കൊടുവള്ളി: മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയിൽ സർക്കാർ അംഗീകരിച്ച റോഡുകളുടെ പ്രവൃത്തിക്ക് തടസ്സം നിൽക്കുന്ന നഗരസഭ ഭരണസമിതിക്കെതിരേ പ്രക്ഷോഭം ആരംഭിക്കാൻ എൽ.ഡി.എഫ്. നഗരസഭാ കമ്മിറ്റിയോഗം തീരുമാനിച്ചു.
പുനരുദ്ധാരണപദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടു ഘട്ടങ്ങളിലായി രണ്ടരക്കോടി രൂപയുടെ പദ്ധതിയാണ് സർക്കാർ അംഗീകരിച്ചത്.
ടെൻഡർ ഉൾപ്പെടെയുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തീകരിച്ച് ടെൻഡർ ലഭിച്ച ആളുടെ പേര് ഭരണസമിതി യോഗം അംഗീകരിക്കുന്നതിന് വേണ്ടി എൻജിനിയറിങ് വിഭാഗം ഭരണസമിതിക്ക് സമർപ്പിച്ചെങ്കിലും, യോഗ അജണ്ടയിൽ ഉൾപ്പെടുത്തിയില്ല.
26-ന് ഓൺലൈനായി ഈ അജണ്ട വെച്ച് യോഗം ചേർന്നെങ്കിലും റോഡിന്റെ പ്രവൃത്തി ആരംഭിക്കാൻ അനുവാദം നൽകുന്നതിനു പകരം, ഒരു ചർച്ചയും കൂടാതെ അടുത്ത യോഗത്തിലേക്ക് മാറ്റി എന്ന് പറഞ്ഞു യോഗം അവസാനിപ്പിക്കുകയായിരുന്നു.
അടിയന്തിരമായി റോഡ് ഗുണഭോക്താക്കളുടെ യോഗം വിളിച്ചു ചേർക്കണം. റോഡ് പ്രവൃത്തി ആരംഭിക്കുന്നതുവരെ പ്രക്ഷോഭം നടത്താനും പ്രസ്തുത പ്രശ്നം ഉന്നയിച്ചു മുഖ്യമന്ത്രിക്ക് പരാതി നൽകാനും യോഗം തീരുമാനിച്ചു.
യോഗത്തിൽ സി.പി.നാസർകോയ തങ്ങൾ അധ്യക്ഷനായി. കെ. ബാബു, പി.ടി.സി. ഗഫൂർ, കെ.ടി. സുനി, സി.എം. ബഷീർ, മാതോലത്ത് അബ്ദുള്ള എന്നിവർ സംസാരിച്ചു
Post a comment