കോഴിക്കോട്: കണ്ടെയ്ൻമെന്റ് സോണുകളുടെ എണ്ണം ഓരോദിവസവും കൂടിവരുന്നതിനാൽ യാത്രക്കാർ കുറഞ്ഞതോടെ കെ.എസ്.ആർ.ടി.സി. സർവീസുകൾ വെട്ടിച്ചുരുക്കി. നേരത്തേ ജില്ലയിൽ 111 കെ.എസ്.ആർ.ടി.സി. ബസുകളാണ് സർവീസ് നടത്തിക്കൊണ്ടിരുന്നത്. ചൊവ്വാഴ്ച മുതൽ അത് 79 ആയി കുറഞ്ഞു.
ഓരോ ദിവസവും സർവീസ് വെട്ടിച്ചുരുക്കേണ്ട അവസ്ഥയാണെന്ന് കെ.എസ്.ആർ.ടി.സി. അധികൃതർ പറഞ്ഞു. തൊട്ടിൽപ്പാലം ഡിപ്പോയിൽ ചൊവ്വാഴ്ച ഒമ്പത് ബസുകളാണ് സർവീസ് നടത്തിയത്. ബുധനാഴ്ച രണ്ടെണ്ണം കൂടെ കുറയ്ക്കാനാണ് തീരുമാനം. വടകര മുനിസിപ്പാലിറ്റി, കൊയിലാണ്ടി ടൗൺ തുടങ്ങിയ സ്ഥലങ്ങൾ കണ്ടെയ്ൻമെന്റ് സോണുകളാക്കിയതാണ് സർവീസുകളെ ബാധിച്ചത്. കണ്ടെയ്ൻമെന്റ് സോണുകളിലൂടെ ബസ്സുകളോടിയാലും അവിടന്ന് യാത്രക്കാരെ കയറ്റാൻ പറ്റില്ല.
കോഴിക്കോട്ടുനിന്ന് കണ്ണൂരിലേക്കുള്ള ബസ്സുകളിൽ കോഴിക്കോട് ഡിപ്പോയിൽനിന്ന് പുറപ്പെടുന്ന യാത്രക്കാർ മാത്രമേയുള്ളൂ. മറ്റിടങ്ങളിൽ നിന്നൊന്നും യാത്രക്കാർ കയറുന്നില്ല. കോഴിക്കോട് ഡിപ്പോയിൽനിന്ന് മറ്റുജില്ലകളിലേക്കാണ് കൂടുതലും സർവീസുകളുള്ളത്. പൊന്നാനി കണ്ടെയ്ൻമെന്റ് സോണായതിനാൽ അവിടേക്ക് സർവീസുകളേയില്ല. പെരിന്തൽമണ്ണയിലേക്കുള്ള റിലേ സർവീസിലേ യാത്രക്കാരുള്ളു. തൊട്ടിൽപ്പാലം ഡിപ്പോയിൽനിന്ന് ഇപ്പോൾ കോഴിക്കോട്ടേക്കും മാനന്തവാടിക്കും താമരശ്ശേരിയിൽ നിന്ന് അടിവാരം കോഴിക്കോട് എന്നിവിടങ്ങളിലേക്കും മാത്രമേ ബസ്സുകളോടുന്നുള്ളു. തപാൽ ഉള്ളത് കൊണ്ട് അമ്പലവയിലേക്ക് മാത്രം ഒരു ബസ് സർവീസ് നടത്തുന്നുണ്ട്.
യാത്രക്കാർ കുറഞ്ഞത് ആറിനു ശേഷം
കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത് തുടങ്ങിയ ജൂലായ് ആറിനുശേഷമാണ് യാത്രക്കാരുടെ എണ്ണം തീരെ കുറഞ്ഞത്. ആറിനാണ് അവസാനമായി കോഴിക്കോട് ഡിപ്പോയ്ക്ക് രണ്ട് ലക്ഷംരൂപ വരുമാനം കിട്ടിയത്. 13 മുതൽ കൂടുതൽ മോശമായി. പിന്നീട് ഓരോ ദിവസങ്ങളിലായി കുറഞ്ഞ് ഇപ്പോൾ 1.28 ലക്ഷത്തിൽ എത്തിനിൽക്കുകയാണ്. സമൂഹവ്യാപനത്തിന്റെ സൂചനകൾ വന്ന് തുടങ്ങിയതോടെ യാത്രക്കാർ പൊതുഗതാഗതത്തെ ആശ്രയിക്കാൻ ഭയക്കുന്നതാണ് കാരണം.
Post a comment