18 July 2020

ശൂന്യതയിൽനിന്നു തുടങ്ങിയ അന്വേഷണം, വിവരം കിട്ടിയത്‌ കഞ്ചാവ് കേസ്‌ പ്രതികളിൽനിന്ന്‌
(VISION NEWS 18 July 2020)




താമരശ്ശേരി : പരിശോധിച്ച സി.സി.ടി.വി. ദൃശ്യങ്ങളിലൊന്നിൽപ്പോലും പതിയാത്ത ഓട്ടോറിക്ഷയുടെ രജിസ്‌ട്രേഷൻ നമ്പർ, ടവർ ലൊക്കേഷൻ പരിശോധിക്കപ്പെട്ട ഒരു മൊബൈൽ നമ്പറും തന്റെ പേരിലെടുക്കാത്ത പ്രതി... ശൂന്യതയിൽനിന്നു തുടങ്ങിയ കേസിന്റെ അന്വേഷണം സൂചനകളുടെ നൂലിഴകീറി പരിശോധിച്ചാണ് പ്രത്യേക അന്വേഷണസംഘം പ്രതി മുജീബ് റഹ്മാനെ വലയിലാക്കിയത്.

ഓട്ടോയിൽ വയോധികയെ മർദച്ചവശയാക്കിയശേഷം വായിൽ തുണിതിരുകി കേബിൾ വയർകൊണ്ട് കൈകൾ ബന്ധിച്ച് കാപ്പുമല റബ്ബർ എസ്റ്റേറ്റിന് സമീപത്തെ വിജനമായ കുറ്റിക്കാട്ടിൽ എത്തിച്ചായിരുന്നു പ്രതി പീഡനവും കവർച്ചയും നടത്തിയത്. വയോധികയുടെ സ്വർണമാലയും രണ്ടു കമ്മലും ബലമായി പൊട്ടിച്ചെടുത്ത്‌ അയ്യായിരം രൂപയടങ്ങിയ ബാഗും മൊബൈൽ ഫോണും കവർന്നശേഷം മുങ്ങിയ പ്രതിയെ പഴുതടച്ച അന്വേഷണത്തിനൊടുവിലാണ് പിടികൂടുന്നത്.

റൂറൽ എസ്.പി.യുടെ നിർദേശമനുസരിച്ച് താമരശ്ശേരി ഡിവൈ.എസ്.പി. ടി.കെ. അഷ്‌റഫ് നിയോഗിച്ച പ്രത്യേക അന്വേഷണസംഘം ലഭ്യമായ എല്ലാ സി.സി.ടി.വി. ദൃശ്യങ്ങളും പരിശോധിക്കുകയാണ് ആദ്യം ചെയ്തത്. എന്നാൽ, സി.സി.ടി.വി.യിൽ ഓട്ടോയുടെ നമ്പർ വ്യക്തമായിരുന്നില്ല. പിന്നീട് കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലെ സമാനകേസുകൾ പരിശോധിക്കുകയും എല്ലാ ഓട്ടോഡ്രൈവമാരിൽനിന്നും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. മുത്തേരിയിൽ സംഭവദിവസം കാണപ്പെട്ട, പ്രതി മറ്റൊരാളുടെ പേരിലെടുത്ത ഒരു മൊബൈൽ നമ്പർ കേന്ദ്രീകരിച്ച അന്വേഷണം കഞ്ചാവ് മാഫിയയിലേക്കാണ് ചെന്നെത്തിയത്.

അങ്ങനെയാണ് ജൂലായ് 12-ന് മുക്കം പൂളപ്പൊയിലിൽവെച്ച് പത്തുകിലോ കഞ്ചാവുമായി സൂര്യപ്രഭ, ചന്ദ്രശേഖരൻ എന്നീ സഹോദരങ്ങൾ പിടിയിലായത്. ഇവരിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുജീബ് റഹ്മാനെക്കുറിച്ച് സൂചനലഭിക്കുന്നത്.

നിരവധി കുറ്റവാളികളുടെ ഫോട്ടോകൾക്കിടയിൽനിന്ന് മുജീബിന്റെ ഫോട്ടോ വയോധിക തിരിച്ചറിഞ്ഞു. ഒളിവിൽപ്പോകവെ മൊബൈൽ സിം ഉപേക്ഷിച്ചെങ്കിലും മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ അന്വേഷണസംഘം വലയിലാക്കിയത്

Post a comment

Whatsapp Button works on Mobile Device only