11 August 2020

സ്കൂളുകൾ ഉടൻ തുറക്കില്ല; ഈ വർഷം 'സീറോ അക്കാദമിക് ഇയർ' ആക്കുന്നതും കേന്ദ്രത്തിന്റെ പരി​ഗണനയിൽ
(VISION NEWS 11 August 2020)



സെപ്റ്റംബർ മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാനുള്ള നീക്കത്തിൽ നിന്നും കേന്ദ്രസർക്കാർ പിന്മാറിയേക്കും. കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉടൻ തുറക്കേണ്ടെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. നിലവിലെ സാഹചര്യം അനുകൂലമല്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഇന്നലെ ചേർന്ന യോഗം വിലയിരുത്തി. രോഗവ്യാപനം കുറഞ്ഞാല്‍ ഡിസംബറില്‍ സ്‌കൂളുകള്‍ തുറന്നേക്കും.അതേസമയം, ഓണ്‍ലൈന്‍ വിദ്യാഭ്യാസം എല്ലാവരിലേക്കും എത്തുന്നില്ലെന്നും യോ​ഗം വിലയിരുത്തി, അതിനാൽ ഈ അക്കാദമിക വർഷത്തെ സീറോ അക്കാദമിക് ഇയർ ആയി പരിഗണിക്കുന്നതും കേന്ദ്രത്തിന്റെ ആലോചനയിലുണ്ട്.സെപ്റ്റംബർ മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ കേന്ദ്രം അനുവദിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ദിവസവും അരലക്ഷത്തിലധികം പേർക്ക് രാജ്യത്ത് കൊവിഡ് സ്ഥിരീകരിക്കുന്ന പശ്ചാത്തലത്തിൽ സ്കൂളുകൾ തുറക്കുന്നത് കൂടുതൽ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് കേന്ദ്രത്തിന്റെ നിരീക്ഷണം. 

അതേസമയം രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 223 ലക്ഷത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,601 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 22,68,675 ആയി. 871 കൊവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇതോടെ ഔദ്യോഗിക കണക്കനുസരിച്ച് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 45,257 ആയി. 1.99 ശതമാനമാണ് മരണ നിരക്കെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഇത് വരെ 15,83,489 പേർ കൊവിഡ് മുക്തി നേടിയെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. 69.33 ശതമാനമാണ് രോഗമുക്തി നിരക്ക്.

Post a comment

Whatsapp Button works on Mobile Device only