽ പത്തും പന്ത്രണ്ടും മാർക്ക് നൽകി കൂടെ നിന്ന് പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഒന്നാമതെത്താൻ മത്സരിക്കുന്ന സ്നേഹ സമ്പന്നരായ വിദ്യാർത്ഥികൾ സ്ഥാപനത്തിന്റെ ഏറ്റവും വലിയ മുതൽക്കൂട്ടാണ്. സാമ്പത്തിക പരാധീനതയിലും പത്ത് ലക്ഷത്തോളം വില വരുന്ന 21 കമ്പ്യൂട്ടറുകളുള്ള കമ്പ്യൂട്ടർ ലാബും അൻപതിനായിരത്തോളം വിലവരുന്ന സൗണ്ട് സിസ്റ്റവും സ്പോൺസർ ചെയ്യുകയും സ്ഥാപനത്തിന്റെയും ഉസ്താദുമാരുടെയും സന്തോഷ-സന്താപങ്ങളിൽ പങ്കുചേരുകയും ചെയ്യുന്ന രക്ഷിതാക്കളേയും പി.ടി.എ കമ്മിറ്റിയേയും മറക്കാനാവില്ല.
സ്വർണ്ണ ന​ഗരിയായ കൊടുവള്ളിയുടെ പേരിനോടും പെരുമയോടുമൊപ്പം ഇസ്ലാമിക സംസ്കാരത്തിന്റെയും പേരും പെരുമയും ഉയർത്താൻ‌ സ്ഥാപനത്തിന് കഴിയുമെന്നതിന്റെ ഉദാഹരണമായി ഇതിനെ കാണുകയാണ്. 
വിദ്യാർത്ഥി സംഘടനയായ കിസ് വയടെ നേതൃത്വത്തിൽ കാമ്പസിൽ വരുത്തിവെച്ച മുന്നേറ്റങ്ങളും വിദ്യാർത്ഥികളുടെ സർ​ഗശേഷിയിലധിഷ്ഠിതമായ പ്രവർത്തനങ്ങളും സ്ഥാപനത്തിന് എറെ സൽപ്പേര് നൽകിയിട്ടുണ്ട്. 
കൊടുവള്ളിയിലെയും പരിസര പ്രദേശങ്ങളിലെയും വിശ്വാസികളുടെ അത്താണിയായിരുന്ന കൊടുവള്ളി മുസ്ലിം യത്തീംഖാന പുതിയ കാലത്തെ ഇസ്ലാമിക പ്രവർത്തനങ്ങളിലൂടെ കൊടുവള്ളിയുടെ കേന്ദ്രമാവട്ടെ എന്ന് പ്രാർത്ഥിക്കുകയാണ്.( vn) വർഷം മുഴുവനും സാമ്പത്തികവും ശാരീരികവും മാനസികവുമായി സ്ഥാപനത്തോടൊപ്പം നിൽക്കുന്ന മുഴുവൻ ആളുകൾക്കും ഈ മുന്നേറ്റം സമർപ്പിക്കുന്നതായി മാനേജ്മെന്റ് അറീയിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only