17 സെപ്റ്റംബർ 2020

കൊവിഡ് പ്രതിസന്ധിയിൽ നിന്നും സംസ്ഥാന ടൂറിസത്തിനെ കരകയറ്റാൻ കെടിഎം വെര്‍ച്വല്‍ മാർട്ട് നവംബര്‍ 23ന് നടത്തും
(VISION NEWS 17 സെപ്റ്റംബർ 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


സെപ്തംബറില്‍ നടത്താനിരുന്ന കേരള ട്രാവല്‍ മാര്‍ട്ട് (കെടിഎം) കൊവിഡ്-19 ഭീഷണിയുടെ പശ്ചാത്തലത്തില്‍ വെര്‍ച്വല്‍ മാര്‍ട്ടായി നവംബറില്‍ നടത്തുന്നമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ടൂറിസത്തിലൂടെ വികസനത്തിന്റെ പാതയിലേക്ക് സംസ്ഥാനം നടത്തുന്ന തിരിച്ചുവരവിനുള്ള വാതായനമാകും കെടിഎം വെര്‍ച്വല്‍ മാർട്ട്. നവംബര്‍ 23 മുതല്‍ 27 വരെയാണ് വെര്‍ച്വല്‍ കെടിഎം നടത്തുന്നത്. 500- ലധികം സെല്ലേഴ്‌സിനെ ഇതില്‍ പ്രതീക്ഷിക്കുന്നുണ്ട്. രാജ്യത്തിനകത്തും പുറത്തുനിന്നുമായി 2500 ഓളം ബയേഴ്‌സിനെയാണ് വെര്‍ച്വല്‍ മീറ്റില്‍ പ്രതീക്ഷിക്കുന്നത്. ജനുവരി - ഫെബ്രുവരിയോടെ ടൂറിസം രംഗം സജീവമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

 

രണ്ട് കൊല്ലത്തിലൊരിക്കലാണ് കേരള ട്രാവല്‍ മാര്‍ട്ട് നടക്കുന്നത്. പ്രളയത്തിനു ശേഷം ടൂറിസം മേഖലയിലുണ്ടായിരുന്ന വലിയ ആശങ്ക ദൂരീകരിക്കാന്‍ 2018ല്‍ കേരള ട്രാവല്‍ മാര്‍ട്ടിനു കഴിഞ്ഞിരുന്നു. കെടിഎമ്മിനെത്തിയ ബയര്‍മാരില്‍നിന്ന് കേരളത്തിന് നേരിട്ട കെടുതികളെക്കുറിച്ച് മറച്ചുവെക്കുകയല്ല മറിച്ച് പ്രളയബാധയില്‍ നിന്നും മുക്തമാകുവാൻ കേരളത്തിലെ ടൂറിസം വ്യവസായം നല്‍കിയ സംഭാവനകള്‍ അവരെ നേരിട്ട് മനസിലാക്കി കൊടുക്കുകയാണ് ചെയ്തത്. ഇതു വഴി കേരളത്തിലെ ടൂറിസം വ്യവസായത്തിന് ലഭിച്ച സല്‍പ്പേര് ഇവിടെയെത്തിയ അതിഥികള്‍ വഴി ലോകത്തെങ്ങും പ്രചരിക്കുന്ന സാഹചര്യമുണ്ടായി.

 

മുപ്പത്തയ്യായിരത്തിലധികം വാണിജ്യ കൂടിക്കാഴ്ചകളാണ് കേരള ട്രാവല്‍ മാര്‍ട്ടിന്റെ കഴിഞ്ഞ ലക്കത്തില്‍ നടന്നത്. വിദേശ ബയര്‍മാരുമായി പതിനയ്യായിരത്തോളം കൂടിക്കാഴ്ചകളാണ് നടന്നത്. ആഭ്യന്തര ബയര്‍മാരുമായി 20,000 കൂടിക്കാഴ്ചകള്‍ നടന്നു. 7000 അപേക്ഷകളില്‍ നിന്നാണ് 1600 ഓളം ബയര്‍മാരെ തെരഞ്ഞെടുത്തത്.

 ഇക്കുറിയും മികച്ച പ്രതികരണമാണ് രാജ്യത്തിനകത്തും പുറത്തുമുള്ള ബയേഴ്‌സില്‍ നിന്ന് ലഭിച്ചു കൊണ്ടിരുന്നത്. എന്നാല്‍ കൊവിഡിന്റെ വരവ് മറ്റ് എല്ലാ മേഖലയെയും പോലെ ടൂറിസത്തെയും തകിടം മറിച്ചു. വലിയ തോതില്‍ വിദേശനാണ്യ വരുമാനം നേടിത്തരുന്ന വ്യവസായമെന്ന നിലയില്‍ ടൂറിസം മേഖലയ്ക്കുണ്ടായ ക്ഷീണം സംസ്ഥാനത്തിന്റെ ആകെ സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത ആഘാതമാണ് സൃഷ്ടിച്ചിട്ടുള്ളത്.

കൊവിഡിനെതിരായി കേരളം കൈക്കൊണ്ട നടപടികള്‍ ഇന്ന് ലോകപ്രശസ്തമാണ്. ഈ സല്‍പ്പേര് ഉപയോഗപ്പെടുത്തി ഏറ്റവും വേഗത്തില്‍ തിരികെയെത്താന്‍ കഴിയുന്ന മേഖല ടൂറിസമാണ്. സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ തിരിച്ചുവരവ് ടൂറിസത്തിലൂടെയാകണം. അതിലേക്കുള്ള വാതായനമാണ് കെടിഎമ്മിന്റെ വെര്‍ച്വല്‍ മാര്‍ട്ട്.

ദുരിതത്തിലാണ്ട ടൂറിസം മേഖലയ്ക്ക് വലിയ തോതിലുള്ള സഹായം സംസ്ഥാന സര്‍ക്കാര്‍ ഇതിനകം നല്‍കി കഴിഞ്ഞു. ടൂറിസം മേഖലയ്ക്ക് 455 കോടി രൂപയുടെ സഹായപദ്ധതികളാണ് പ്രഖ്യാപിച്ചത്. സംരംഭകര്‍ക്കും ടൂറിസം മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും ഒരുപോലെ സഹായകരമാകുന്നതാണ് പ്രഖ്യാപിച്ച പദ്ധതികള്‍. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി സംരംഭകര്‍ക്ക് 25 ലക്ഷം രൂപ വരെ വായ്പ നല്‍കും. ഇതിന്റെ ഒരു വര്‍ഷത്തെ പലിശയുടെ പകുതി സംസ്ഥാന സര്‍ക്കാര്‍ സബ്‌സിഡിയായാണ് നല്‍കുന്നത്. ടൂറിസം മേഖലയിലെ ജീവനക്കാര്‍ക്ക് 20,000 മുതല്‍ 30,000 രൂപവരെ കേരള ബാങ്കില്‍ നിന്ന് വായ്പ അനുവദിക്കും. 9 ശതമാനം പലിശയ്ക്കാണ് ഈ വായ്പ നല്‍കുന്നതെങ്കിലും 3 ശതമാനം പലിശ തൊഴിലാളികള്‍ അടച്ചാല്‍ മതിയാകും. 6 ശതമാനം പലിശ സര്‍ക്കാര്‍ സബ്‌സിഡി നല്‍കുമെന്നും മന്ത്രി അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only