14 August 2020

വെളിമണ്ണ ജിഎംയുപി സ്കൂളിന് പിടിഎ അവാർഡ്
(VISION NEWS 14 August 2020)



    ഓമശ്ശേരി: 2019-20 അധ്യയന വർഷത്തെ കൊടുവള്ളി ഉപജില്ലയിലെ മികച്ച പി.ടി.എക്കുള്ള അവാർഡ് വെളിമണ്ണ ജിഎംയുപി സ്കൂൾ പി.ടി.എക്ക് ലഭിച്ചു. പി.ടി.എ പ്രസിഡന്റ് ടി.കെ അൻവർ സാദത്തിന്റെയും പ്രഥമാധ്യാപകൻ എൻ അഹമ്മദ് കുട്ടിയുടെയും നേതൃത്വത്തിൽ കഴിഞ്ഞ അധ്യയന വർഷം സ്കൂളിൽ നടത്തിയ വികസന പ്രവർത്തനങ്ങളും അക്കാദമിക മികവുകളുമാണ് അവാർഡിനു പരിഗണിക്കാൻ ഇടയാക്കിയത്. പി.ടി.എ, എം.പി.ടി.എ, എസ്.എം.സി, എസ്.എസ്.ജി, സ്റ്റാഫ് കമ്മിറ്റികളുടെ കൂട്ടായ പ്രവർത്തനങ്ങളിലൂടെയാണ് സ്കൂളിന് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്. പ്രീ പ്രൈമറി ഉൾപ്പെടെ അറുന്നൂറ് വിദ്യാർത്ഥികളാണ് നിലവിൽ  വിദ്യാലയത്തിൽ പഠിക്കുന്നത്.
            ജനകീയ പങ്കാളിത്തത്തോടെ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ ഒരുക്കി ശ്രദ്ധേയമായ വിദ്യാലയമാണ് വെളിമണ്ണ ജിഎംയുപി സ്കൂൾ. വിദ്യാലയത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിൽ ജനപ്രതിനിധികളും പൂർവ്വവിദ്യാർത്ഥികളും പ്രവാസികളും നാട്ടുകാരും സജീവമായ പങ്കാളിത്തം നടത്തിവരുന്നു. കവാടനിർമാണം, ലൈബ്രറി നവീകരണം, ഹൈടെക് ക്ലാസ് മുറികൾ, ഡിജിറ്റൽ ബോർഡ്, ക്ലാസുകളിൽ ഫാൻ, പ്രഭാതഭക്ഷണ പദ്ധതി, ക്ലാസ് മുറികൾ ടൈൽസ് പാകൽ, മുറ്റം കട്ടപതിക്കൽ, വാട്ടർ പ്യൂരിഫിക്കേഷൻ യൂനിറ്റ്, പഠനോപകരണങ്ങൾ, ക്ലാസ് ലൈബ്രറികളുടെ നവീകരണം, ആവശ്യമായ ഫർണിച്ചറുകൾ ഒരുക്കിയത് ഉൾപ്പെടെ ഒട്ടേറെ അടിസ്ഥാന സൗകര്യങ്ങൾ പിടിഎ ഒരുക്കിയത് പൂർവ്വവിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പ്രവാസികളുടെയും അധ്യാപകരുടെയും സഹകരണത്തോടെയാണ്. സ്കൂൾ വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഭൂമി നൽകിയതും പൂർവ്വ വിദ്യാർത്ഥികളാണ്.
           ഉയർന്ന അക്കാദമിക നിലവാരവും മികച്ച ഭൗതിക സൗകര്യങ്ങളും ഒരുക്കുന്നതിന്റെ ഭാഗമായി സർക്കാർ, എം.പിമാർ, എം.എൽ.എ, ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകൾ, പഞ്ചായത്ത് അംഗങ്ങൾ, പൂർവ്വ വിദ്യാർത്ഥികൾ, പ്രവാസികൾ, പ്രവാസി സംഘടനകൾ, രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക സംഘടനകൾ, രക്ഷിതാക്കൾ, നാട്ടുകാർ, അധ്യാപകർ എന്നിവരുടെ സഹകരണത്തോടെ ഒട്ടേറെ വികസ പ്രവർത്തനങ്ങൾ പി.ടി.എ യുടെ നേതൃത്വത്തിൽ നടന്ന് വരുന്നു.
            കഴിഞ്ഞ വർഷം ജില്ലയിലെ പ്രീ സ്കൂൾ ലീഡ് പദവി സ്കൂളിന് ലഭിച്ചതിനെ തുടർന്ന് ജില്ലാ തല ട്വിന്നിങ് പ്രോഗ്രാം ഈ വിദ്യാലയത്തിലാണ് നടന്നത്. സ്കൂളിൽ നടത്തിയ 'ക്രിസ്റ്റൽ അക്കാദമീയം-2020' അക്കാദമിക പ്രവർത്തനങ്ങൾ ഇതിനോടകം ശ്രദ്ധേയമായിട്ടുണ്ട്. പദ്ധതിക്ക് കീഴിൽ നിരവധി ശിൽപശാലകളും ബോധവൽക്കരണ ക്ലാസുകളും പരിശീലന പരിപാടികളും സംഘടിപ്പിച്ചിരുന്നു.
പ്രധാനാധ്യാപകന്റെ നേതൃത്വത്തിൽ സ്കൂളിലെ അധ്യാപകർ സജീവമായ പ്രവർത്തനങ്ങളാണ് കാഴ്ച വെക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ടി.ടി മനോജ് കുമാറും സ്കൂൾ വികസന സമിതി കൺവീനർ യു.പി അബ്ദുൽ ഖാദറും സജീവമാണ്. മുജീബ് കുനിമ്മലാണ് പി.ടി.എ വൈസ് പ്രസിഡന്റ്. എ.കെ ഷരീഫ്, സർതാജ് അഹമ്മദ് എന്നിവർ ഭാരവാഹികളായ എസ്.എം.സിയും എല്ലാ പ്രവർത്തനങ്ങളിലും സഹകരിക്കുന്നു.

Post a comment

Whatsapp Button works on Mobile Device only