ഈ വര്‍ഷത്തെ രാജ്യാന്തര ചലച്ചിത്രമേളയില്‍ മാറ്റമുണ്ടാകില്ലെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. നിശ്ചയിച്ച പ്രാകാരം തന്നെ മേള നടക്കും. മുന്‍വര്‍ഷങ്ങളിലേത് പോലെ നവംബര്‍ അവസാനവാരം മേള നടത്തുമെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ഈ വര്‍ഷത്തെ ഐഎഫ്എഫ്ഐയുടെ പോസ്റ്റര്‍ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം പുറത്തിറക്കിയിരുന്നുവെങ്കിലും ഇത്തവണത്തെ മേളയെക്കുറിച്ച് മറ്റു വിശദീകരണങ്ങളൊന്നും നല്‍കിയിരുന്നില്ല. എന്നാല്‍ ഇന്ത്യന്‍ പനോരമ, അന്തര്‍ദേശീയ വിഭാഗങ്ങളിലേക്ക് സിനിമകള്‍ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പ് വാര്‍ത്താവിതരണ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്.
ചലച്ചിത്രമേളയുടെ നടത്തിപ്പിനെക്കുറിച്ച് കേന്ദ്ര മന്ത്രാലയവുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് മേളയുടെ സഹ നടത്തിപ്പുകാരായ എന്റര്ടെയ്ന്മെന്റ് സൊസൈറ്റി ഓഫ് ഗോവ അധികൃതര്‍ അറിയിച്ചിരുന്നു. അതേസമയം, രാജ്യത്ത് കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എം,മേള നടത്തുന്നതിൽ അതൃപ്തി അറിയിച്ച് പ്രതിപക്ഷം രംഗത്ത് വന്നിട്ടുണ്ട്. ഐഎഫ്എഫ്ഐ നടത്തുക മാത്രമല്ല സംസ്ഥാനത്തിന്റെ ഉത്തരവാദിത്തം. അതുകൊണ്ട് തന്നെ തീരുമാനത്തില്‍ നിന്നും പിന്‍വാങ്ങണമെന്നും പ്രതിപക്ഷം വാദമുയര്‍ത്തി. നിലവിലെ സാമ്പത്തിക സ്ഥിതി മോശമാണ്. 20 മുതല്‍ 25 കോടി രൂപവരെയാണ് വര്‍ഷം തോറും മേളയ്ക്കായി ചെലവഴിക്കുന്നത്. പുറമേ നിന്നുള്ള സാമ്പത്തിക സഹായമില്ലാതെ മേള നടത്താന്‍ കഴിയില്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
Post a comment