18 August 2020

വിശക്കുന്ന വയറുകൾക്ക് ഭക്ഷണം വിളമ്പുന്ന താമരശ്ശേരിയിലെ ശ്രീഹരി ശ്രീധരേട്ടൻ
(VISION NEWS 18 August 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നുച്ചയ്ക്ക് താമരശ്ശേരിയിലൂടെ നടക്കുമ്പോഴാണ് പോലീസ് സ്റ്റേഷന് സമീപത്തെ ഹോട്ടൽ ശ്രീഹരിയ്ക്ക് മുന്നിലെ ചെറിയ ആൾക്കൂട്ടം എന്റെ ശ്രദ്ധയിൽ പെട്ടത് , ലോക് ഡൗൺ ദിനത്തിൽ അടഞ്ഞുകിടക്കുന്ന താമരശ്ശേരിയുടെ വിശപ്പകറ്റാൻ തന്റെ ഹോട്ടലിന് മുന്നിൽ സൗജന്യ പൊതിച്ചോറു വിതരണം നടത്തുകയാണ് ശ്രീഹരി ശ്രീധരേട്ടനും സഹപ്രവർത്തകരും , അവർക്ക് മുന്നിൽ ഒരു നേരത്തെ അന്നത്തിനായി സാമൂഹിക അകലം പാലിച്ച് ക്ഷമയോടെ കാത്തു നിൽക്കുന്നവർ , ആരെയും നിരാശപ്പെടുത്താതെ എല്ലാവർക്കുമായി ഭക്ഷണം പകുത്തു നൽകുന്ന ആ വലിയ മനുഷ്യനിലെ നന്മ ഒരു നിമിഷം എന്റെ മനസ്സ് കീഴടക്കി ...

ലോക്ഡൗണിലെ എല്ലാ ഞായറാഴ്ചകളിലും ഇവിടെ നിന്ന് ഭക്ഷണം നൽകി വരുന്നുണ്ട് , ചോറും തൊട്ടുകൂട്ടാനുള്ള തൊടുകറികളും ഉപ്പേരിയും പപ്പടവും സാമ്പാറുമെല്ലാമടങ്ങുന്ന പൊതിച്ചോറാണ് നൽകുന്നത് , താമരശ്ശേരി താലൂക്കാശുപത്രിയിലെ രോഗികൾ , കൂട്ടിരുപ്പുകാർ , താമരശ്ശേരി ടൗണിലെ സ്ഥിരം അന്തേവാസികൾ , താമരശ്ശേരിയിൽ ഒറ്റപ്പെട്ടു പോയവർ , താമരശ്ശേരിയുടെ തെരുവോരത്ത് ജീവിതം നയിക്കുന്നവർ , വാഹനത്തൊഴിലാളികൾ തുടങ്ങി ജീവിതത്തിന്റെ നാനാതുറകളിൽപ്പെട്ടവർക്ക് ഒരുനേരത്തെ വിശപ്പടക്കാനുള്ള ഭക്ഷണമൊരുക്കി ശ്രീഹരി ശ്രീധരേട്ടൻ വ്യത്യസ്തനാവുന്നു...

ജീവിതത്തിന് അർത്ഥവും ലക്ഷ്യവും തേടി നാലു പതിറ്റാണ്ടു മുൻപ് താമരശ്ശേരിയിലെത്തി ആദ്യം ഹോട്ടൽ തൊഴിലാളിയായും പിന്നീട് ഹോട്ടൽ ഉടമയുമായി മാറിയ ആളാണ് ശ്രീഹരി ശ്രീധരേട്ടൻ , താമരശ്ശേരിയുടെ നാവുകൾക്ക് സുപരിചിതമായ തനത് രുചി വിളമ്പുന്ന
കേവലം ഒരു ഹോട്ടൽ വ്യവസായി മാത്രമല്ല താനെന്നും , ഭക്ഷണം സാമൂഹ്യ നന്മയ്ക്ക് എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന താമരശ്ശേരിയിലെ സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകൻ കൂടിയാണ് താനെന്നും ശ്രീധരേട്ടൻ എന്നോ തെളിയിച്ചിട്ടുണ്ട് ....

താമരശ്ശേരി താലൂക്കാശുപത്രിയിലെത്തുന്ന രോഗികൾക്കും , കൂട്ടിരിപ്പുകാർക്കും വർഷങ്ങളായി സൗജന്യ കഞ്ഞി വിതരണം ചെയ്തു വരുന്നതിനൊപ്പം , ദിവസവും വൈകുന്നേരം അഞ്ച് മണിക്ക് ശേഷം ഹോട്ടൽ അടയ്ക്കുന്നത് വരെ  ഹോട്ടൽ ശ്രീഹരിയിലെത്തുന്ന ആർക്കും  സൗജന്യമായി ഇവിടുന്ന് കഞ്ഞി നൽകി വരുന്നു , കൂടാതെ ബന്ദ് ഹർത്താൽ തുടങ്ങി ജനജീവിതം സ്തംഭിച്ച ഓരോ സന്ദർഭങ്ങളിലും ഭക്ഷണപ്പൊതികളുമായി അദ്ദേഹം പട്ടിണി കിടക്കുന്നവരെ തേടി താമരശ്ശേരിയിലേക്കിറങ്ങി   ...

സാമൂഹ്യ പ്രതിബദ്ധതയുടെയും മതമൈത്രിയുടെയും സർവ്വോപരി മനുഷ്യ സാഹോദര്യത്തിന്റെയും ശോഭനമായ ചിത്രമാണ് ശ്രീഹരി ശ്രീധരേട്ടൻ വിശക്കുന്ന വയറുകളുടെ പശിയടക്കുന്നതിലൂടെ നമുക്ക് മുന്നിൽ വരച്ചുകാട്ടുന്നത് , ജീവിതം ധന്യമാകുന്നത് നമ്മെ കൊണ്ട് മറ്റുള്ളവർക്ക് എന്തെങ്കിലും ഉപകാരമുണ്ടാകുമ്പോഴാണ് , അറിയുന്നവരും അറിയാത്തവരുമായി നിരവധി പേർക്ക് ഇത്തരത്തിൽ  ഉപകാരം ചെയ്യാൻ കഴിഞ്ഞാൽ ഇതിൽപരം എന്തു പുണ്യമാണ് ലഭിക്കാനുള്ളത് , പ്രത്യേകിച്ച് വിശക്കുന്നവന്റെ വയറു നിറയ്ക്കാൻ ഇറങ്ങിത്തിരിച്ച ഒരാൾക്ക് ...

എസ്.വി.സുമേഷ്
താമരശ്ശേരി

Post a comment

Whatsapp Button works on Mobile Device only