29 ഓഗസ്റ്റ് 2020

പുക സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ രജിസ്‌ട്രേഷന്‍ താത്കാലികമായി റദ്ദാക്കാം, ഇന്ധനം നിഷേധിക്കരുത്
(VISION NEWS 29 ഓഗസ്റ്റ് 2020)പുക പരിശോധനാ സർട്ടിഫിക്കറ്റ് (പി.യു.സി.) ഇല്ലാത്ത വാഹനങ്ങളുടെ രജിസ്ട്രേഷൻ താത്കാലികമായി റദ്ദാക്കാമെന്ന് സുപ്രീംകോടതി. അതേസമയം, പുക സർട്ടിഫിക്കറ്റില്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകരുതെന്ന് നിർദേശിക്കാനാവില്ലെന്നും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

പുക സർട്ടിഫിക്കറ്റില്ലാത്ത വാഹനങ്ങളുടെ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്യാനും ഇന്ധനം നൽകാതിരിക്കാനും ദേശീയ ഹരിത ട്രിബ്യൂണലിന്റെ (എൻ.ജി.ടി.) ഭോപാൽ മേഖലാ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇത് പാലിക്കുംവരെ 25 കോടി രൂപ കെട്ടിവെക്കാനും സംസ്ഥാന സർക്കാരിനോട് എൻ.ജി.ടി. ആവശ്യപ്പെട്ടു. ഉത്തരവ് ചോദ്യംചെയ്ത് മധ്യപ്രദേശ് സർക്കാർ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ വിധി.

പുക സർട്ടിഫിക്കറ്റില്ലാത്ത വാഹനങ്ങൾക്കെതിരേ നിയമപരമായ നടപടികൾ സ്വീകരിക്കാം. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സസ്പെൻഡ് ചെയ്യൽ, മൂന്നുമാസംവരെ തടവ്, 10,000 രൂപവരെ പിഴ, മൂന്നുമാസത്തേക്ക് ലൈസൻസ് റദ്ദാക്കൽ, ആറുമാസംവരെ തടവും 10,000 രൂപ പിഴയും എന്നിങ്ങനെയുള്ള ശിക്ഷകളാണ് നിയമത്തിൽ പറയുന്നത്.

അതേസമയം, രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്യുന്നത് താത്കാലികമായിരിക്കണം. പുക സർട്ടിഫിക്കറ്റ് പിന്നീട് നേടിയാൽ രജിസ്ട്രേഷൻ പുനഃസ്ഥാപിക്കാം. അതേസമയം, പുക സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകരുതെന്നോ ഉത്തരവ് പാലിക്കുംവരെ സംസ്ഥാന സർക്കാർ തുക കെട്ടിവെക്കണമെന്നോ എൻ.ജി.ടി.ക്ക് പറയാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only