21 August 2020

രോഹിത് ശര്‍മയ്ക്ക് ഖേല്‍ രത്‌ന, ജിന്‍സി ഫിലിപ്പിന് ധ്യാന്‍ചന്ദ് പുരസ്‌കാരം
(VISION NEWS 21 August 2020)





ന്യൂഡൽഹി: ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ രോഹിത് ശർമയടക്കം അഞ്ചു പേർ രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരത്തിന് അർഹരായി. രോഹിത്തിനെ കൂടാതെ വനിതാ ഗുസ്തി താരവും ഏഷ്യൻ ഗെയിംസ് സ്വർണ്ണ മെഡൽ ജേതാവുമായ വിനേഷ് ഫോഗട്ട്, ടേബിൾ ടെന്നീസ് ചാമ്പ്യൻ, മണിക ബത്ര, പാരാലിമ്പിക്സ് സ്വർണ്ണ മെഡൽ ജേതാവ് മാരിയപ്പൻ തങ്കവേലു, ഹോക്കി താരം റാണി രാംപാൽ എന്നിവർക്കാണ് ഖേൽ രത്ന പുരസ്കാരം ലഭിച്ചിരിക്കുന്നത്.  

മുൻ മലയാളി അത്‌ലറ്റ്  ജിൻസി ഫിലിപ്പ് ധ്യാൻചന്ദ് പുരസ്കാരത്തിന് അർഹയായി. 2000-ത്തിലെ സിഡ്നി ഒളിമ്പിക്സിൽ പരംജീത്ത് കൗർ, റോസക്കുട്ടി, കെ.എം ബീനാ മോൾ എന്നിവർക്കൊപ്പം 4 × 400 മീറ്റർ റിലേയിൽ മത്സരിച്ച താരമാണ് ജിൻസി. ഇപ്പോൾ തൃശൂർ സായിയിലെ പരിശീലകയാണ്.

ഇന്ത്യൻ ക്രിക്കറ്റ് താരം ഇഷാന്ത് ശർമ, ഫുട്ബോൾ താരം സന്ദേശ് ജിംഗാൻ, അത്ലറ്റ് ദ്യുതീ ചന്ദ് എന്നിവരടക്കം 27 പേരാണ് അർജുന പുരസ്കാരത്തിന് അർഹരായിരിക്കുന്നത്.

ധർമേന്ദ്ര തിവാരി (അമ്പെയ്ത്ത്), പുരുഷോത്തം റായ് (അത്ലറ്റിക്സ്), ശിവ് സിങ് (ബോക്സിങ്), റൊമേഷ് പതാനിയ (ഹോക്കി), കൃഷൻ കുമാർ ഹൂഡ (കബഡി), നരേഷ് കുമാർ (ടെന്നീസ്), ഓം പർകാഷ് ദഹിയ (ഗുസ്തി), വിജയ് ബാലചന്ദ്ര (പാരാ പവർലിഫ്റ്റിങ്) എന്നിവരാണ് ലൈഫ് ടൈം വിഭാഗത്തിൽ ദ്രോണാചാര്യ പുരസ്കാരത്തിന് അർഹരായിരിക്കുന്നത്.

ഖേൽ രത്ന ബഹുമതി നേടുന്ന നാലാമത്തെ ഇന്ത്യൻ ക്രിക്കറ്റ് താരമാണ് രോഹിത് ശർമ. സച്ചിൻ തെണ്ടുൽക്കർ (1998), എം.എസ് ധോനി (2007), വിരാട് കോലി (2018) എന്നിവരെ ഖേൽ രത്ന പുരസ്കാരം നൽകി രാജ്യം ആദരിച്ചിരുന്നു.

Post a comment

Whatsapp Button works on Mobile Device only