03 September 2020

ഇളവുകള്‍ വന്നപ്പോള്‍ തിരക്കും കൂടി; കേരളത്തിന് അടുത്ത 14 ദിവസം നിര്‍ണായകമെന്ന് മുഖ്യമന്ത്രി
(VISION NEWS 03 September 2020)



സംസ്ഥാനത്ത് ഇളവുകള്‍ അനുവദിച്ചപ്പോള്‍ ഒപ്പം തന്നെ തിരക്കും കൂടിയെന്ന് മുഖ്യമന്ത്രി. കൊവിഡിനൊപ്പം ജീവിതം കൊണ്ടുപോവുക എന്ന അടിസ്ഥാനത്തിലാണ് ഇളവ് നല്‍കുന്നതെന്നും വ്യക്തിപരമായ ജാഗ്രത വര്‍ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോക്ക്ഡൗണ്‍ നാലം ഘട്ട ഇളവുകളാണ് കേന്ദ്രം പ്രഖ്യാപിച്ചത്. അടിച്ചിട്ട് എല്ലാ കാലത്തും പോകാനാവില്ല. സംസ്ഥാനവും ഇളവ് നല്‍കുന്നുണ്ട്. ഔപചാരിക നിയന്ത്രണം ഒഴിവാകുമ്പോള്‍ ഒരു നിയന്ത്രണവും വേണ്ടെന്നല്ല അര്‍ത്ഥം എന്ന് ജനം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. ഓരോരുത്തരുടെയും വ്യക്തിപരമായ ചുമതലയായി കൊവിഡ് പ്രതിരോധം മാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

വയോജനങ്ങളെ ഉയര്‍ന്ന കരുതലോടെ പരിപാലിക്കണം. വയോജനങ്ങളുമായി കുറച്ചധികം സമ്പര്‍ക്കം ഉണ്ടായ കാലമാണ് ഇതെന്നും ഓണ ദിവസങ്ങളുമായി ബന്ധപ്പെട്ട് അടുത്ത 14 ദിവസം ശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണം. ഓണം ക്ലസ്റ്റര്‍ എന്ന നിലയില്‍ വിപുലീകരിക്കാനുള്ള സാധ്യതയുണ്ട്. ആരോഗ്യ സംവിധാനങ്ങളും വ്യക്തികളും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വയോജനങ്ങളില്‍ രോഗവ്യാപനം കൂടിയാല്‍ മരണനിരക്ക് വര്‍ധിക്കും. പ്രതീക്ഷിച്ചതിലുമേറെ വ്യാപന തോത് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായില്ല. അടുത്ത 14 ദിവസം നാം വലിയ ജാഗ്രത പാലിക്കണമെന്നും സംസ്ഥാനത്തിന് അടുത്ത 14 ദിവസം നിര്‍ണായകമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.ഒരു വാക്‌സിന്‍ കൊവിഡിനെ പ്രതിരോധിക്കാനായി എത്തുന്നത് വരെ ജാഗ്രത ഒരു സോഷ്യല്‍ വാക്‌സിനായി കാണണമെന്നും ബ്രേക് ദി ചെയിന്‍ പോലെയുള്ള സോഷ്യല്‍ വാക്‌സിനാണ് ഫലവത്തായി നടപ്പാക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Post a comment

Whatsapp Button works on Mobile Device only