29 September 2020

ശബരിമല തീര്‍ത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തും; 10 വയസ്സിന് താഴെയും 65 വയസ്സിന് മുകളിലുമുള്ളവര്‍ക്ക് പ്രവേശനമില്ല
(VISION NEWS 29 September 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

ഈ വര്‍ഷത്തെ ശബരിമല തീര്‍ത്ഥാടനത്തിനെത്തുന്ന ഭക്തരുടെ എണ്ണം നിയന്ത്രിക്കും. വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ രജിസ്റ്റര്‍ ചെയ്യുന്ന, പരിമിത എണ്ണം തീര്‍ത്ഥാടകര്‍ക്ക് മാത്രമാകും പ്രവേശനം. ഓരോ തീര്‍ത്ഥാടകനും എത്തിച്ചേരേണ്ട സമയക്രമം നിശ്ചയിച്ചു നല്‍കും. മകര വിളക്കിനോടനുബന്ധിച്ചുള്ള തിരുവാഭരണ ഘോഷയാത്ര പൂര്‍ണ്ണമായും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു നടത്തും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി നടത്തിയ ഉന്നതതല യോഗത്തിലാണ് തീരുമാനം.  

പത്ത് വയസ്സിന് താഴെയും 65 വയസ്സിന് മുകളിലുമുള്ളവര്‍ക്ക് ദര്‍ശനം അനുവദിക്കില്ല. നെയ്യഭിഷേകത്തിനുള്ള നെയ്യ് പമ്പയിലോ സന്നിധാനത്തോ ശേഖരിച്ച് പകരം അഭിഷേകം നടത്തിയ നെയ്യ് ലഭ്യമാക്കാന്‍ പ്രത്യേക ക്രമീകരണം നടത്തുന്നത് പരിശോധിക്കും. ഓരോ സംസ്ഥാനത്ത് നിന്നും ദിനംപ്രതി എത്ര തീര്‍ത്ഥാടകരെ വരെ പ്രവേശിപ്പിക്കാമെന്നതുള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, ദേവസ്വം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരടങ്ങിയ സമിതി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണം.

തിരുമാനം നടപ്പിലാക്കുന്നതിന് ആന്ധ്ര, തെലങ്കാന, കര്‍ണാടകം, തമിഴ്‌നാട്, പോണ്ടിച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിലെ മന്ത്രിമാരുമായി ദേവസ്വം മന്ത്രി തലത്തില്‍ ചര്‍ച്ച നടത്തും. തീര്‍ത്ഥാടനത്തിനെത്തുന്നവര്‍ക്ക് വിവിധ കേന്ദ്രങ്ങളില്‍ ആന്റിജന്‍ പരിശോധന നടത്തും. പമ്പയിലും സന്നിധാനത്തും തീര്‍ത്ഥാടകരെ വിരിവയ്ക്കാനോ തങ്ങാനോ അനുവദിക്കില്ല. നിലയ്ക്കലില്‍ പരിമിതമായ രീതിയില്‍ വിരിവയ്ക്കാനുള്ള സൗകര്യം നല്‍കും

കുടിവെള്ള വിതരണത്തിന് 100 രൂപ അടച്ച് സ്റ്റീല്‍ പാത്രത്തില്‍ വെള്ളം വാങ്ങാം. മടങ്ങി വന്ന് പാത്രം ഏല്‍പ്പിക്കുമ്പോള്‍ തുക തിരികെ നല്‍കും. അന്നദാനം പരിമിതപ്പെടുത്തും. അവശ്യ സാധനങ്ങള്‍ക്ക്  കണ്‍സ്യൂമര്‍ഫെഡ്, സപ്ലൈകോ തുടങ്ങിയവയുടെ സേവനം ലഭ്യമാക്കും.  സാമൂഹ്യഅകലം പാലിക്കുന്ന തരത്തിലാകും കെഎസ്ആര്‍ടിസി സര്‍വീസ്.  പമ്പ, എരുമേലി എന്നിവിടങ്ങളില്‍ സ്‌നാനഘട്ടങ്ങളില്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ സ്പ്രിങ്കഌ ഷവര്‍ സംവിധാനം ഏര്‍പ്പെടുത്തും.  

മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, കെ.കെ. ശൈലജ  എ.കെ. ശശീന്ദ്രന്‍, എം.എം. മണി, എ.കെ. കൃഷ്ണന്‍കുട്ടി, എംഎല്‍എമാരായ പി.സി. ജോര്‍ജ്, രാജു എബ്രഹാം, ഇ.എസ്. ബിജിമോള്‍, ജിനേഷ് കുമാര്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Post a comment

Whatsapp Button works on Mobile Device only