02 സെപ്റ്റംബർ 2020

പ്രഭാത വാർത്തകൾ 2020 സെപ്റ്റംബർ 2-1196 ചിങ്ങം17 ബുധനാഴ്ച (ചതയം നാൾ)
(VISION NEWS 02 സെപ്റ്റംബർ 2020)
🔳വെഞ്ഞാറമൂട് രണ്ട്‌ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടിക്കൊന്ന കേസില്‍ ഒരു സ്ത്രീ അടക്കം ഏഴു പേര്‍ അറസ്റ്റിലായി. പ്രതികളായ സനലിനെയും ഷജിത്തിനെയും സ്വന്തം വീട്ടില്‍ ഒളിച്ചു താമസിപ്പിച്ചതിനാണ് മതപുരം സ്വദേശി പ്രീജയെ അറസ്റ്റു ചെയ്തത്. അന്‍സാര്‍, സജീവ്, ഉണ്ണി എന്നിവരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചതിന് അജിത്, ഷജിത്, സതി, നജീബ് എന്നിവരേയും അറസ്റ്റു ചെയ്തു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനിടെ ഉണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്ന് പോലീസ്.

🔳പത്തനംതിട്ടയിലെ ചിറ്റാറില്‍ വനംവകുപ്പുകാര്‍ കസ്റ്റഡിയിലെടുത്ത് കിണറില്‍ വീണു മരിച്ച മത്തായിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ സിബിഐ നടപടികള്‍ തുടങ്ങി. തിരുവനന്തപുരം സിജെഎം കോടതിയില്‍ എഫ്‌ഐആര്‍ നല്‍കി. മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. മൂന്ന് ഫോറന്‍സിക് ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘമാണ് പോസ്റ്റുമോര്‍ട്ടം നടത്തുക.🔳ബാങ്ക് വായ്പകള്‍ക്കുള്ള മൊറോട്ടോറിയം രണ്ടു വര്‍ഷംവരെ നീട്ടാമെന്ന് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ ഇളവുകള്‍ നല്‍കാന്‍ ബാങ്കുകള്‍ക്ക് അധികാരം ഉണ്ടെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. കേസില്‍ സുപ്രീം കോടതി ഇന്നു വിശദമായി വാദം കേള്‍ക്കും.

🔳അതിര്‍ത്തിയില്‍ സംഘര്‍ഷവുമായി ചൈന. ചൈനപ്പട്ടാളത്തിന്റെ കടന്നുകയറ്റ ശ്രമം ഇന്ത്യന്‍ സേന പരാജയപ്പെടുത്തിയെങ്കിലും ലഡാക്കില്‍ കൂടുതല്‍ സേനയെ ചൈന വിന്യസിപ്പിച്ചു. ഇന്ത്യയും കൂടുതല്‍ സേനയെ എത്തിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, വിദേശമന്ത്രി എസ്. ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത് എന്നിവര്‍ യോഗം ചേര്‍ന്നു.

🔳കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കുമെന്ന് റെയില്‍വേ മന്ത്രാലയം. പുതുതായി എത്ര സര്‍വീസുകള്‍ നടത്തുമെന്നു വ്യക്തമാക്കിയിട്ടില്ലെങ്കിലും നൂറിലധികം ട്രെയിനുകള്‍ ഓടിക്കുമെന്നാണ് സൂചന.

🔳കേരളത്തില്‍ ഇന്നലെ 1,140 പേര്‍ക്ക് കോവിഡ്-19. നാലു മരണംകൂടി. ആകെ മരണം 298 ആയി. 22,512 പേരാണ് ചികിത്സയിലുള്ളത്. 1,96,582 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇന്നലെ രോഗമുക്തരായ 2111 പേരടക്കം 53,653 പേര്‍ ഇതുവരെ കോവിഡ് മുക്തരായി. നിലവില്‍ 580 ഹോട്ട് സ്‌പോട്ടുകള്‍.

🔳ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 1059 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 158 പേരുടെ ഉറവിടം വ്യക്തമല്ല. 14 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 36 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 20 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.

🔳ഇന്നലെ രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരം. തിരുവനന്തപുരം 227, മലപ്പുറം 191, എറണാകുളം 161, കോഴിക്കോട് 155, തൃശൂര്‍ 133, കണ്ണൂര്‍ 77, കോട്ടയം 62, പാലക്കാട് 42, ആലപ്പുഴ 32, കൊല്ലം 25, കാസര്‍ഗോഡ് 15, പത്തനംതിട്ട 12, വയനാട് 8.

🔳ഇന്നലെ കോവിഡ് മരണം സ്ഥിരീകരിച്ചവരുടെ വിവരം. എറണാകുളം രാജഗിരി സ്വദേശി എന്‍.വി. ഫ്രാന്‍സിസ് (76), കാസര്‍ഗോഡ് അരായി സ്വദേശി ജീവക്യന്‍ (64), കാസര്‍ഗോഡ് രാവണേശ്വരം സ്വദേശി കെ. രമേശന്‍ (45), തിരുവനന്തപുരം എല്ലുവിള സ്വദേശി സോമന്‍ (67).  

🔳പുതിയ 11 ഹോട്ട് സ്‌പോട്ടുകള്‍. ഇടുക്കി ജില്ലയിലെ കരിമണ്ണൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 6, 11), വെള്ളിയാമറ്റം (സബ് വാര്‍ഡ് 1, 2, 3, 15), എറണാകുളം ജില്ലയിലെ കൂവപ്പടി (സബ് വാര്‍ഡ് 13), കീരമ്പാറ (സബ് വാര്‍ഡ് 13), കൊല്ലം ജില്ലയിലെ പവിത്രേശ്വരം (4), തലവൂര്‍ (18), പാലക്കാട് ജില്ലയിലെ മലമ്പുഴ (3), കോട്ടോപ്പാടം (21), പത്തനംതിട്ട ജില്ലയിലെ റാന്നി-പഴവങ്ങാടി (8), മെഴുവേലി (1, 9), വള്ളിക്കോട് (15).

🔳ഹോട്ട് സ്‌പോട്ടില്‍നിന്നു 12 പ്രദേശങ്ങളെ ഒഴിവാക്കി. ആലപ്പുഴ ജില്ലയിലെ കൈനകരി (വാര്‍ഡ് 10), ആറാട്ടുപുഴ (11), എറണാകുളം ജില്ലയിലെ മുടക്കുഴ (സബ് വാര്‍ഡ് 2), കുഴുപ്പിള്ളി (സബ് വാര്‍ഡ് 3), കൊല്ലം ജില്ലയിലെ കുളക്കട (3, 19), പാലക്കാട് ജില്ലയിലെ നാഗലശേരി (2, 4, 6), വണ്ടാഴി (6), കണ്ണൂര്‍ ജില്ലയിലെ കടമ്പൂര്‍ (6 (സബ് വാര്‍ഡ്), 4, 5, 11), കുഞ്ഞിമംഗലം (13), ഉദയഗിരി (3), പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂര്‍ (5), നെടുമ്പ്രം (സബ് വാര്‍ഡ് 9).

🔳ശ്രീനാരായണ ഗുരുവിന്റെ 166-ാം ജയന്തി ജന്മഗൃഹമായ ചെമ്പഴന്തി വയൽവാരം വീട്ടിൽ ഇന്നു ലളിതമായ ചടങ്ങുകളോടെ ആഘോഷിക്കും. രാവിലെ 10 ന് ഓൺലൈൻ ലൈവിൽ ചടങ്ങ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

🔳സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎ സംഘം സെക്രട്ടേറിയറ്റില്‍ നടത്തിയ സിസിടിവി ദൃശ്യങ്ങളുടെ പരിശോധന പൂര്‍ത്തിയായി. സിസിടിവികളും സെര്‍വര്‍ മുറിയും പരിശോധിച്ചു. അന്വേഷണത്തിന് ആവശ്യമായ ദൃശ്യങ്ങള്‍ ഏതൊക്കെ വേണമെന്ന് പിന്നീട് രേഖാമൂലം അറിയിക്കും. സ്വര്‍ണ്ണക്കടത്ത് കേസില്‍ ഇത് മൂന്നാം തവണയാണ് എന്‍ഐഎ സെക്രട്ടറിയേറ്റിലെത്തുന്നത്.

🔳പിഎസ്‌സി ചെയര്‍മാന്‍ അഡ്വ. എം.കെ. സക്കീറിന്റെ പെരുമ്പടപ്പ് പാറയിലെ വീട്ടിലേക്കു നടത്തിയ പ്രതിഷേധമാര്‍ച്ചില്‍ പങ്കെടുത്ത കെ.എസ്.യു. - യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ അറുപത് പേര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. എ.എം. രോഹിത്, ഇ.പി. രാജീവ് തുടങ്ങിയവര്‍ക്കെതിരേയാണു കേസ്.

🔳വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നെന്ന് കോണ്‍ഗ്രസ് നേതാവ് അടൂര്‍ പ്രകാശ് എംപി. കൊലപാതകം നടന്ന വിവരം അറിഞ്ഞത് പിറ്റേന്നു രാവിലെയാണെന്നും അന്വേഷണത്തെ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അടൂര്‍ പ്രകാശിനെതിരേ മന്ത്രി ഇപി ജയരാജന്‍ ആരോപണം ഉന്നയിച്ചിരുന്നു.

🔳വന്ദേഭാരത് മിഷന്‍ ആറാം ഘട്ടത്തില്‍ സൗദിയില്‍ കേരളത്തിലേക്ക് ഒമ്പതു വിമാനങ്ങള്‍. ഇന്ത്യയിലേക്ക് 19 സര്‍വീസുകളാണു നടത്തുക. ഈ മാസം 14 വരെയാണ് സര്‍വീസ്. ജിദ്ദയില്‍ നിന്ന് ഡല്‍ഹി, ലക്നൗ എന്നിവിടങ്ങളിലേക്കു മാത്രമാണ് സര്‍വിസുകള്‍. കേരളത്തിലേക്ക് ദമ്മാമില്‍നിന്ന് ആറും റിയാദില്‍നിന്ന് മൂന്നും സര്‍വിസുകളാണുള്ളത്.

🔳കോണ്‍ഗ്രസ് തൃശൂര്‍ ജില്ലാ പ്രസിഡന്റായി എം.പി. വിന്‍സെന്റിനേയും കോഴിക്കോട് ജില്ലാ പ്രസിഡന്റായി യു. രാജീവന്‍ മാസ്റ്ററേയും നിയമിച്ചു. തദ്ദേശ സ്ഥാപനങ്ങളിലേക്കു രണ്ടു മാസത്തിനകം തെരഞ്ഞെടുപ്പു നടക്കാനിരിക്കേയാണ് നിയമനം. കെപിസിസി ജനറല്‍ സെക്രട്ടറിമാരുടെ നിയമനത്തിനു സമര്‍പ്പിച്ചിരുന്ന നൂറിലേറെ പേരുടെ പട്ടിക എഐസിസി  മൂന്നു തവണ തള്ളിയിരുന്നു.  

🔳എഡിജിപിമാരായ ടോമിന്‍ ജെ തച്ചങ്കരിക്കും അരുണ്‍ കുമാര്‍ സിന്‍ഹയ്ക്കും ഡിജിപിമാരായി സ്ഥാനക്കയറ്റം നല്‍കി.

🔳അറുപത്തഞ്ചുകാരനായ ഭര്‍ത്താവ് പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ ഭാര്യയെ അറസ്റ്റു ചെയ്തു. തിരുവല്ല വള്ളംകുളം സ്വദേശി സോമനാണ് മരിച്ചത്. ഉറങ്ങിക്കിടന്നപ്പോള്‍ ഭാര്യ രാധാമണി മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തിയെന്ന മരണമൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

🔳കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച അണ്‍ലോക്ക് നാലാം ഘട്ട നിയന്ത്രണങ്ങളും മാര്‍ഗനിര്‍ദേശങ്ങളും കേരളത്തിലും ബാധകമായിരിക്കുമെന്ന് ചീഫ് സെകട്ടറി ഡോ: വിശ്വാസ് മേത്ത.

🔳ഇന്ത്യയില്‍ കോവിഡ് ബാധിച്ച് ഇന്നലെ 1,027 പേര്‍കൂടി മരിച്ചു. 78,168 പേര്‍കൂടി രോഗികളായി. ഇതുവരെ 66,460 പേര്‍ മരിക്കുകയും 37,66,108 പേര്‍ രോഗബാധിതരാകുകയും ചെയ്തു. 7.99 ലക്ഷം പേരാണു ചികില്‍സയിലുള്ളത്. 28.99 ലക്ഷം പേര്‍ രോഗമുക്തരായി.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 320 പേര്‍ മരിക്കുകയും 15,765 പേര്‍കൂടി രോഗികളാകുകയും ചെയ്തു. 1.98 ലക്ഷം പേരാണു ചികില്‍സയിലുള്ളത്. ആന്ധ്രയില്‍ 10,368 പേരു തമിഴ്‌നാട്ടില്‍ 5,928 പേരും കര്‍ണാടകത്തില്‍ 9,058 പേരും പുതുതായി രോഗികളായി.

🔳ഫേസ്ബുക്കിനെതിരെ കേന്ദ്ര സര്‍ക്കാരും. കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് ഫെയ്‌സ് ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് കത്തയച്ചു. പ്രധാനമന്ത്രിയേയും, കേന്ദ്ര മന്ത്രിമാരെയും അപമാനിക്കാന്‍ ഫേസ് ബുക്കിലെ ചില ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നു. ബിജെപി അനുകൂല പോസ്റ്റുകള്‍ മായ്ച്ചുകളയുന്നു. സാമൂഹിക അന്തരീക്ഷം തകര്‍ക്കാനാണ് ശ്രമമെന്നും കത്തില്‍ ആരോപിച്ചിട്ടുണ്ട്.

🔳മധുര മീനാക്ഷി ക്ഷേത്രം തുറന്നു. കോവിഡ് മഹാമാരിയെത്തുടര്‍ന്ന് അടച്ച ക്ഷേത്രം 165 ദിവസത്തിന് ശേഷമാണ് തുറന്നത്.

🔳കളിപ്പാട്ട നിര്‍മാണം പ്രോത്സാഹിപ്പിക്കാന്‍ ഉത്തര്‍പ്രദേശില്‍ 'ടോയ് സിറ്റി' സ്ഥാപിക്കുമെന്ന് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. രാജ്യത്തെ കളിപ്പാട്ട വ്യവസായത്തിന് ശക്തി പകരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി 'മന്‍ കി ബാത്ത്' പരിപാടിയിലൂടെ ആഹ്വാനം ചെയ്തതിനു പിറകേയാണു നടപടി.

🔳സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു.  വെബ്‌സൈറ്റില്‍നിന്ന് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. ഒക്ടോബര്‍ നാലിനാണ് പരീക്ഷ.

🔳കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറായി രാജീവ് കുമാര്‍ സ്ഥാനമേറ്റു.  മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ, തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ ചന്ദ്ര എന്നിവര്‍ക്കൊപ്പാണ് അദ്ദേഹം പ്രവര്‍ത്തിക്കുക. 1984 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം 36 വര്‍ഷമായി വിവിധ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

🔳കോവിഡ് ദൈവത്തിന്റെ പ്രവൃത്തിയാണെന്നും അത് സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കിയെന്നുമുള്ള ധനമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. മനുഷ്യനുണ്ടാക്കിയ ഒരു ദുരന്തത്തിന് ദൈവത്തെ പഴിക്കരുത് എന്നാണ് ചിദംബരത്തിന്റെ പരിഹാസം.

🔳രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം വന്‍ തോതില്‍ ഇടിഞ്ഞത് കറന്‍സി നിരോധനം മുതലുള്ള തകര്‍ച്ചയുടെ ഭാഗമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

🔳മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയുടെ അമ്മാവനും മകനും കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. കഴിഞ്ഞ 19 നാണ് മോഷ്ടാക്കള്‍ റെയ്നയുടെ അച്ഛന്റെ സഹോദരിയുടെ പഞ്ചാബിലെ പത്താന്‍കോട്ടിലുള്ള കുടുംബത്തെ ആക്രമിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അമ്മാവന്‍ അശോക് കുമാര്‍ ഓഗസ്റ്റ് 20 നും മകന്‍ ഇന്നലെയുമാണ് മരിച്ചത്.

🔳ചരിത്രത്തില്‍ ആദ്യമായി ശ്രീനഗറില്‍ സിആര്‍പിഎഫ് മേധാവിയായി വനിതാ ഐപിഎസ് ഓഫീസര്‍ക്കു നിയമനം. തെലങ്കാന കാഡറില്‍ നിന്നുള്ള 1996 ബാച്ച് ഐപിഎസ് ഓഫീസറായ ചാരു സിന്‍ഹയെ ആണ് തീവ്രവാദ ഭീഷണിയുള്ള മേഖലയില്‍ ഐജി ആയി നിയമിച്ചിരിക്കുന്നത്.

🔳ടെലികോം കമ്പനികളുടെ അഡ്ജസ്റ്റ് ചെയ്ത മൊത്തവരുമാന കുടിശിക അടച്ചു തീര്‍ക്കാന്‍ സുപ്രീംകോടതി പത്തു വര്‍ഷം സാവകാശം നല്‍കി. അടുത്ത മാര്‍ച്ച് 31 നകം കുടിശ്ശകയുള്ള തുകയുടെ പത്തു ശതമാനം നല്‍കണം. ശേഷിക്കുന്ന തുകയുടെ ഒരുഭാഗം എല്ലാവര്‍ഷവും ഫെബ്രുവരി ഏഴിനകം നല്‍കണം. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

🔳ജിയോ 399 രൂപ പ്രതിമാസ നിരക്കുള്ള പരിധിയില്ലാത്ത പുതിയ ബ്രോഡ് ബാന്‍ഡ് പ്ലാന്‍  പ്രഖ്യാപിച്ചു. പുതിയ വരിക്കാര്‍ക്ക് 30 ദിവസം സൗജന്യം ലഭിക്കും. മുപ്പത് എംബിപിഎസാകും 399 രൂപയുടെ പ്ലാനിന്റെ വേഗത.

🔳അതിര്‍ത്തിയില്‍ ചൈനീസ് സൈന്യത്തിന്റെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായിട്ടില്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് ഹുവ ചുനീംഗ്. മറ്റൊരു രാജ്യത്തിന്റെ മണ്ണ് ചൈനീസ് സൈന്യം കയ്യടക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

🔳ലോകത്ത് കോവിഡ് ബാധിച്ച് ഇന്നലെ 5,842 പേര്‍കൂടി മരിച്ചു. 2,57,021 പേര്‍കൂടി രോഗികളായി. ഇതുവരെ 8,60266 പേര്‍ മരിക്കുകയും 2.58 കോടി ജനങ്ങള്‍ രോഗബാധിതരാകുകയും ചെയ്തു. ഇന്നലെ അമേരിക്കയില്‍ 1,134 പേരും ബ്രസീലില്‍ 1166 പേരും കോവിഡ് ബാധിച്ചു മരിച്ചു.

🔳അശ്ലീല സിനിമകളിലെ സൂപ്പര്‍ താരം റോണ്‍ ജെറമിക്കെതിരേ കൂടുതല്‍ ബലാത്സംഗ പരാതികള്‍. 13 സ്ത്രീകളുടെ പരാതിയില്‍ ഇരുപതോളം ബലാത്സംഗ കുറ്റങ്ങളാണ് റോണിക്കെതിരേയുള്ളത്. 15 വയസുകാരി മുതല്‍ 54 വയസുകാരിവരെ പരാതിക്കാരില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണു റിപ്പോര്‍ട്ട്.

🔳സ്പാനിഷ് ഫുട്‌ബോള്‍ ലീഗായ ലാലിഗയുടെ ഫിക്‌സചറുകളായി. ഈ മാസം 13 ന് ഡി പോര്‍ട്ടിവോ അലാവസും റയല്‍ ബെറ്റിസും തമ്മിലാണ് ആദ്യ മല്‍സരം. നിലവിലുള്ള ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് ആദ്യ മല്‍സരത്തില്‍ ഗെറ്റാഫെയെയും ബാഴ്‌സലോണ എല്‍ഷെയേയും നേരിടും.

🔳യുഎസ് ഓപ്പണ്‍ ടെന്നീസ് ആദ്യ റൗണ്ട് മല്‍സരങ്ങളില്‍ നൊവാക് ജോക്കോവിച്ച്, കരോളിന പ്‌ളീഷ്‌കോവ, നവോമി ഒസാക, പെട്ര കിറ്റ്വോവ, ഏയ്ഞ്ചലിക് കെര്‍ബര്‍, സ്‌റ്റെഫാനോസ് സ്റ്റസിപാസ്, അലക്‌സാണ്ടര്‍ സ്വരേവ്, ഡേവിഡ് ഗോഫിന്‍ തുടങ്ങിയ മുന്‍നിരക്കാര്‍ രണ്ടാം റൗണ്ടിലെത്തി. 140 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് കാണികളില്ലാതെ യുഎസ് ഓപ്പണ്‍ മല്‍സരം നടത്തുന്നത്.

🔳ബിഎസ്എന്‍എല്‍ കൂടുതല്‍ ആകര്‍ഷണീയമായ പ്രീ പെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചു. ഒരു വര്‍ഷം മുഴുവന്‍ കാലാവധിയുളള 1499 രൂപയുടെ പ്ലാനാണ് ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചത്. ഈ പ്ലാന്‍ അനുസരിച്ച് 24 ജിബി ഡേറ്റയാണ് ലഭിക്കുക. പ്രതിദിനം 250 മിനിറ്റ് വരെ വോയ്‌സ് കോള്‍ സൗജന്യമാണ്. ദിവസവും 100 എസ്എംഎസ് വരെ സൗജന്യമായി അയക്കാം. ആദ്യ 90 ദിവസത്തിനുളളില്‍ ഈ പ്ലാന്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് 30 ദിവസം കൂടി അധികം സേവനമാണ് ലഭിക്കുക.

🔳ബജറ്റ് വിമാനകമ്പനിയായ എയര്‍ ഏഷ്യ ഇനി മുതല്‍ ചെക് ഇന്‍ ചെയ്യുന്നതിനും ഉപഭോക്താക്കളില്‍ നിന്ന് ഫീസ് ഈടാക്കും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വ്യക്തികള്‍ തമ്മിലുള്ള സമ്പര്‍ക്കം കുറയ്ക്കാന്‍ കൂടി ലക്ഷ്യമിട്ടാണിത്. വിമാനക്കമ്പനിയുടെ വെബ്സൈറ്റ് വഴിയോ, മൊബൈല്‍ ആപ്പ് വഴിയോ, വിമാനത്താവളത്തിലെ കിയോസ്‌ക് വഴിയോ ചെക് ഇന്‍ ചെയ്യാത്തവര്‍ ഡൊമസ്റ്റിക് വിമാനങ്ങള്‍ക്ക് 351.55  രൂപയും അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് 527.32 രൂപയും നല്‍കണം.

🔳ആസിഫ് അലി നായകനായെത്തുന്ന 'എ രഞ്ജിത്ത് സിനിമ' എന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതനായ നിഷാന്ത് സാറ്റു രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ' എ രഞ്ജിത്ത് സിനിമ ''കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു റൊമാന്റ്റിക് ത്രില്ലര്‍ ചിത്രമാണ്.  ആസിഫ് അലി രഞ്ജിത്ത് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് നവാഗതനായ മിഥുന്‍ അശോകന്‍ സംഗീതം പകരുന്നു.

🔳സംഗീതാസ്വാദകര്‍ക്ക് അതിസുന്ദരമായ ഓണസമ്മാനവുമായി എത്തിയിരിക്കുകയാണ് ഗായിക അഖില ആനന്ദ്. 'പൂത്തിരുവോണം' എന്ന ഈ ഓണപ്പാട്ടിന് ഈണമിട്ടിരിക്കുന്നത് പ്രവീണ്‍ ശ്രീനിവാസനാണ്. ജിഎസ് അജയഘോഷിന്റേതാണ് വരികള്‍. ഹൃദ്യമായ ഗാനത്തിന് മികച്ച ദൃശ്യവത്കരണം കൂടി ചേര്‍ന്നപ്പോള്‍ പൂത്തിരുവോണം ഇതിനോടകം നിരവധി ആസ്വാദകരെ നേടി. ഫോക്കസ്-ഐ പ്രൊഡക്ഷന്‍സില്‍ സുജിത് പ്രേമലത സംവിധാനവും സുധി കോട്ടുക്കല്‍, ഷാജന്‍ അഞ്ചല്‍ എന്നിവര്‍ ക്യാമറയും കൈകാര്യം ചെയ്തു. എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് മനു ഷംനാദ് ആണ്.

🔳ലാന്‍ഡ് ക്രൂസര്‍ പ്രാഡോ എസ്‌യുവിയുടെ പരിഷ്‌ക്കരിച്ച പതിപ്പ് പുറത്തിറക്കി ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട. ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി മാത്രം തെരഞ്ഞെടുക്കാന്‍ സാധിക്കുന്ന എഞ്ചിന്‍ ഡീസല്‍ പര്‍ട്ടികുലേറ്റ് ഫില്‍ട്ടര്‍, വേരിയബിള്‍ ഫ്ലോ കണ്‍ട്രോള്‍ ഹൈഡ്രോളിക് സ്റ്റിയറിംഗ് എന്നിവ കൂടാതെ നാല് വീല്‍ ഡ്രൈവ് സംവിധാനത്തോടെയാണ് വാഹനം എത്തുന്നത്. പുതിയ ഓയില്‍-ബര്‍ണറോടെയാണ് 2021 ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ എത്തുന്നത്.

🔳നിര്‍മ്മാതാവും സംവിധായകനുമായ കരണ്‍ ജോഹര്‍ രചിച്ച കുട്ടികള്‍ക്കായുള്ള  ആദ്യ ചിത്ര പുസ്തകം 'ദ ബിഗ് തോട്സ് ഓഫ് ലിറ്റില്‍ ലവ്' ഉടന്‍ പുറത്തിറങ്ങും.ഇരട്ടക്കുട്ടികളായ യാഷിന്റെയും റൂഹിന്റെയും മനോഹരമായ വീഡിയോ പങ്കുവച്ച് കരണ്‍ ജോഹര്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ ഇത് കുറിച്ചത്. പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും വളര്‍ത്തുന്നതില്‍ നമ്മള്‍ എങ്ങനെ വ്യത്യാസം അടിച്ചേല്‍പിക്കുന്നു എന്നതാണ് പുതിയ പുസ്തകത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. ഇരട്ടക്കുട്ടികളായ ലവ, കുശ എന്നിവരുടെ കഥയാണ് പുസ്തകം പറയുന്നത്.

🔳പലരും അനുഭവിക്കുന്ന പ്രശ്‌നങ്ങളിലൊന്നാണ് വായ്നാറ്റം. ഭക്ഷണത്തിനു ശേഷം ശരിയായ സമയത്ത് വായ വൃത്തിയാക്കിയില്ലെങ്കില്‍ വായ്‌നാറ്റം ഉണ്ടാകാം. അതുപോലെ വായിലോ മറ്റേതെങ്കിലും ശരീരഭാഗത്തോ ബാധിക്കുന്ന വിവിധ രോഗങ്ങള്‍ കൊണ്ടും വായ്നാറ്റം ഉണ്ടാകും. രണ്ടുനേരം പല്ല് തേയ്ക്കാന്‍ ശ്രമിക്കുക. പല്ല് തേയ്ക്കുന്ന സമയത്ത് തന്നെ നാവ് കൂടി വൃത്തിയാക്കാനും ശ്രദ്ധിക്കുക. മദ്യപാനം, പുകവലി എന്നീ ശീലങ്ങള്‍ ഒഴിവാക്കുക. ഇവ വായ്നാറ്റം  ഉണ്ടാക്കാം. പഴവര്‍ഗ്ഗങ്ങള്‍ ഏതെങ്കിലും ഭക്ഷണത്തിനോടൊപ്പം കഴിക്കുന്നത് വായ്‌നാറ്റം അകറ്റാന്‍ സഹായിക്കും. ഇടയ്ക്കിടെ ധാരാളം വെള്ളം കുടിക്കുക. വായ ഉണങ്ങിയിരിക്കുന്നത് വായ്നാറ്റം രൂക്ഷമാകാന്‍ കാരണമാകും.  ഗ്രീന്‍ ടീയില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകള്‍ക്ക് വായ്‌നാറ്റത്തെ ശമിപ്പിക്കാന്‍ സാധിക്കും. ആഹാരത്തിനു ശേഷം കുറച്ച് പെരുംജീരകം എടുത്ത് വെറുതെ ചവയ്ക്കാം. പെരുംജീരകത്തിന് വായ്‌നാറ്റത്തിന് കാരണമാകുന്ന കീടാണുക്കളെ നശിപ്പിക്കാനുള്ള കഴിവുണ്ട്. ഭക്ഷണ ശേഷം ഒന്നോ രണ്ടോ ഏലക്ക വായിലിട്ട് ചവയ്ക്കുന്നതും വായ്നാറ്റം അകറ്റാന്‍ സഹായിക്കും. ഇടയ്ക്ക് ച്യൂയിംങ്ഗം ചവയ്ക്കുന്നതും വായ്നാറ്റം ഇല്ലാതാക്കാന്‍ സഹായിക്കും. 'ഷുഗര്‍ ഫ്രീ' ച്യൂയിംങ്ഗം തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only