26 July 2020

റെഡ്യായില്ലെങ്കിലും ഒരു കൊയപ്പോല്യ, ഫായിസ് ഇനിയും വീഡിയോ ചെയ്യും
(VISION NEWS 26 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



മലപ്പുറം: ''ഹായ് ഫ്രണ്ട്സ് ഇന്ന് ഞമ്മ ഇണ്ടാക്കാൻ പോവുന്നത് ഒരു പൂവാണ്. ഇങ്ങനത്തെ പൂവ്. അതിന്ള്ള ആവിശ്യം. ഇങ്ങക്ക് മാണെങ്കി പെൻസില്ട്ക്കാം. ഞാൻ പെൻസില് ഇട്ത്തുണ്ട്. കത്രിക, പേപ്പറ്. ഇന്നട്ട് ഇങ്ങനെ മടക്കാ...'' -ഉണ്ടാക്കിയ കടലാസ് പൂവ് പക്ഷെ ശരിയായില്ല. 'ചെലര്ത് റെഡ്യാവും. ചെലര്ത് റെഡ്യാവൂല. ഇൻറത് റെഡ്യായീല, ഇൻറത് വേറെ മോഡലാ വന്നത്. അങ്ങനായാല് ഞമ്മക്കൊരു കൊയപ്പീല്യ''-എന്ന് പറഞ്ഞ് വീഡിയോ അവസാനിപ്പിക്കുന്ന നിഷ്കളങ്കതയെ രണ്ട് ദിവസമായി സമൂഹ മാധ്യമങ്ങൾ വാഴ്ത്തുകയാണ്. ഇവനോളം വലിയൊരു മോട്ടിവേറ്ററെ കണ്ടിട്ടില്ലെന്ന അഭിപ്രായം പങ്കുവെച്ചവർ വരെയുണ്ട്. കൊണ്ടോട്ടി കിഴിശ്ശേരി കുഴിഞ്ഞോളം സ്വദേശിയായ നാലാം ക്ലാസുകാരൻ മുഹമ്മദ് ഫായിസാണ് കഥാനായകൻ. വൻഹിറ്റായ വീഡിയോ ചിത്രീകരിച്ചത് ജൂലൈ 22നാണ്.വീട്ടുകാർ ഉച്ചഭക്ഷണം കഴിക്കാനായി ഫായിസിനെ വിളിച്ചെങ്കിലും വിശപ്പില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. ഉമ്മയുടെ മൊബൈൽ ഫോണെടുത്ത് ആരും കാണാതെ ഒരു ഭാഗത്ത് പോയി പുസ്തകങ്ങൾ അട്ടിവെച്ച് ഉയരമുണ്ടാക്കി. അതിന്മേൽ ഫോൺ വെച്ചാണ് ഫായിസ് വീഡിയോ ചെയ്തത്. പൂവ് ശരിയാവുന്നാണ് വിചാരിച്ചത്. ശരിയായീല. ഉപ്പച്ചിക്ക് അയച്ചുകൊടുത്തു'-വീഡിയോയെ പറ്റി ഫായിസിൻറെ പ്രതികരണം ഇങ്ങനെ. പിതാവ് മുനീർ സഖാഫി ജിദ്ദയിലാണ്. 

ഫായിസ് ആരോടും അടികൂടാത്ത നല്ല കുട്ടിയാണ് എന്ന് വീട്ടിൽ വന്ന പിതൃസഹോദരീ പുത്രി ജസീല പറഞ്ഞപ്പോൾ 'ഇതൊക്കെയാണ് അവൻറെ കുരുത്തക്കേടുകൾ' എന്ന് പറഞ്ഞ് വീഡിയോ അയച്ചുകൊടുത്തു. ഇത് പിന്നീട് ഫാമിലി ഗ്രൂപ്പിലും നാട്ടിലെ ചില ഗ്രൂപ്പുകളിലും പ്രചരിക്കുകയായിരുന്നു. 

ഫേസ്ബുക്കിലെത്തിയതോടെ ആയിരക്കണക്കിന് പേർ ഷെയർ ചെയ്തു. നിരവധിപേരാണ് ഫായിസിനെ വിളിച്ച് അഭിനന്ദിച്ചത്. ചിലർ സമ്മാനവുമായി കാണാൻ വരാമെന്ന് പറഞ്ഞു. 

കൂട്ടുകാരും അധ്യാപകരും വീഡിയോ സ്റ്റാറ്റസാക്കിയതാണ് ഫായിസിൻറെ ഏറ്റവും വലിയ സന്തോഷം. കുഴിമണ്ണ ഇസ്സത്ത് സ്കൂളിലെ വിദ്യാർഥിയാണ് പത്ത് വയസ്സുകാരൻ. ഇനിയും വീഡിയോ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് ഫായിസ് പറഞ്ഞുനിർത്തി.

കടപ്പാട് :മാധ്യമം 

Post a comment

Whatsapp Button works on Mobile Device only