18 ഓഗസ്റ്റ് 2020

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കും; റെയില്‍വേയിൽ ഇനി ഡ്രോണുകളും
(VISION NEWS 18 ഓഗസ്റ്റ് 2020)


യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനായി കൂടുതല്‍ ഡ്രോണുകള്‍ വാങ്ങാനൊരുങ്ങി റെയില്‍വേ. റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ ആണ് ഇക്കാര്യം അറിയിച്ചത്. റെയില്‍വേ സ്‌റ്റേഷനുകള്‍, ട്രാക്കുകള്‍, യാര്‍ഡുകള്‍, വര്‍ക്ക്‌ഷോപ്പുകളെല്ലാം ഡ്രോണുകളുടെ കണ്ണിലായിരിക്കും. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന് (ആര്‍.പി.എഫ്.) സുരക്ഷാ കാര്യങ്ങളില്‍ പ്രധാന സഹായിയായും ഡ്രോണുകള്‍ പ്രവര്‍ത്തിക്കും.നിരീക്ഷണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാണ് ഡ്രോണുകള്‍. തല്‍സമയ നിരീക്ഷണം, ദൃശ്യങ്ങള്‍ പകര്‍ത്തല്‍ തുടങ്ങിയ വിവിധ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തും.

സുരക്ഷയുടെ ഭാഗമായി ഡ്രോണുകളെ വ്യാപകമായി ഉപയോഗിക്കാന്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (ആര്‍.പി.എഫ്.) തീരുമാനിച്ചതായി റെയില്‍വേ മന്ത്രാലയം അറിയിച്ചു. സൗത്ത് ഈസ്‌റ്റേണ്‍ റെയില്‍വേ, സെന്‍ട്രല്‍ റെയില്‍വേ, സൗത്ത് വെസ്‌റ്റേണ്‍ റെയില്‍വേ, മോഡേണ്‍ കോച്ചിങ് ഫാക്ടറി തുടങ്ങിയവയിലേക്കായി 31.87 ലക്ഷം രൂപ ചെലവില്‍ ഒൻപത് ഡ്രോണുകള്‍ വാങ്ങിയിരുന്നു. ഡ്രോണുകള്‍ നിയന്ത്രിക്കാന്‍ 19 ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി. 97.52 ലക്ഷം രൂപ ചെലവില്‍ 17 ഡ്രോണുകള്‍ കൂടെ ഉടന്‍ റെയില്‍വേ വാങ്ങുമെന്നും റെയില്‍വേ മന്ത്രാലയം അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only