09 September 2020

കളക്ടർ ഇടപെട്ടു : മഹിളാ മാൾ തുറക്കാൻ നടപടി തുടങ്ങി
(VISION NEWS 09 September 2020)




 കോഴിക്കോട്: വിവാദങ്ങൾക്കും സമരങ്ങൾക്കും ഒടുവിൽ മഹിളാ മാൾ തുറക്കാൻ വഴിതെളിയുന്നു. കളക്ടർ എസ്. സാംബശിവ റാവുവിന്റെ നേതൃത്വത്തിൽ നടത്തിയ അനുരഞ്ജന ചർച്ചകളാണ് മഹിളാ മാൾ തുറക്കാനുള്ള നീക്കത്തിലേക്ക് എത്തിച്ചത്. പുതുക്കിയ വാടകക്കരാർ പ്രകാരമായിരിക്കും മാൾ പ്രവർത്തിക്കുന്നത്. സാമ്പത്തിക ഉപദേശകന്റെ സഹായവും മാളിന് ഉറപ്പു വരുത്തും.

ഇതിന്റെ ഭാഗമായി മാനേജ്മെന്റിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച മഹിളാ മാൾ ശുചീകരിച്ചു. കളക്ടറുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ മാൾ തുറക്കാൻ തീരുമാനിച്ചെന്ന് യൂണിറ്റി ഗ്രൂപ്പ് സെക്രട്ടറി കെ. വിജയ പറഞ്ഞു. ഉപാധികളോടെയായിരിക്കും മാൾ തുറക്കുന്നത്. അതിനായി കളക്ടറുടെതന്നെ നേതൃത്വത്തിൽ ബുധനാഴ്ച വീണ്ടും യോഗം ചേരുമെന്നും അവർ പറഞ്ഞു. ജില്ലാ ഭരണകൂടം വിഷയം ഏറ്റെടുത്തതോടെ പ്രതീക്ഷയിലാണ് മാളിലെ സംരംഭകരും. മാൾ തുറക്കുക, വാടക കുറയ്ക്കുക, മാളിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുക, ഒഴിഞ്ഞുകിടക്കുന്ന കടമുറികളിൽ കൂടുതൽ സംരംഭകരെ എത്തിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും സംരംഭകർ ഉന്നയിക്കുന്നത്.

കഴിഞ്ഞ ആറുമാസമായി മാൾ അടഞ്ഞുകിടക്കുകയാണ്. മാളിലെ സംരംഭകരിൽ പലർക്കും കുടിശ്ശിക വന്നതോടെ മാൾ നീണ്ട കാലത്തേക്ക് അടച്ചിടുകയായിരുന്നു. ഇതേത്തടർന്ന് സംരംഭകരുടെ നേതൃത്വത്തിൽ സമരം നടത്തുകയും വിവിധ രാഷ്ട്രീയ സംഘടനകൾ വിഷയം ഏറ്റെടുക്കുകയും ചെയ്തിരുന്നു. തുടർന്നാണ് ജില്ലാഭരണകൂടം വിഷയത്തിലിടപെട്ട് ചർച്ചകൾക്ക് നേതൃത്വം നൽകിയത്. 

Post a comment

Whatsapp Button works on Mobile Device only