07 September 2020

താമരശ്ശേരിയില്‍ നവീകരിച്ച അത്യാഹിത വിഭാഗവും ട്രോ മോകെയര്‍ യൂണിറ്റും ഉദ്ഘാടനം ചെയ്തു
(VISION NEWS 07 September 2020)




താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എന്‍.എച്ച് എം ഫണ്ട് ഉപയോഗിച്ച് നവീകരിച്ച അത്യാഹിത വിഭാഗത്തിന്റെയും ട്രോ മോകെയര്‍ യൂണിറ്റിന്റെയും ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ നിര്‍വ്വഹിച്ചു. കോവിഡ് മഹാമാരിക്കിടയിലും സംസ്ഥാനത്തെ ആരോഗ്യരംഗത്ത് വിപ്ലവകരമായ വികസന പദ്ധതികള്‍ നടപ്പിലാക്കി ലോകത്തിനു തന്നെ മാതൃകയായിരിക്കുകയാണ് കൊച്ചു കേരളമെന്ന് മന്ത്രി പറഞ്ഞു. നാലര വര്‍ഷത്തിനിടയില്‍ ആരോഗ്യരംഗത്ത് മുന്‍ കാലങ്ങളെ അപേക്ഷിച്ച് എണ്ണമറ്റ വികസനങ്ങള്‍ നടപ്പിലാക്കാന്‍ സാധിച്ചിട്ടുണ്ട്. ഗ്രാമീണ മേഖലയിലെ ആതുരാലയങ്ങളെല്ലാം വന്‍കിട ആശുപത്രികള്‍ക്ക് സമാനമായ മാറ്റത്തിന്റെ പാതയിലാണെന്നും കെ. കെ ശൈലജ ടീച്ചര്‍ പറഞ്ഞു.

മലയോര മേഖലയിലെ ജനങ്ങള്‍ ആശ്രയിക്കുുന്ന പ്രധാന സര്‍ക്കാര്‍ ആശുപത്രിയായ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍  ആധുനിക സൗകര്യങ്ങള്‍ ഉള്ള എമര്‍ജന്‍സി യൂണിറ്റാണ് യാഥാര്‍ഥ്യമായത്. ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതിന് 20 ലക്ഷം രൂപയും ഉപകരണങ്ങള്‍ വാങ്ങുന്നതിനായി 33.77 ലക്ഷം രൂപയുമാണ് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ വഴി അനുവദിച്ചത്. മെഡിക്കല്‍ ഗ്യാസ് പൈപ്പ് ലൈന്‍ സിസ്റ്റം, ട്രയാജ് സംവിധാനം, നഴ്സസ് സ്റ്റേഷന്‍, ഇ.സി.ജിറൂം, മൈനര്‍ ഓപ്പറേഷന്‍ തിയേറ്റര്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.

ചടങ്ങില്‍ കാരാട്ട് റസാഖ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ സാംബശിവറാവു മുഖ്യാതിഥിയായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി.ജയശ്രീ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ: എ നവീന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എ.പി.ഹുസൈന്‍, കണ്ടിയില്‍ മുഹമ്മദ്, തുടങ്ങിയവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീന ജോര്‍ജ് സ്വാഗതവും മെഡിക്കല്‍ സൂപ്രണ്ട് ഡോ.എം കേശവനുണ്ണി നന്ദിയും പറഞ്ഞു.

Post a comment

Whatsapp Button works on Mobile Device only