ഓമശ്ശേരി: ഓമശ്ശേരി പഞ്ചായത്തിലെ ഏഴാം വാർഡിലെ എടക്കോട്ട് വത്സലയുടെ വീട് കനത്ത മഴയെ തുടർന്ന് ഇന്നലെ രാത്രിയിൽ ഒരുഭാഗം പൂർണ്ണമായും തകർന്നുവീണു. കഴിഞ്ഞ രണ്ടു ദിവസമായി പെയ്ത കനത്ത മഴയെത്തുടർന്നാണ് വീട് നിലംപതിച്ചത്. നൂറിലേറെ വർഷം പഴക്കമുള്ള ഓട് മേഞ്ഞ വീട്ടിലാണ് വിധവയായ വത്സലയും പത്താം ക്ലാസ്സ് വിദ്യാർത്ഥിയായ ഏക മകൻ ആദർശും താമസിക്കുന്നത്. മഴ ശക്തിയായി പെയ്തപ്പോൾ ഇരുവരും അയല്പക്കത്തെ വീട്ടിലേക്ക് മാറി താമസിച്ചതിനാലാണ് വലിയൊരു അപകടത്തിൽനിന്നും രക്ഷപ്പെട്ടത്.
ഈ കുടുംബത്തിന് വീട് വാസയോഗ്യമല്ലാത്തതിനാൽ ലൈഫ് ഭവനപദ്ധതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. ലൈഫിന്റെ മാനദണ്ഡമനുസരിച്ചു അപേക്ഷ പരിഗണിക്കാൻ സാധിക്കാത്തതിനാൽ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നൽകാൻ പഞ്ചായത്തിന് സാധിക്കാത്ത സ്ഥിതിവിശേഷമാണുള്ളത്. വീടിരിക്കുന്ന സ്ഥലം മൈനറായ മകന്റെ പേരിലായതിനാൽ മറ്റൊന്നും ചെയ്യാനും സാധിക്കില്ല.
തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്തു കിട്ടുന്ന ചെറിയൊരു വരുമാനം കൊണ്ടാണ് മകന്റെ വിദ്യാഭ്യാസവും നിത്യ ചെലവുകളും നീക്കുന്നത്. സ്വന്തമായൊരു വീടുണ്ടാക്കാൻ ഗതിയില്ലാതെ കഷ്ടപ്പാടിലാണ് ഈ അമ്മയും മകനും.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വി അബ്ദുറഹ്മാൻ മാസ്റ്റർ, ഇ കെ മുജീബ്, ഇ കെ സാജിദ്, ഇബ്രാഹിം പഴവൂർ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.
Post a comment