29 August 2020

തെയ്യത്തും കടവിൽ ബി.പി മൊയ്തീന് സ്മാരകമായി പാർക്ക് യാഥാർത്ഥ്യമാകുന്നു.
(VISION NEWS 29 August 2020)



മുക്കം:ഓരോ മുക്കത്തുകാരന്റെയും മനസ്സിൽ നനുത്ത അഭിമാനവും നൊമ്പരവും ആത്മബോധവുമൊക്കെയായി ഇന്നും ജീവിക്കുന്ന ബി.പി മൊയ്തീന്റെ ജീവൻ പൊലിഞ്ഞ തെയ്യത്തും കടവിൽ അദ്ദേഹത്തിന്റെ സ്മരണയ്ക്കായ് ഒരു പാർക്ക് ഒരുങ്ങുന്നു.

വാർഡ്‌ കൗൺസിലർ ഗഫൂർ മാഷിന്റെ ആശയത്തിന് നഗരസഭ ചെയർമാൻ കുഞ്ഞൻ മാഷും മുന്നിട്ടിറങ്ങിയതോടെ ഈ വർഷത്തെ നഗരസഭയുടെ പദ്ധതിയിൽ ഉൾപ്പെടുത്തി.
അധികം താമസിയാതെ തന്നെ ഈ പാർക്ക് ജനങ്ങൾക്കായി തുറന്ന് കൊടുക്കാനാകുമെന്നും നഗരസഭ സെക്രട്ടറി എൻ.കെ ഹരീഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

മുക്കം നഗരസഭ സെക്രട്ടറി എൻ.കെ.ഹരീഷിൻ്റെ ഫേസ്ബുക്ക് പോസ്റ്റിലെ പൂർണ്ണരൂപം :-

മുക്കത്തിൻ്റെ മൊയ്തീൻ സ്മരണക്ക് തെയ്യത്തും കടവിൽ പാർക്ക് ഒരുങ്ങുന്നു.

'എന്ന് നിൻ്റെമൊയ്തീൻ' സിനിമ കണ്ടതിന് ശേഷമാണ് സത്യത്തിൽ ഇരുവഞ്ഞിപുഴയും തെയ്യത്തും കടവുമൊക്കെ ഒരു ഒരു ഫീലിംഗ് ആയി മനസിൽ കടന്നു കൂടിയത്.പ്രണയത്തെ പോലെ സഹജീവികളുടെ ജീവന് മൊയ്തീൻ നൽകിയ കരുതലിൻ്റെ അലിവു കൂടി ചേരുമ്പോഴാണ് മൊയ്തീൻ കാഞ്ഞനമാരുടെ പ്രണയം അനശ്വര പ്രണയകാവ്യമായി മാറിയത്.

രക്ഷാ പ്രവർത്തനത്തിൻ്റെ അവസാനം തൻ്റെ നേരെ എറിഞ്ഞു കിട്ടിയ കയറിൽ പിടിക്കാതെ മൊയ്തീൻ പറഞ്ഞു വത്രേ പുറകിൽ ഒരു സ്ത്രീ ഒഴുകി വരുന്നുണ്ട് അവർക്ക് എറിഞ്ഞു കൊടുക്കൂ എന്ന്.ഇരുവഞ്ഞിയിലെ ചുഴി ആഴങ്ങളിലേക്ക് വലിച്ചെടുക്കും മുമ്പത്തെ അവസാന വാക്ക്. ഇതു കൊണ്ടു കൂടിയാവണം ജീവിതത്തെക്കാൾ മഹത്തായ ജീവത്യാഗമായി മൊയ്തീൻ്റെ കഥ മാറുന്നത്.

ഓരോ മുക്കത്തുകാരൻ്റെയും മനസിൽ നനുത്ത അഭിമാനമാനവും നൊമ്പരവും ആത്മബോധവുമൊക്കെയായി മൊയ്തീൻ ഇന്നും ജീവിക്കുന്നത്.

പറഞ്ഞു വന്നത് തെയ്യത്തും കടവിനെ കുറിച്ചാണ്. ആ കടവിൽ മുക്കത്തുകാരുടെ  ബി.പി മൊയ്തീന് ഒരു  സ്മരണയായി ആ കടവു നിലനിർത്താനുള്ള അന്നാട്ടു കാരുടെ ശ്രമത്തെ കുറിച്ചാണ്.

തെയ്യത്തും കടവിൽ പാലം വന്നതിനാൽ ഇന്ന് കടത്തില്ല. കൊടിയ വളവിലേക്കുള്ള കുത്തൊഴുക്കിൽ പുഴയോരം ഒലിച്ചു തീരാറായതു മാത്രമല്ല പുഴയോരത്തെ പറമ്പുകൾ ഇടിഞ്ഞു വീണ് പുഴയിലേക്ക് പതിക്കുന്ന അവസ്ഥയിലുമായി. പുഴയോരം പിടിച്ചു നിർത്താൻ കെൽപുള്ള വഞ്ഞി മരങ്ങൾ നട്ടുപിടിപ്പിക്കാനുള്ള ശ്രമങ്ങൾ ഗഫൂർ മാസ്റ്ററുടെയും ഷഫീക് മാടായിയിയുടെയും മുസ്തഫ മാസ്റ്ററുടെയും ഒക്കെ നേതൃത്വത്തിൽ കുറേ നടന്നെങ്കിലും ഒന്നും കാര്യമായി വിജയിച്ചില്ല.

കമറുദ്ധീൻ മാസ്റ്ററുടെ എയർ ഗ്രാഫ്റ്റിംഗ് രീതിയിൽ തൈകളുണ്ടാക്കി നട്ടുപിടിപ്പിച്ചതോടെയാണ് തീരസംരക്ഷണം ഒരു പരിധി വരെ യാഥാർതഥ്യമായത്.

അങ്ങനെ സംരക്ഷിച്ച പുഴയോരത്താണ് മൊയ്തീൻ സ്മരണക്ക് ഒരു സ്മാരകമായി ഒരു ചെറിയ പാർക്ക് രൂപപ്പെടുക്കാനുള്ള ശ്രമം നടക്കുന്നത്. വാർഡ് കൗൺസിലർ ശ്രീ.ഗഫൂർ മാസ്റ്ററുടെ ഈ ഒരാവശ്യം ഏറ്റെടുക്കേണ്ടതാണ് എന്ന് ആവേശത്തോടെ നഗര സഭാ ചെയർമാൻ കുഞ്ഞൻ മാഷും മുന്നിട്ടറങ്ങിയതോടെ ഈ വർഷം തന്നെ നഗരസഭയുടെ പദ്ധതിയിൽ ചെറുതെങ്കിലും ഒരു തുക ഉൾപ്പെടുത്താനായി.

അധികം താമസിയാതെ ബി.പി മൊയ്തീൻ പാർക്ക് പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കും.ഇതൊരു തുടക്കം മാത്രമാണ്.ഇതിനിനി തുടർച്ചകളുണ്ടാകണം.
പാർക്കിനെ മനോഹരമാക്കാൻ ഒരു പുൽത്തകിടി.

കാലങ്ങൾക്ക് സാക്ഷിയായ പുഴയെ അങ്ങനെ നോക്കിയിരിക്കാൻ കുറെ കൂടി നല്ല ഇരിപ്പിടങ്ങൾ. ലൈറ്റിംഗ് സംവിധാനങ്ങൾ , കുട്ടികൾക് ഊഞ്ഞാലുകൾ പൂച്ചെടികൾ അങ്ങനെ ഒക്കെ.
ഒക്കെ ഉണ്ടാവും മൊയ്തീൻ ഒരു വികാരമായി കൊണ്ടു നടക്കുന്ന ഒരു പാട് ആളുകൾ ഉള്ളപ്പോൾ.

മുക്കത്തിൻ്റെ അതിർത്തികൾ ഭേദിച്ച് പ്രണയത്തിൻ്റെയും മനുഷ്യത്വത്തിൻ്റെയും ഒക്കെ പ്രതിരൂപമായി മാറിയ മൊയ്തീൻ ജീവത്യാഗം ചെയ്ത കടവിൽ ഉചിതമായ ഒരു സ്മാരകമായി വരും കാലത്ത് ഇത് മാറുക തന്നെ ചെയ്യും.

ഈ തുടക്കത്തിന് പിന്നിൽ പ്രവർത്തിച്ച  നഗരസഭ ചെയർമാൻ  കുഞ്ഞൻ മാസ്റ്ററേയും  ഗഫൂർ മാസ്റ്ററേയും  അങ്ങനെയുള്ള ഒരു പാട് പേരെയും ഈ സൽപ്രവർത്തിയുടെ പേരിൽ വരും തലമുറകൾ സ്മരിക്കുകയും ചെയ്തേക്കാം.
കാരണം കനിവും പ്രണയവുമുള്ള മനുഷ്യരുടെ എല്ലാം ഉള്ളിൽ ഓരോ മൊയ്തീനുണ്ടല്ലോ.

Post a comment

Whatsapp Button works on Mobile Device only