03 September 2020

വാർത്തകൾ ഒറ്റനോട്ടത്തിൽ:പ്രഭാത വാർത്തകൾ 1196 ചിങ്ങം 18 വ്യാഴാഴ്ച (പൂരുരുട്ടാതി നാൾ)
(VISION NEWS 03 September 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
🔳പബ്ജി ഗെയിം അടക്കമുള്ള 118 ചൈനീസ് ആപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ഇന്ത്യ - ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണു നിരോധനം. മൂന്നര കോടിയോളം പബ്ജി കളിക്കാരില്‍ ഒന്നര കോടിയും ഇന്ത്യക്കാരാണ്. ചൈനയുടെ ടിക്ക് ടോക്ക് അടക്കം 59 ആപ്പുകള്‍ നേരത്തെ ഇന്ത്യ നിരോധിച്ചിരുന്നു.

🔳ഫേസ്ബുക്കുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ ഫേസ്ബുക്ക് ഇന്ത്യ മേധാവി അജിത് മോഹന്‍ പാര്‍ലമെന്ററി പാനലിന് മുന്നില്‍ ഹാജരായി.  
കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ അധ്യക്ഷനായ സമിതിയാണ് അദ്ദേഹത്തെ വിളിച്ചുവരുത്തിയത്. പാര്‍ലമെന്ററി സമിതി രണ്ട് മണിക്കൂറോളം ചര്‍ച്ച നടത്തിയെങ്കിലും വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

🔳സ്വര്‍ണം കള്ളക്കടത്തു കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് കസ്റ്റംസ്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കരനെ വീണ്ടും ചോദ്യം ചെയ്യുമെന്നും കസ്റ്റംസ്.

🔳കേരളത്തില്‍ ഇന്നലെ 1,547 പേര്‍ക്കു കോവിഡ് -19. ഏഴു മരണംകൂടി. ഇതോടെ ആകെ മരണം 305 ആയി. 21,923 പേരാണ് ചികിത്സയിലുള്ളത്. ഇന്നലെ രോഗമുക്തരായ 2129 പേരടക്കം 55,782 പേര്‍ ഇതുവരെ കോവിഡ് മുക്തരായി. 1,93,736 പേരാണ് നിരീക്ഷണത്തിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 23,850 സാമ്പിളുകളാണ് പരിശോധിച്ചത്. ആകെ 577 ഹോട്ട് സ്‌പോട്ടുകള്‍.

🔳സമ്പര്‍ക്കത്തിലൂടെ 1419 പേര്‍ക്കു രോഗം ബാധിച്ചു. 156 പേരുടെ ഉറവിടം വ്യക്തമല്ല. 21 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 65 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വന്നതാണ്. 36 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. 

🔳രോഗംബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരം. തിരുവനന്തപുരം 228, കോഴിക്കോട് 204, ആലപ്പുഴ 159, മലപ്പുറം 146, കോട്ടയം 145, കണ്ണൂര്‍ 142, എറണാകുളം 136, തൃശൂര്‍ 121, കാസര്‍ഗോഡ് 88, കൊല്ലം 81, വയനാട് 38, പാലക്കാട് 30, പത്തനംതിട്ട 17, ഇടുക്കി 12.

🔳കോവിഡ് ബാധിച്ചു മരിച്ചവര്‍. കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശി അബൂബേക്കര്‍ (60), തിരുവനന്തപുരം കലയ്‌ക്കോട് സ്വദേശി ഓമനക്കുട്ടന്‍ (63), തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിനി സില്‍വാമ്മ (80), എറണാകുളം പെരുമ്പാവൂര്‍ സ്വദേശിനി നബീസ ബീരാന്‍ (75), എറണാകുളം കോതമംഗലം സ്വദേശി ബേബി ജോര്‍ജ് (60), എറണാകുളം ആലുവ സ്വദേശി സദാനന്ദന്‍ (57), തിരുവനന്തപുരം ശ്രീകാര്യം സ്വദേശി ബാലചന്ദ്രന്‍ നായര്‍ (63).  

🔳പുതിയ 13 ഹോട്ട് സ്‌പോട്ടുകള്‍. കോട്ടയം ജില്ലയിലെ പാമ്പാടി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 14), തൃശൂര്‍ ജില്ലയിലെ കണ്ടാണശേരി (10, 12 (സബ് വാര്‍ഡ്), മടക്കത്തറ (സബ് വാര്‍ഡ് 16), ആലപ്പുഴ ജില്ലയിലെ കൈനകരി (8, 9), പള്ളിപ്പുറം (10, 14), കോഴിക്കോട് ജില്ലയിലെ മരുതോങ്കര (6), കീഴരിയൂര്‍ (സബ് വാര്‍ഡ് 3), വളയം (സബ് വാര്‍ഡ് 9), പാലക്കാട് ജില്ലയിലെ നെല്ലായി (1), എറണാകുളം ജില്ലയിലെ മൂക്കന്നൂര്‍ (1, 11), കീഴ്മാട് (10), തിരുവനന്തപുരം ജില്ലയിലെ ഒറ്റൂര്‍ (7), കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍ (1).

🔳ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കിയ 17 പ്രദേശങ്ങള്‍. കോട്ടയം ജില്ലയിലെ ചെമ്പ് (വാര്‍ഡ് 1, 2), ആതിരമ്പുഴ (21), തൃശൂര്‍ ജില്ലയിലെ പറപ്പൂക്കര (സബ് വാര്‍ഡ് 6), തളിക്കുളം (13), കോഴിക്കോട് ജില്ലയിലെ കൂരാചുണ്ട് (4, 5, 6, 8, 9, 10, 11, 13), കൂടരഞ്ഞി (എല്ലാ വാര്‍ഡുകളും), പാലക്കാട് ജില്ലയിലെ കൊപ്പം (12), പട്ടാമ്പി മുന്‍സിപ്പാലിറ്റി (1, 4, 16, 18, 19), പെരുവെമ്പ (9), കൊല്ലം ജില്ലയിലെ പത്തനാപുരം (1, 2), എറണാകുളം ജില്ലയിലെ ആയവന (സബ് വാര്‍ഡ് 3, 4, 5), പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍ (5, 12, 14 (സബ് വാര്‍ഡ്), 16, 17), തിരുവനന്തപുരം ജില്ലയിലെ ചെറുന്നിയൂര്‍ (7), വെങ്ങാനൂര്‍ (9), ആനാട് (7), കോട്ടയം ജില്ലയിലെ രാമപുരം (7, 8), വൈക്കം (14).


🔳സംസ്ഥാനത്ത് ഇന്നും നാളേയും മഴയ്ക്കു സാധ്യത. ചിലയിടങ്ങളില്‍ ഇടിമിന്നലോടുകൂടി മഴ പെയ്യും.

🔳പത്തനംതിട്ട ചിറ്റാറില്‍ വനം വകുപ്പ് കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ മൃതദേഹം നാളെ വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തും. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലാണു പോസ്റ്റ്‌മോര്‍ട്ടം.

🔳പിഎസ്‌സി നിയമനവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ സാമൂഹ്യ മാധ്യമങ്ങളില്‍ ചെറുക്കണമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. കമന്റുകള്‍ പാര്‍ട്ടി തയ്യാറാക്കി നല്‍കുമെന്നും ഒരു ലോക്കല്‍ കമ്മിറ്റി 300 മുതല്‍ 400 വരെ കമന്റുകള്‍ ഇടണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. പി.എസ്.സി നിയമനം ലഭിക്കാത്തതിന്റെ പേരില്‍ തിരുവനന്തപുരത്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ജയരാജന്റെ ശബ്ദരേഖ വാട്‌സ്ആപ്പില്‍ പ്രചരിക്കുന്നത്.

🔳എഴുപതടി ഉയരുമുള്ള ചെങ്കുത്തായ പാറപ്പുറത്തിരുന്നു മദ്യപിച്ച് അവശനായ യുവാവിനെ താഴെയിറക്കാന്‍ അഗ്‌നിരക്ഷാസേന എത്തേണ്ടിവന്നു. പാലക്കാട് ആലത്തൂരിനടുത്ത മണപ്പാടം മലങ്കാട് പാറപ്പുറത്താണ് സംഭവം. താഴെയിറങ്ങാന്‍ കഴിയാതെ വന്നതോടെ കൂട്ടുകാര്‍ ഫയര്‍ ഫോഴ്‌സിനെ വിളിച്ചു. ഫയര്‍ ഫോഴ്‌സ്‌ എത്തി സ്‌ട്രെച്ചറില്‍ കിടത്തി സാഹസികമായാണ് താഴെയിറക്കിയത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

🔳ദൂരക്കാഴ്ചയുള്ള ദാര്‍ശനികനായിരുന്നു നാരായണ ഗുരുവെന്നും അദ്ദേഹത്തിന്റെ ആശയങ്ങള്‍ ഇന്ത്യയിലുടനീളം അനേകര്‍ക്ക് കരുത്ത് പകരുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ശ്രീ നാരായണ ഗുരു ജയന്തി ദിനത്തില്‍ ട്വിറ്ററില്‍ അദ്ദേഹം കുറിച്ചു.

🔳മികച്ച ചിന്തകരുടെ പ്രോസ്‌പെക്ട് മാഗസിന്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. കോവിഡ് കാലത്തു മികച്ച ചിന്തയും പ്രവര്‍ത്തനവും കാഴ്ചവച്ച 50 പേരില്‍ നിന്നാണ് ലണ്ടന്‍ ആസ്ഥാനമായുള്ള മാഗസിന്‍ ജേതാവിനെ തെരഞ്ഞെടുത്തത്. ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്താ അര്‍ഡേനെ പിന്തള്ളിയാണ് ശൈലജ ഒന്നാം സ്ഥാനത്തെത്തിയത്.🔳കലണ്ടറും ഡയറിയും അച്ചടിപ്പിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍. കോവിഡ് 19 പശ്ചാത്തലത്തിലുള്ള സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് മന്ത്രാലയങ്ങളോടും വകുപ്പുകളോടുമാണ് ഈ നിര്‍ദേശം. കലണ്ടറുകള്‍ ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചാല്‍ മതിയെന്നാണു നിര്‍ദേശം.

🔳ഈ മാസം ഏഴു മുതല്‍ മെട്രോ സേവനങ്ങള്‍ തുടങ്ങാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഒന്നിലധികം ലൈനുകളുള്ള വലിയ മെട്രോ സേവനങ്ങള്‍ ഓരോ ലൈനുകളായി ഘട്ടംഘട്ടമായി മാത്രമേ സേവനം തുടങ്ങാവൂ. സെപ്റ്റംബര്‍ 12 ആകുമ്പോഴേക്ക് എല്ലാ ലൈനുകളും പ്രവര്‍ത്തനസജ്ജമാക്കാം. 12 -ാം തീയതിയോടെ മാത്രമേ കൂടുതല്‍ സീറ്റുകളിലേക്കു ടിക്കറ്റുകള്‍ നല്‍കാവൂവെന്നും നിര്‍ദേശം.

🔳പരീക്ഷാ നടത്തിപ്പിന്  ആരോഗ്യ മന്ത്രാലയം മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും മാസ്‌കും സാനിറ്റൈസറും ലഭ്യമാക്കണം. രോഗലക്ഷണങ്ങളില്ലാത്തവരെ മാത്രമേ പരീക്ഷാ ഹാളില്‍ പ്രവേശിപ്പിക്കൂ. ആറടി ശാരീരികാകലം പാലിച്ചാകണം സീറ്റുകള്‍ ക്രമീകരിക്കേണ്ടത്.

🔳ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് മരിച്ച ഫാര്‍മസിസ്റ്റിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കി. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മരിച്ച രാജേഷ് കുമാര്‍ ഭരദ്വാജിന്റെ വീട്ടിലെത്തിയാണ് ചെക്ക് കൈമാറിയത്.

🔳മധ്യപ്രദേശില്‍ ശിവസേന മുന്‍ അധ്യക്ഷന്‍ രമേശ് സാഹു (70)വിനെ അക്രമികള്‍ വെടിവച്ചു കൊന്നു. വീട് കൊള്ളയടിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഭാര്യ ഗീത സാഹു (65), മകള്‍ ജയ സാഹു (42) എന്നിവര്‍ക്ക് പരിക്കേറ്റു.

🔳രാജ്യം സാമ്പത്തിക തകര്‍ച്ചയിലാണെന്ന 2013ലെ മോദിയുടെ ട്വീറ്റ് പങ്കുവച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. 'സമ്പദ്ഘടന തകര്‍ച്ചയിലാണ്, യുവജനങ്ങള്‍ക്ക് ജോലി വേണം. തരംതാണ രാഷ്ട്രീയക്കളി നിര്‍ത്തി സാമ്പത്തിക നില മെച്ചപ്പെടുത്തൂ.' എന്ന മോദിയുടെ പഴയ വാക്കുകള്‍ തന്നെയാണ് ഇപ്പോള്‍ തനിക്കു പറയാനുള്ളതെന്നു ചിദംബരം.

🔳തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നൂറു കണക്കിന് ഫെയ്സ്ബുക്ക്, വാട്സ്‌ആപ്പ് അക്കൗണ്ടുകള്‍ നിരോധിച്ചെന്ന് ആരോപിച്ച് ഫെയ്സ്ബുക്കിന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ കത്ത്. ഉടന്‍ നടപടി സ്വീകരിക്കണമെന്നും ഫെയ്സ്ബുക്കിനെഴുതിയ കത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെരക് ഒബ്രയാന്‍ ആവശ്യപ്പെട്ടു.

🔳ലോകത്ത് കോവിഡ് ബാധിച്ച് 6,242 പേര്‍കൂടി മരിച്ചു. 2,83,054 പേര്‍കൂടി രോഗികളായി. ഇതുവരെ മരിച്ചവരുടെ എണ്ണം 8,66,540 ആയി. 2.61 കോടി ജനങ്ങള്‍ രോഗബാധിതരായി. ഇന്നലെ ബ്രസീലില്‍ 1,218 പേരും അമേരിക്കയില്‍ 1,059 പേരും മെക്‌സിക്കോയില്‍ 827 പേരും മരിച്ചു.

🔳ആഗോളതലത്തില്‍ കമ്പനിയെ നിയമക്കുരുക്കിലാക്കുന്ന എന്ത് ഉള്ളടക്കവും നീക്കം ചെയ്യുകയോ നിയന്ത്രിക്കുകയോ ചെയ്യുമെന്ന് ഫേസ്ബുക്ക്. കമ്പനിയുടെ സേവന വ്യവസ്ഥകള്‍ പരിഷ്‌കരിച്ചു. ഒക്ടോബര്‍ ഒന്ന് മുതല്‍ ഇത് നിലവില്‍ വരും.

🔳കോവിഡ് 19 ബാധിച്ച് ചൈനയില്‍ മരിച്ചത് പതിനായിരക്കണക്കിന് ആളുകളാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മറ്റേത് രാജ്യത്തെക്കാളും കൂടുതല്‍ മരണം ചൈനയിലുണ്ടായി. എന്നാല്‍ അവര്‍ അത് മറച്ചുവച്ചു എന്ന് ട്രംപ് ആരോപിച്ചു.

🔳ഐസിസിയുടെ പുതിയ ട്വന്റി-20 റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി പാക് ക്യാപ്റ്റന്‍ ബാബര്‍ അസം. പാക്കിസ്ഥാന്‍ - ഇംഗ്ലണ്ട് പരമ്പര അവസാനിച്ചതിനു പിന്നാലെയാണ് റാങ്കിംഗ് പുറത്തുവന്നത്. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കെ.എല്‍ രാഹുല്‍ 824 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. ഇന്ത്യയുടെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി പട്ടികയില്‍ പത്താം സ്ഥാനത്താണ്.

🔳അര്‍ജന്റീനക്കാരനായ ഫകുണ്ടോ എബെല്‍ പെരേര കേരള ബ്ലാസ്റ്റേഴ്‌സില്‍. സീസണില്‍ ടീമിലെത്തുന്ന ആദ്യ വിദേശതാരമാണ് ഈ മുപ്പത്തിരണ്ടുകാരന്‍. അറ്റാക്കിംഗ് മിഡ്ഫീല്‍ഡറാണ്.

🔳ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി-20യില്‍ പാക്കിസ്ഥാന് അഞ്ചു വിക്കറ്റ് ജയം. 191 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. ഇതോടെ പരമ്പര സമനിലയില്‍. മൂന്നു മല്‍സരങ്ങളില്‍ ഒന്ന് മഴ മുടക്കിയിരുന്നു.

🔳യുഎസ് ഓപ്പണില്‍ ഇന്ത്യയുടെ സുമീത് നഗാല്‍ രണ്ടാം റൗണ്ടില്‍. അമേരിക്കയുടെ ബ്രാഡ്‌ലി ക്ലാനെയാണു തോല്‍പിച്ചത്. രണ്ടാം റൗണ്ടില്‍ ഡോമിനിക് തീമാണ് സുമീത് നഗാലിന്റെ എതിരാളി. ഏഴു വര്‍ഷത്തിനു ശേഷം ആദ്യമായാണ് ഇന്ത്യക്കാരന്‍ യുഎസ് ഓപ്പണില്‍ ഒന്നാം റൗണ്ടില്‍ ജേതാവാകുന്നത്.

🔳പിഎസ്ജിയുടെ ബ്രസീലിയന്‍ താരം നെയ്മറിനു കോവിഡ്. അദ്ദേഹം തന്നെയാണു വിവരം പുറത്തുവിട്ടത്.

🔳യുവേഫ നാഷന്‍സ് ലീഗ് മല്‍സരങ്ങള്‍ ഇന്നു മുതല്‍. രാത്രി ഒമ്പതരയ്ക്ക് ലാത്വിയ - അന്‍ഡോറ ടീമുകള്‍ തമ്മിലാണ് ഉദ്ഘാടന മല്‍സരം. പന്ത്രണ്ടരയ്ക്ക് ജര്‍മനി - സ്‌പെയിന്‍ പോരാട്ടം.

🔳സാമ്പത്തിക രംഗത്ത് നടപ്പു വര്‍ഷം വന്‍ തിരിച്ചടിയുണ്ടാകുമെന്ന് എസ്ബിഐ റിപ്പോര്‍ട്ട്. പ്രതീക്ഷിച്ചതിന്റെ ഇരട്ടിയോളം ഇടിവ് ഉണ്ടാവുമെന്നാണ് മുന്നറിയിപ്പ്. നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യത്ത് ആകെ വളര്‍ച്ചയില്‍ പത്ത് ശതമാനത്തിലധികം ഇടിവുണ്ടാകുമെന്നാണ് എസ്ബിഐയുടെ റിപ്പോര്‍ട്ട്. നെഗറ്റീവ് വളര്‍ച്ച അടുത്ത മൂന്ന് പാദത്തിലും തുടരുമെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ആദ്യപാദത്തില്‍ കണ്ടതുപോലെ അടുത്ത പാദങ്ങളിലും വളര്‍ച്ചാനിരക്ക് കുത്തനെ ഇടിയും.

🔳രാജ്യത്തെ വളര്‍ച്ചാ നിരക്കിന് റെക്കോര്‍ഡ് ഇടിവ് നേരിട്ടതിന് പിന്നാലെ ഓഗസ്റ്റ് മാസത്തെ ജിഎസ്ടി വരുമാനത്തിലും കുറവ്. ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവ് നല്‍കിയെങ്കിലും ജൂലൈ മാസത്തേക്കാള്‍ കുറഞ്ഞ ജിഎസ്ടി വരുമാനമാണ് ഓഗസ്റ്റില്‍ ലഭിച്ചത്. ഓഗസ്റ്റില്‍ ജിഎസ്ടി വരുമാനം 86,449 കോടി രൂപയാണ് കേന്ദ്രത്തിന് ലഭിച്ചത്. ജൂലൈ മാസത്തില്‍ 87,422 കോടിയായിരുന്നു വരുമാനം. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 98,202 കോടിയായിരുന്നു വരുമാനം.

🔳സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി 'ഒറ്റയാന്‍' ഷോര്‍ട്ട് ഫിലിം. നമുക്കിടയില്‍ നടക്കുന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ഒറ്റയാന്‍ ഒരുക്കിയിരിക്കുന്നത്. മനുഷ്യത്വത്തെ കുറിച്ചുള്ള ശക്തമായ സന്ദേശമാണ് ഷോര്‍ട്ട് ഫിലിം നല്‍കുന്നത്. പോള്‍ വര്‍ഗീസ് തിരക്കഥ ഒരുക്കി, സംവിധാനവും നിര്‍മ്മാണം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. മികച്ച തിരക്കഥയും, അമ്മയും - മകനും തമ്മിലുള്ള വികാരങ്ങളും ചിത്രത്തെ വ്യത്യസ്തമാക്കുന്നു.

🔳ലാലും മകന്‍ ജീന്‍ പോള്‍ ലാലും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ കൗതുകമുണര്‍ത്തിയിരുന്ന പ്രോജക്ട് ആണ് 'സുനാമി'. ചിത്രത്തിന്റെ പ്രൊമോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ബന്ധുക്കളൊരുമിച്ച് നടത്തുന്ന ഒരു ദീര്‍ഘദൂര യാത്രയ്ക്കിടെ പാടുന്ന ഗാനമായാണ് പ്രൊമോ സോംഗ് പ്രത്യക്ഷപ്പെടുന്നത്. ഇന്നസെന്റ്, നേഹ എസ്.നായര്‍, യക്‌സന്‍ ഗാരി പെരേര എന്നിവര്‍ ചേര്‍ന്നാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ലാലിന്റേതാണ് വരികള്‍. ഇന്നസെന്റ്, ലാല്‍, മുകേഷ്, സുരേഷ് കൃഷ്ണ, അജു വര്‍ഗീസ്, ബാലു, ഉണ്ണി കാര്‍ത്തികേയന്‍, നേഹ എസ്.നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.

🔳രാജ്യത്തെ പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ടിവിഎസ് മോട്ടോഴ്‌സിന്റെ 125 സിസി സ്‌കൂട്ടര്‍ ശ്രേണിയിലേക്കുള്ള ആദ്യത്തെ ചുവടുവയ്പായിരുന്നു എന്‍ടോര്‍ഖ്.  മൂന്ന് വേരിയന്റുകളിലായി എത്തുന്ന സ്‌കൂട്ടറിന്റെ ഡ്രം ബ്രേക്ക് പതിപ്പിന് ഇനി മുതല്‍ 68,385 രൂപയാണ് എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടത്. അതേസമയം ഡിസ്‌ക് ബ്രേക്ക് മോഡലിന് 72,385 രൂപയും ഉയര്‍ന്ന റേസ് എഡിഷന്‍ വേരിയന്റിന് 74,865 രൂപയുമാണ് ഇനി എക്‌സ്‌ഷോറൂം വിലയായി നല്‍കേണ്ടത്.  

Post a comment

Whatsapp Button works on Mobile Device only