02 സെപ്റ്റംബർ 2020

ആനക്കാംപൊയിൽ-മേപ്പാടി തുരങ്കപാത : നടപടികൾ അതിവേഗം മുന്നോട്ട്
(VISION NEWS 02 സെപ്റ്റംബർ 2020)      
തിരുവമ്പാടി:ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത പദ്ധതി സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തിയതോടെ നടപടിക്രമങ്ങൾ ത്വരിതഗതിയിൽ മുന്നോട്ട്. താമരശ്ശേരി ചുരത്തെ ആശ്രയിക്കാതെ കോഴിക്കോട്, മലപ്പുറം ജില്ലകളിൽനിന്ന് വയനാട്ടിലെത്താനുള്ള എളുപ്പമാർഗമാണ് പുതിയ പാത.

കിഫ്ബിയിൽനിന്ന് 658 കോടി രൂപ അനുവദിച്ച് മേയിൽ പദ്ധതിക്ക് ഭരണാനുമതി നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് നൂറുദിന പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പദ്ധതിയുടെ വിശദ പദ്ധതിരേഖ ഉടൻ സമർപ്പിക്കും. ഇത് സർക്കാർ അംഗീകരിക്കുന്നതോടെ നിർമാണം തുടങ്ങാനാകും. പാതയുടെ വിശദപദ്ധതിരേഖ തയ്യാറാക്കലും നിർമാണവും രണ്ടുവർഷംമുമ്പ് കൊങ്കൺ റെയിൽവേ കോർപ്പറേഷനെ ഏൽപ്പിച്ചിരുന്നു. നിർമാണം പൂർത്തിയാക്കാൻ ആയിരം കോടി രൂപയെങ്കിലും ചെലവുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിൽ മറിപ്പുഴയിൽനിന്ന് തുടങ്ങി വയനാട്ടിലെ മേപ്പാടി കള്ളാടിയിൽ അവസാനിക്കുന്നതാണ് പാത. ഇതിൽ കോടഞ്ചേരി പഞ്ചായത്തിലെ സ്വർഗംകുന്നിനും കള്ളാടിക്കുമിടയിൽ വനത്തിലൂടെ കടന്നുപോകുന്ന ഏഴുകിലോമീറ്റർ ദൂരത്തിലാണ് തുരങ്കം നിർമിക്കേണ്ടിവരുക.

വനഭൂമി നഷ്ടപ്പെടുത്താതെയും ഒരു മരംപോലും മുറിക്കാതെയും ടണൽ റോഡ് യാഥാർഥ്യമാക്കാനാകുമെന്ന് മുൻസർക്കാരിന്റെ കാലത്ത് പ്രാഥമികപഠനം നടത്തിയ ടണലിങ് സർവേ ഏജൻസിയായ റൂബി സോഫ്റ്റ് കണ്ടെത്തിയിരുന്നു. ഇപ്പോഴത്തെ സർക്കാർ വന്നതിനുശേഷം ആദ്യബജറ്റിൽത്തന്നെ 20 കോടി പ്രാഥമിക നടപടികൾക്ക് അനുവദിച്ചു. തുടർന്നാണ് കൊങ്കൺ റെയിൽവേ കോർപ്പറേഷനെ തുടർപ്രവർത്തനങ്ങൾ ഏൽപ്പിക്കുന്നത്. അവർ പാതയുടെ അലൈൻമെന്റ് തയ്യാറാക്കി. ഇത് പൊതുമരാമത്ത് വകുപ്പ് അംഗീകരിച്ചതോടെയാണ് ഭരണാനുമതി ലഭിച്ചത്.

ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി റോഡിന് വേണ്ടി മുപ്പത് വർഷം മുമ്പ് തുടങ്ങിയ ശ്രമങ്ങൾ എവിടെയുമെത്തിയിരുന്നില്ല. ഇതോടെയാണ് ടണൽ റോഡ് എന്ന ആശയം ഉയർന്നുവന്നത്. കോഴിക്കോട് ജില്ലയിൽ മറിപ്പുഴ വരെയും വയനാട് ഭാഗത്ത് കള്ളാടി തൊള്ളായിരം എസ്റ്റേറ്റ് വരെയും നേരത്തേത്തന്നെ റോഡ് പൂർത്തിയാക്കിയിരുന്നു. മറിപ്പുഴ മുതൽ തുരങ്കം തുടങ്ങുന്ന സ്വർഗംകുന്ന് വരെ പഴയ റോഡുണ്ട്. എന്നാൽ, മറിപ്പുഴയിൽ ഇരുവഴിഞ്ഞിപ്പുഴയ്ക്ക് കുറുകെ പാലം നിർമിക്കേണ്ടതുണ്ട്.

റോഡ് യാഥാർഥ്യമായാൽ കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലിൽനിന്ന് 16 കിലോമീറ്റർ സഞ്ചരിച്ചാൽ മേപ്പാടിയിലെത്താനാകും. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളുടെ വികസനത്തിനും ടൂറിസം പദ്ധതികൾക്കും പദ്ധതി ഏറെ പ്രയോജനപ്പെടും. മൂന്ന് ജില്ലകൾക്കിടയിലെ യാത്രയും ചരക്കുനീക്കവും എളുപ്പത്തിലാക്കുന്നതാണ് തുരങ്കപാത. മലപ്പുറത്തുനിന്നും കോഴിക്കോട്ടുനിന്നും കർണാടകയിലേക്കുള്ള ദൂരവും ഗണ്യമായി കുറയും. തുരങ്കവുമായി ബന്ധിപ്പിക്കുന്ന അനുബന്ധറോഡുകളുടെ നവീകരണങ്ങൾ ഇപ്പോൾ നടന്നുവരുകയാണ്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only