27 September 2020

കൊണ്ടോട്ടി സ്വദേശിനിയായ യുവതിയുടെ ചികിത്സ നിഷേധിച്ചിട്ടില്ല :-ശാന്തി ഹോസ്പിറ്റൽ ഓമശ്ശേരി.
(VISION NEWS 27 September 2020)


ഓമശ്ശേരി :കൊണ്ടോട്ടി സ്വദേശിനിയായ യുവതിയുടെ ഗർഭസ്ഥ ശിശുക്കൾ ചികിത്സ കിട്ടാതെ മരണമടഞ്ഞു എന്ന വാർത്തയുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിൽ ഓമശ്ശേരി ശാന്തി ആശുപത്രിയുടെ പേരും പരാമർശിക്കപ്പെടുന്ന തിനാൽ പ്രസ്തുത വാർത്തയുടെ നിജസ്ഥിതി പൊതു ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് ഈ കുറിപ്പ്. *പ്രസ്തുത രോഗി ശാന്തി ആശുപത്രിയിൽ ഏതെങ്കിലും സമയത്ത് ചികിത്സയ്ക്ക് എത്തുകയോ ചികിത്സ തേടുകയോ ചെയ്തിട്ടില്ല.* എന്നാൽ ഇന്നലെ 26-09-2020 ന് വൈകീട്ട് ശാന്തി ആശുപത്രിയിലേക്ക് ഫോൺ കോൾ വരികയും നേരത്തെ കോവിഡ് പോസിറ്റീവ് ആയിരുന്ന ഒരു രോഗിക്ക് വേണ്ടിയാണ് വിളിക്കുന്നത്, കോ വിഡ് ടെസ്റ്റ് ചെയ്ത നെഗറ്റീവ് റിപ്പോർട്ട് കയ്യിലുണ്ടെങ്കിൽ ഗർഭിണികൾക്കുള്ള സേവനം ശാന്തി ആശുപത്രിയിൽ ലഭ്യമാണോ എന്ന് ആരാഞ്ഞിരുന്നു. കോഴിക്കോട് നഗരത്തിൽ കോവിഡ് ടെസ്റ്റ് ചെയ്യുന്ന ലാബിൻ്റെ സമീപത്തുനിന്നും ആണ് വിളിക്കുന്നത് എന്നും സംഭാഷണമധ്യേ വിളിച്ച വ്യക്തി പറഞ്ഞിരുന്നു. ശാന്തി ആശുപത്രിയിൽ എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടു തന്നെ ഗർഭിണികൾക്ക് ചികിത്സ നൽകാവുന്ന എല്ലാ സജ്ജീകരണങ്ങളും നിലവിലുള്ളതിനാൽ, മാത്രമല്ല ഏത് അടിയന്തര ഘട്ടത്തിലും അടിയന്തര ശസ്ത്രക്രിയ ഉൾപ്പെടെ ചികിത്സ നൽകുന്നതിനുള്ള സജ്ജീകരണങ്ങൾ ഉള്ളതിനാൽ കോവിഡ് ടെസ്റ്റ് ചെയ്ത റിസൾട്ടുമായി രോഗിയുമായി ഉടനടി ആശുപത്രിയിൽ എത്തിച്ചേരുവാൻ നിർദ്ദേശം നൽകി. ഈ ആശുപത്രിയിൽ ഒരിക്കൽപോലും കാണിച്ചില്ലാത്ത ഒരു രോഗി ആയിട്ടുപോലും ഇത്തരം അടിയന്തരഘട്ടങ്ങളിൽ അടിയന്തര വൈദ്യസഹായം നിരന്തരം നൽകിക്കൊണ്ടിരിക്കുന്ന ഒരു ആശുപത്രി എന്നുള്ള നിലയിൽ മേൽപ്പറഞ്ഞ വ്യക്തമായ നിർദ്ദേശം വിളിച്ച് വ്യക്തിക്ക് നൽകിയിട്ടുണ്ട്. കോഴിക്കോട് നഗരത്തിൽ നിന്നാണ് സംസാരിക്കുന്നത് എന്ന് സൂചിപ്പിച്ചതിനാൽ, കോഴിക്കോട് നിന്നും രോഗിയെ 30 കിലോമീറ്ററിലധികം ദൂരം താണ്ടി ശാന്തിയിൽ എത്തിച്ചേരാനുള്ള പ്രായോഗിക ബുദ്ധിമുട്ട് കൂടി കണക്കിലെടുത്ത് വളരെ എളുപ്പത്തിൽ രോഗിയുടെ നിലക്കനു സരിച്ച് എത്തിച്ചേരാവുന്ന കോഴിക്കോട് മെഡിക്കൽ കോളേജ് കൂടി വിളിച്ചന്വേഷിച്ച വ്യക്തിയോട് നിർദ്ദേശിച്ചിരുന്നു. എന്നാൽ രോഗി ഓമശ്ശേരി ശാന്തി ആശുപത്രിയിൽ എത്തുകയോ ചികിത്സ തേടുകയോ ചെയ്തിട്ടില്ല.
അതിനാൽ തന്നെ ആശുപത്രി രോഗിക്ക് ചികിത്സ നിഷേധിച്ചു എന്ന രീതിയിൽ വിവിധ പ്രസ്താവനകൾ വരുന്നത് ഏറെ അത്ഭുതാവഹം ആയി തോന്നുന്നു.
കോഴിക്കോട് ജില്ലയിലെയും അയൽ ജില്ലയിലെയും ആതുരാലയങ്ങളിൽ നിന്നും പ്രസവ സംബന്ധമായ അടിയന്തര ഘട്ടങ്ങളിൽ രോഗികളെ റഫർ ചെയ്യുന്നതിനായി ഡോക്ടർമാരും മറ്റ് ആരോഗ്യപ്രവർത്തകരും ഏറെ ആശ്രയിക്കുന്ന ഒരു ആശുപത്രി ആയതിനാൽ ശാന്തി ആശുപത്രിയുടെ വാതായനങ്ങൾ എപ്പോഴും അത്തരം രോഗികൾക്കായി തുറന്നു തന്നെ ഇരിക്കുന്നു എന്നിരിക്കെ പ്രസ്തുത രോഗിക്ക് ചികിത്സതേടി എത്തിയിട്ടും ശാന്തി ആശുപത്രി നിഷേധിച്ചു എന്ന രീതിയിൽ തികച്ചും അവാസ്തവമായ പ്രചാരണം നടത്തുന്നത് ഈ ആശുപത്രിയെ ആശ്രയിച്ച് വിശ്വാസമർപ്പിച്ചു മുന്നോട്ടുപോകുന്ന ആയിരക്കണക്കായ രോഗികളെ ആശങ്കയിലാഴ്ത്തുന്നു എന്നതിനാൽ സത്യം മനസ്സിലാക്കി മുന്നോട്ടുപോകണമെന്ന് ഏവരെയും അറിയിക്കുന്നതോടൊപ്പം കാരണമെന്തു തന്നെയായിരുന്നാലും ജീവനുകൾ പൊലിഞ്ഞതിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു.
- റിലേഷൻസ് ഡിപ്പാർട്ട്മെന്റ്, ശാന്തി ഹോസ്പിറ്റൽ ഓമശ്ശേരി

Post a comment

Whatsapp Button works on Mobile Device only