11 സെപ്റ്റംബർ 2020

ഉപതെരഞ്ഞെടുപ്പ് മാറ്റാൻ അഭ്യർത്ഥിക്കുമെന്ന് മുഖ്യമന്ത്രി
(VISION NEWS 11 സെപ്റ്റംബർ 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകചവറ, കുട്ടനാട് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് മാറ്റാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെക്കാനും ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി സർവകക്ഷി യോഗത്തിന് ശേഷം വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

മൂന്നര മാസത്തേക്ക് മാത്രമായി എംഎൽഎയ്ക്ക് കാര്യമായി പ്രവർത്തിക്കാനാവില്ല. കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകളുമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെ താരതമ്യം ചെയ്യാനാകില്ല. രണ്ടും തമ്മിൽ കാതലായ വ്യത്യാസമുണ്ട്. അഞ്ച് വർഷത്തേക്കുള്ള ഭരണ സമിതിയെ തെരഞ്ഞെടുക്കുക എന്ന ഭരണഘടനാ ചുമതല നിറവേറ്റുന്നതും മൂന്ന് മാസത്തേക്കായി ജനപ്രതിനിധിയെ തെരഞ്ഞെടുക്കുക എന്നതും താരതമ്യമുള്ളതല്ല എന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ ഇപ്പോള്‍ നടത്തേണ്ട ആവശ്യമില്ല എന്നും ഏതാണ്ട് ആറുമാസത്തിനിടയില്‍ വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിനോടൊപ്പം ഈ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ മതിയെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ഐകകണ്ഠ്യേന ആവശ്യപ്പെടുന്നത് ഉചിതമാകും എന്ന അഭിപ്രായം യോഗത്തില്‍ അവതരിപ്പിച്ചു. കാലാവധിയിലെ പരിമിതി മുതല്‍ കോവിഡ് സാഹചര്യം വരെ യുക്തിസഹമായ കാര്യങ്ങള്‍ ഈ ആവശ്യത്തിന് അടിസ്ഥാനമാണ്. ഇതുകണക്കിലെടുത്ത് ഉപതെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കണമെന്നാണ് എല്ലാ കക്ഷികളും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുകയാണ്. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷനുകളുടെ ഭരണസമിതിയുടെ അഞ്ചുവര്‍ഷ കാലാവധി അവസാനിക്കുന്ന മുറയ്ക്ക് 2020 നവംബറില്‍ പുതിയ ഭരണസമിതികള്‍ അധികാരമേല്‍ക്കേണ്ടതുണ്ട്. അത് ഭരണഘടനാപരമായ ബാധ്യതയാണ്. ഇവയുടെ കാലാവധിയാകട്ടെ അടുത്ത അഞ്ചുവര്‍ഷ കാലയളവാണ്. കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകളുമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെ താരതമ്യം ചെയ്യാനാകില്ല. രണ്ടും തമ്മില്‍ കാതലായ വ്യത്യാസം ഉണ്ട്. അഞ്ചുവര്‍ഷത്തേക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുക്കുക എന്ന ഭരണഘടനാ ചുമതല നിറവേറ്റുന്നതും മൂന്നുമാസത്തേക്കായി ജനപ്രതിനിധിയെ തെരഞ്ഞെടുക്കുക എന്നതും താരതമ്യമുള്ളതല്ല.
2020 ജൂലൈ മാസത്തില്‍ ദിവസേനയുള്ള പുതിയ കൊവിഡ് കേസുകളുടെ ശരാശരി 618 ആയിരുന്നെങ്കില്‍ ആഗസ്റ്റ് മാസത്തില്‍ ഇത് 1672 ആയി ഉയര്‍ന്നു. സെപ്റ്റംബര്‍ 9 വരെ 2281 ആയി. ഇന്നലെ 3349 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡ് വ്യാപനം മുഖ്യ പ്രശ്നമായി നിലനില്‍ക്കുകയാണ്. നമ്മുടെ മുന്നിലെ വലിയ വെല്ലുവിളിയാണത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനും കോവിഡ് സാഹചര്യം ബാധകമല്ലേ എന്ന സംശയം ചിലര്‍ക്കുണ്ടാവും. അത് ന്യായവുമാണ്. എന്നാല്‍, മാറ്റിവയ്ക്കാനാവാത്ത ഭരണഘടനാ ബാധ്യതയാണ് തദ്ദേശസ്വയംഭരണ സ്ഥാപനതെരഞ്ഞെടുപ്പ്. എങ്കിലും പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് ഇതിന്‍റെ തീയതിയില്‍ അല്‍പ്പമൊക്കെ വ്യത്യാസം വരുത്തുന്ന കാര്യം പരിശോധിക്കാവുന്നതാണ് എന്നും സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചു. ഭരണഘടനയുടെ അനുച്ഛേദം 243 ഇ, 243 യു എന്നിവ പ്രകാരമുള്ളതാണ് തദ്ദേശ തെരഞ്ഞെടുപ്പുകള്‍ നടത്താനുള്ള ബാധ്യത. അതിനാല്‍, തദ്ദേശ തെരഞ്ഞെടുപ്പ് വളരെയധികം നീട്ടിക്കൊണ്ടുപോകുന്നത് അസാധ്യമായിരിക്കും.
എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ ഈ തെരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ച് പലകക്ഷികളും ആശങ്ക പ്രകടിപ്പിച്ചു. ഇന്നത്തെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടത്താനുള്ള പ്രയാസവും അവര്‍ ചൂണ്ടിക്കാണിച്ചു. അത് അംഗീകരിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പ് താല്‍ക്കാലികമായി മറ്റിവെക്കണമെന്ന സംസ്ഥാന തെരഞ്ഞെടുപ്പുകമീഷനെ അറിയിക്കാന്‍ ധാരണയായത്. എന്നാല്‍ അനന്തമായി തെരഞ്ഞെടുപ്പ് നീക്കിവെക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. യോഗത്തില്‍ വന്ന പൊതു അഭിപ്രായവും അതാണ്.
തെരഞ്ഞെടുപ്പുകള്‍ ജനാധിപത്യത്തിന്‍റെ ആണിക്കല്ലാണ്. എന്നാല്‍, പ്രവര്‍ത്തിക്കാന്‍ സാധ്യമായ സമയം ലഭിക്കാത്ത കാലാവധിക്കായി, വിശേഷിച്ച് മൂന്നു മൂന്നരമാസക്കാലത്തേക്കായി ഒരു ജനപ്രതിനിധിയെ തെരഞ്ഞെടുക്കാന്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് അനാവശ്യ സാമ്പത്തിക ബാധ്യത അടിച്ചേല്‍പ്പിക്കലാവും. അതിനപ്പുറം ജനപ്രാതിനിധ്യത്തിന്‍റെ അന്തഃസ്സത്തയ്ക്ക് നിരക്കാത്തതുമാവും. ഇതെല്ലാം പരിഗണിച്ചുള്ള അഭിപ്രായ സമന്വയമാണ് സര്‍വ്വകക്ഷി യോഗത്തില്‍ ഉണ്ടായതെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only