07 September 2020

വാർത്തകൾ വിരൽത്തുമ്പിൽ *സായാഹ്‌ന വാർത്തകൾ* 2020 സെപ്റ്റംബർ 7 | 1196 ചിങ്ങം 22 | തിങ്കളാഴ്ച | (ഭരണി നാൾ)
(VISION NEWS 07 September 2020)


➖➖➖➖➖➖➖➖

🔳കേന്ദ്ര സര്‍ക്കാരിന്റെ രണ്ടാംഘട്ട സാമ്പത്തിക ഉത്തേജക പാക്കേജ് വരുന്നു.  പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചര്‍ച്ച നടന്നു. ശമ്പളമില്ലാത്ത ഇടത്തരക്കാരേയും ചെറുകിട വ്യവസായികളേയും സഹായിക്കാനാകും പുതിയ പാക്കേജ്. കഴിഞ്ഞ മെയ് മാസത്തില്‍ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ ഉത്തേജക പാക്കേജ് ഫലം ചെയ്തില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു.  

🔳സംസ്ഥാന സര്‍ക്കാരിന്റെ ഇ-ഗ്രാന്റ്‌സ് വെബ്‌സൈറ്റില്‍ വന്‍ സുരക്ഷാവീഴ്ച. എസ്.സി, എസ്.ടി, ഒബിസി വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായുള്ള സ്‌കോളര്‍ഷിപ്പിനും മറ്റ് ആനുകൂല്യങ്ങള്‍ക്കുമുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ തയ്യാറാക്കിയ www.egrantz.kerala.gov.in എന്ന വെബ്‌സൈറ്റിലാണ് സുരക്ഷാ വീഴ്ച. വിദ്യാര്‍ഥികളുടെ ചിത്രങ്ങളും ബാങ്ക് പാസ്ബുക്ക് വിവരങ്ങളും ഉള്‍പ്പടെയുള്ള  ഫയലുകള്‍ ആര്‍ക്കും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്ന വിധത്തിലാണ്.


🔳കൊച്ചി മെട്രോ തൈക്കൂടം-പേട്ട പാതയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി അധ്യക്ഷനായി. എസ്.എന്‍ ജംഗ്ഷന്‍ മുതല്‍ തൃപ്പൂണിത്തുറവരെയുള്ള മെട്രോയുടെ രണ്ടാംഘട്ട നിര്‍മാണത്തിന്റെ ഉദ്ഘാടനവും നടന്നു. രണ്ടാംഘട്ടത്തിന് വൈകാതെ അന്തിമ അനുമതി ലഭിക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്പുരി.

🔳തിരുവനന്തപുരം വിമാനത്താവളം അദാനിക്കു വിട്ടുകൊടുക്കുന്നതിനെതിരേ എംപിമാര്‍ പാര്‍ലമെന്റില്‍ വാദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്റെ പൊതുവായ ആവശ്യങ്ങള്‍ക്കായി എംപിമാര്‍ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും
അദ്ദേഹം എംപിമാരോട് ആവശ്യപ്പെട്ടു. ശശി തരൂര്‍ മാത്രമാണ് തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണത്തെ അനുകൂലിച്ചു സംസാരിച്ചത്.

🔳അറബിക്കടലില്‍ ന്യൂനമര്‍ദം രൂപം പ്രാപിച്ചതിനെ തുടര്‍ന്ന് ശക്തമായ കാറ്റിനു സാധ്യത. കേരളതീരത്ത് നിന്ന് മത്സ്യ ബന്ധനത്തിന് പോകരുതെന്നു മുന്നറിയിപ്പ്.

🔳കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവതിയെ പീഡിപ്പിച്ച കേസില്‍ ആരോഗ്യപ്രവര്‍ത്തകനെ അറസ്റ്റു ചെയ്തു. കുളത്തുപ്പുഴയിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രദീപിനെയാണ് പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തത്. കുളത്തൂപ്പുഴ സ്വദേശിയായ യുവതിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്.

🔳സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്കു ബെംഗളൂരു മയക്കുമരുന്ന് സംഘവുമായയുള്ള ബന്ധം കണ്ടെത്താന്‍ കസ്റ്റംസ് ആറു പ്രതികളെ ജയിലിലെത്തി ചോദ്യം ചെയ്യും. സ്വര്‍ണക്കടത്ത് കേസിലെ കെ.ടി. റമീസ് അടക്കമുള്ളവരെ ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് കോടതി അനുമതി നല്‍കി. ബെംഗളൂരു മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദ് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകന്‍ റമീസിനെ നിരവധി തവണ വിളിച്ചതായുള്ള ഫോണ്‍ രേഖകള്‍ പുറത്ത് വന്നിരുന്നു.

🔳കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നു സ്വര്‍ണം കടത്തുന്നതു തടഞ്ഞ ഡിആര്‍ഐ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ വിമാനത്താവളത്തിലെ നാലു ക്ലീനിംഗ് സൂപ്പര്‍ വൈസര്‍മാരെ കസ്റ്റഡിയിലെടുത്തു. വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്താന്‍ ഇവര്‍ സഹായിച്ചെന്നാണു റിപ്പോര്‍ട്ട്.

🔳കരിപ്പൂരില്‍ വീണ്ടും സ്വര്‍ണം പിടികൂടി. രണ്ടു വിമാനങ്ങളിലായെത്തിയ മൂന്നു യാത്രക്കാരില്‍ നിന്നായി 653 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. 30.48 ലക്ഷം രൂപ വില വരും. ദുബായില്‍ നിന്നെത്തിയ രണ്ടു യാത്രക്കാരില്‍ നിന്നും ജിദ്ദയില്‍ നിന്നെത്തിയ ഒരു യാത്രക്കാരനില്‍ നിന്നുമാണു സ്വര്‍ണം പിടിച്ചെടുത്തത്.

🔳അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് അരുണാചല്‍ പ്രദേശ് അതിര്‍ത്തി മേഖലയിലെ ചൈനീസ് സൈനിക ആസ്ഥാനത്തേക്ക് ഇന്ത്യ അടിയന്തര സന്ദേശം അയച്ചു. ചൈനയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നു കേന്ദ്രമന്ത്രി കിരണ്‍ റിജിജു.

🔳വിവാഹത്തില്‍നിന്നു പിന്മാറിയതുമൂലം കണ്ണൂര്‍ കൊട്ടിയത്തു യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വഞ്ചിച്ച കാമുകന്‍  ഹാരിസിനെ പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാപ്രേരണക്കുറ്റം, വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതടക്കമുള്ള വകുപ്പുകളില്‍ ഇയാള്‍ക്കെതിരേ കേസെടുത്തു.

🔳ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ക്കായി കോണ്‍ഗ്രസ് രൂപംകൊടുത്ത സമിതികളില്‍നിന്ന് നയമാറ്റം ആവശ്യപ്പെട്ട് കത്തയച്ച നേതാക്കളെ ഒഴിവാക്കി. ഏഴ് സമിതികളാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. സോണിയാ ഗാന്ധിക്കു കത്തയച്ച 23 നേതാക്കളില്‍ ഉള്‍പ്പെട്ട ജിതിന്‍ പ്രസാദിനേയും രാജ് ബബ്ബാറിനേയും ഈ സമിതികളില്‍ ഉള്‍പെടുത്തിയില്ല.  

🔳ലക്ഷദ്വീപില്‍ കോവിഡ് രോഗികളില്ല. അടച്ചിട്ടിരുന്ന വിദ്യാലയങ്ങള്‍ ഈ മാസം 21 നു തുറക്കും.

🔳ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. അന്താരാഷ്ട്രമാര്‍ക്കറ്റില്‍ 48 കോടി രൂപ വില മതിക്കുന്ന ഹെറോയിന്‍ പിടിച്ചെടുത്തു. രണ്ടു വിദേശികള്‍ ഉള്‍പ്പെടെ ഏഴു പേരെ അറസ്റ്റു ചെയ്തു. ഒരു ആഫ്രിക്കന്‍ സ്വദേശിയും മ്യാന്‍മാറില്‍ നിന്നുള്ള സ്ത്രീയുമാണ് പിടിയിലായ വിദേശികള്‍.

🔳കേരള, തമിഴ്നാട്, കര്‍ണാടക അതിര്‍ത്തിപ്രദേശമായ ട്രൈജങ്ഷന്‍ കേന്ദ്രീകരിച്ച് മാവോവാദികള്‍ രഹസ്യ പഠനക്ലാസുകള്‍ നടത്തിയെന്നു വിവരം. വിക്രം ഗൗഡയും സോമനും ഉള്‍പ്പെടെയുള്ള നേതാക്കളെത്തിയെന്നാണ് തമിഴ്നാട്, കര്‍ണാടക ഇന്റലിജന്‍സ് വിഭാഗത്തിനു ലഭിച്ച വിവരം.

🔳ആറ്റിങ്ങലില്‍ പടികൂടിയ കണ്ടെയ്‌നര്‍ കഞ്ചാവു കടത്തിനു പിന്നില്‍ ഉത്തരേന്ത്യന്‍ ലോബിക്കും ബന്ധം. കേരളത്തിലെ മുഖ്യ കണ്ണി തൃശൂര്‍ സ്വദേശി സെബുവാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍.

🔳വടക്കാഞ്ചേരി ഫ്‌ളാറ്റ് സമുച്ചയവുമായി ബന്ധപ്പെട്ട് അനില്‍ അക്കര എംഎല്‍എ നട്ടാല്‍ കുരുക്കാത്ത നുണ പ്രചരിപ്പിക്കുകയാണെന്ന് മന്ത്രി എ.സി. മൊയ്തീന്‍. രണ്ടു കോടി രൂപ താന്‍ കൈപ്പറ്റിയെന്ന ആരോപണത്തിനു തെളിവുണ്ടെങ്കില്‍ ഹാജരാക്കണം.  ആരോപണങ്ങളില്‍ സ്വന്തം സഹപ്രവര്‍ത്തകരുടെ പിന്തുണപോലും എംഎല്‍എയ്ക്ക് ഇല്ലെന്നും മന്ത്രി.  

🔳ആദ്യഘട്ട ലോക് ഡൗണ്‍ കാലമായ മാര്‍ച്ച് 25 നും മെയ് മൂന്നിനും ഇടയില്‍ ബുക്ക് ചെയ്ത എല്ലാ വിമാന ടിക്കറ്റിന്റെയും തുക തിരിച്ചു നല്‍കുമെന്ന് ഡിജിസിഎ സുപ്രീം കോടതിയെ അറിയിച്ചു.

🔳ദേശീയ വിദ്യാഭ്യാസ നയം ഇന്ത്യക്കു പുതിയ ഉത്തേജനം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ നയം അധ്യാപകരും വിദ്യാര്‍ത്ഥികളും സ്വാഗതം ചെയ്തു. സര്‍ക്കാര്‍ ഒരു ഘട്ടത്തിലും ഇടപെടില്ല. പുതിയ തീരുമാനങ്ങള്‍ ഉണ്ടാകുമ്പോള്‍ ആശങ്ക സ്വാഭാവികമാണ്. പുതിയ നയത്തില്‍ രക്ഷിതാക്കള്‍ക്ക് ഒട്ടും ആശങ്ക വേണ്ടെന്നും പ്രധാനമന്ത്രി.

🔳
മയക്കുമരുന്നുകേസില്‍ അന്വേഷണം കന്നഡ സിനിമയിലെ പ്രമുഖരിലേക്കും. കേസെടുത്ത 12 പേരെക്കൂടാതെ ആരോപണ വിധേയരായവരെയും ചോദ്യംചെയ്യും. നടി സഞ്ജന ഗല്‍റാണിയെ ഇന്നു ചോദ്യംചെയ്യും. മറ്റൊരു നടി നിവേദിതയ്ക്കും നോട്ടീസ് നല്‍കി. അറസ്റ്റിലായ നടി രാഗിണി ദ്വിവേദിയുടെ ജാമ്യാപേക്ഷ ബെംഗളൂരു സെഷന്‍സ് കോടതിയുടെ പരിഗണനയിലാണ്. രാഗിണി ബി.ജെ.പിയില്‍ ചേരാനിരിക്കേയാണ് അറസ്റ്റിലായത്.

🔳ബോളിവുഡ് താരം അര്‍ജുന്‍ കപൂറിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കാമുകിയും നടിയുമായ മലൈക അറോറയ്ക്കും കോവിഡ് സ്ഥിരീകരിച്ചു.

🔳ബോളിവുഡ് നടി കങ്കണ റണൗട്ടിന് മുംബൈയിലും സുരക്ഷ നല്‍കുമെന്ന് ഹിമാചലിലെ ബിജെപി സര്‍ക്കാര്‍. ബുധനാഴ്ച മുംബൈയിലെത്തുന്ന കങ്കണയ്ക്ക് അവിടേയും സുരക്ഷ ഒരുക്കുമെന്ന് ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി ജയ്റാം താക്കൂര്‍.

🔳കൊറോണ വൈറസ് വാക്സിന്റെ ആഗോള വിതരണത്തിന് യൂണിസെഫ് നേതൃത്വം നല്‍കും. പ്രതിരോധ വാക്സിനിന്റെ പ്രാഥമികഘട്ട വിതരണം എല്ലാ രാജ്യങ്ങളിലും സുരക്ഷിതമായും അതിവേഗത്തിലും നടപ്പാക്കാനാണ് വിതരണ നേതൃത്വം യൂണിസെഫ് ഏറ്റെടുത്തത്.

🔳യുഎസ് ഓപ്പണ്‍ ടെന്നീസില്‍നിന്ന് ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജ്യോക്കോവിച്ചിനെ നാടകീയമായി പുറത്താക്കി. പ്രീക്വാര്‍ട്ടര്‍ മത്സരത്തിനിടെ ലൈന്‍ ജഡ്ജിക്കുനേരെ ആകസ്മികമായി പന്ത് തട്ടിയതിനെത്തുടര്‍ന്നാണു അയോഗ്യനാക്കിയത്. ആദ്യ സെറ്റില്‍ 5-6 ന് സ്പെയിനിന്റെ പാബ്ലോ കാരെനോ ബുസ്റ്റയോട് പരാജയപ്പെട്ടു നില്‍ക്കെ, റാക്കറ്റില്‍നിന്ന് പിന്നിലേക്ക് അടിച്ച പന്ത് അപ്രതീക്ഷിതമായി വനിതാ ലൈന്‍ ജഡ്ജിയുടെ കഴുത്തില്‍ തട്ടുകയായിരുന്നു. ഉടനേ അവര്‍ക്കരികിലേക്ക് ഓടിയെത്തി ജ്യോക്കോവിച്ച് ക്ഷമാപണം നടത്തുകയും ആശ്വസിപ്പിക്കുകയും ചെയ്‌തെങ്കിലും നിയമമനുസരിച്ച് അയോഗ്യനാക്കുകയായിരുന്നു.  

🔳ഓസ്‌ട്രേലിയക്കെതിരെ ട്വന്റി-20 പരമ്പര സ്വന്തമാക്കിയതിനു പിറകേ റാങ്കിംഗിലും മുന്നേറ്റവുമായി ഇംഗ്ലണ്ട്. ഓസ്‌ട്രേലിയയെ പിന്നിലാക്കി ഇംഗ്ലണ്ട് ഒന്നാം റാങ്കിലെത്തി. 273 റേറ്റിംഗ് പോയിന്റോടെയാണ് ഇംഗ്ലണ്ട് ഒന്നാമതെത്തിയത്. ഇത്രയും റേറ്റിംഗുള്ള ഓസ്‌ട്രേലിയ രണ്ടാമതാണ്. 266 പോയിന്റുമായി ഇന്ത്യയാണ് മൂന്നാം സ്ഥാനത്ത്.

🔳സംസ്ഥാനത്ത് സ്വര്‍ണവില പവന് 160 രൂപകൂടി 37,520 രൂപയായി. 4,690 രൂപയാണ് ഗ്രാമിന്റെ വില. താഴന്ന നിലവാരമായ 37,360ലെത്തിയശേഷമാണ് വിലവര്‍ധന. മൂന്നുദിവസം തുടര്‍ച്ചയായി വിലകുറഞ്ഞതിനുശേഷം ദേശീയ വിപണിയിലും സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായി.

🔳കേരളത്തിലെ പ്രമുഖ സുഗന്ധവ്യഞ്ജന - ഭക്ഷ്യോല്‍പ്പന്ന വിപണന കമ്പനിയായ ഈസ്റ്റേണ്‍ ഗ്രൂപ്പിനെ നോര്‍വീജിയന്‍ കമ്പനിയായ ഓര്‍ക്ല ഫുഡ്‌സ് ഏറ്റെടുക്കുന്നു. ഈസ്റ്റേണ്‍ ഗ്രൂപ്പിന്റെ 67.8 ശതമാനം ഷെയറുകളാണ് ഓര്‍ക്ല സ്വന്തമാക്കുന്നത്. ഓര്‍ക്ലയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ കമ്പനിയായ എംടിആര്‍ ഫുഡ്‌സ് വഴിയാണ് ഇടപാട് നടക്കുന്നത്.

🔳അജയ് മാത്യു നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ആലീസ് ഇന്‍ പാഞ്ചാലിനാട്. സുധിന്‍ വാമറ്റം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കള്ളന്മാരുടെ ഗ്രാമം എന്ന പേരില്‍ അറിയപ്പെടുന്ന പാഞ്ചാലിനാട്ടില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ശില്‍പ, കാമ്യ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. പൊന്നമ്മ ബാബു ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് അരുണ്‍ വി സജീവ് ആണ്.

🔳ഹാരീസ് ജയരാജ് ഒരുക്കിയ 'നെഞ്ചേ നെഞ്ചേ ഇഷ്ടം പെയ്യും നെഞ്ചേ' എന്ന എവര്‍ഗ്രീന്‍ സൂപ്പര്‍ഹിറ്റ് ഗാനത്തിന് കവര്‍ വീഡിയോ ഒരുക്കിയിരിക്കുകയാണ് സലീം മുഹമ്മദും കൂട്ടരും. ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിക്കഴിഞ്ഞ ഗാനം ആലപിച്ചിരിക്കുന്നത് സ്റ്റാര്‍ സിങ്ങര്‍ സീസണിലൂടെ ശ്രദ്ധേയയായ സോണിയ ആമോദും മുഹമ്മദ് മുന്നയും ചേര്‍ന്നാണ്. ആനന്ദ് ജോര്‍ജും ആഷിക അശോകനും പ്രധാന വേഷത്തിലെത്തിയിരിക്കുന്ന കവര്‍ വീഡിയോയിക്ക് ക്യാമറ ഒരുക്കിയിരിക്കുന്നത് സിബിന്‍ ചന്ദ്രനാണ്.

🔳രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ ഫ്ഷാഗ്ഷിപ്പ് മോഡലാണ് ആള്‍ട്ടുറാസ് ജി4. വാഹനത്തിന്റെ ആദ്യ യൂണിറ്റ് ഇന്ത്യന്‍ രാഷ്ട്രപതിക്ക് കൈമാറിയിരിക്കുകയാണ് കമ്പനി. കറുപ്പു നിറത്തിലുള്ളതാണ് മഹീന്ദ്ര രാഷ്ട്രത്തലവന് കൈമാറിയ വാഹനം. രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതിയെ പ്രതിനിധീകരിച്ച് ജോയിന്റ് സെക്രട്ടറി വാഹനം സ്വീകരിച്ചു. 2020 ഏപ്രിലിലാണ് ആള്‍ട്ടുറാസിന്റെ ബിഎസ്6 പതിപ്പിനെ കമ്പനി അവതരിപ്പിക്കുന്നത്. ടുവീല്‍ ഡ്രൈവ് ഫോര്‍വീല്‍ ഡ്രൈവ് എന്നീ രണ്ട് വേരിയന്റുകളിലെത്തുന്ന ഈ വാഹനത്തിന് 28.69 ലക്ഷവും 31.69 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറും വില.

🔳എഴുത്തിലെന്നപോലെ സ്വന്തം വ്യക്തിത്വം സ്ഫുരിക്കുന്നവയാണ് എം. ടി. യുടെ പ്രസംഗങ്ങള്‍. ഹൃദയത്തില്‍ നിന്നു വരുന്ന വാക്കുകളിലൂടെ എം. ടി. നടത്തിയ പ്രസംഗങ്ങളുടെ ഈ സമാഹാരം എം. ടി യുടെ കൃതികളില്‍നിന്ന് ഒരു വേറിട്ട അനുഭവം വായനക്കാരന് പകര്‍ന്നു നല്‍കുന്നു. 'വാക്കുകളുടെ വിസ്മയം'. എച്ച്ആന്‍ഡ്‌സി ബുക്‌സ്. വില 133 രൂപ.

🔳വൈറ്റമിന്‍ കെ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കോവിഡ്19 പ്രതിരോധിക്കുമെന്ന് പഠനം. ഗാര്‍ഡിയനില്‍ പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോര്‍ട്ട് പറയുന്നത് കോവിഡ് ബാധിച്ച് അതിതീവ്ര വിഭാഗത്തില്‍ പ്രവേശിക്കപ്പെട്ടവരില്‍ വൈറ്റമിന്‍  കെയുടെ അഭാവം ഉള്ളതായി കണ്ടു എന്നാണ്. കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഈ പോഷകത്തിനാവും എന്ന പ്രതീക്ഷയും പഠനം നല്‍കുന്നു. മാര്‍ച്ച് 12 നും ഏപ്രില്‍ 11 നും ഇടയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 134 രോഗികളില്‍ മാസ്ട്രിക്ടിലെ കാര്‍ഡിയോവാസ്‌ക്കുലാര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചാണ് പഠനം നടത്തിയത്. വൈറ്റമിന്‍ കെയുടെ അഭാവവും കൊറോണവൈറസ് ഗുരുതരമാകുന്നതും തമ്മില്‍ ബന്ധമുണ്ടെന്ന് ഗവേഷകര്‍ കണ്ടു. മിക്ക ഇലക്കറികളിലും വൈറ്റമിന്‍ കെ ധാരാളം ഉണ്ടെങ്കിലും കേല്‍, കാബേജ്, ബ്രക്കോളി മുതലായവയില്‍ എല്ലാത്തരം പോഷകങ്ങളും അടങ്ങിയിരിക്കുന്നു. വൈറ്റമിന്‍  എ, ബി, ഇ  കൂടാതെ മഗ്‌നീഷ്യം, ഫോളേറ്റ്, അയണ്‍ എന്നിവയും ഇവയില്‍ അടങ്ങിയിരിക്കുന്നു. ഒരു കപ്പ്  പച്ചച്ചീരയില്‍ ഒരു ദിവസത്തേക്ക്  ശരീരത്തിനാവശ്യമായ വൈറ്റമിന്‍ അടങ്ങിയിരിക്കുന്നു. ഇറച്ചിയിലും പ്രധാനമായും മീനിലും വൈറ്റമിന്‍ കെ ധാരാളമുണ്ട്. പാലുല്‍പന്നങ്ങളിലും മുട്ടയിലും വൈറ്റമിന്‍ കെ ധാരളമുണ്ട്. ജീവകം കെ ധാരാളം അടങ്ങിയതാണ് പാല്‍ക്കട്ടി.  ബ്ല്യൂ  ചീസ്, ഫ്രഷ് ചീസ്, സെമി സോഫ്റ്റ് ചീസ് എന്നിവയില്‍ വൈറ്റമിന്‍ കെ ധാരാളം ഉണ്ട്.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 73.33, പൗണ്ട് - 96.93, യൂറോ - 86.81, സ്വിസ് ഫ്രാങ്ക് - 80.36, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 53.40, ബഹറിന്‍ ദിനാര്‍ - 194.57, കുവൈത്ത് ദിനാര്‍ -239.85, ഒമാനി റിയാല്‍ - 190.50, സൗദി റിയാല്‍ - 19.56, യു.എ.ഇ ദിര്‍ഹം - 19.97, ഖത്തര്‍ റിയാല്‍ - 20.14, കനേഡിയന്‍ ഡോളര്‍ - 55.97.

Post a comment

Whatsapp Button works on Mobile Device only