ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് പേടിഎമ്മിനെ പുറത്താക്കിയതിനെ തുടർന്നുള്ള അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ പേടിഎം ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ തിരിച്ചെത്തി. വാതുവെയ്പ്പുകളും ചൂതാട്ടങ്ങളും പ്രോത്സാഹിപ്പിക്കുന്നു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പേടിഎമ്മിനെ ആന്‍ട്രോയ്ഡ് പ്ലേ സ്റ്റോറില്‍ നിന്നും ഗൂഗിള്‍ പുറത്താക്കിയത്. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം പേടിഎം പ്ലേ സ്റ്റോറില്‍ തിരിച്ചെത്തിയതായാണ് റിപ്പോർട്ട് . അതേസമയം, കമ്പനിയുടെ ഡിജിറ്റല്‍ ഗെയിമിങ് പ്ലാറ്റ്ഫോമായ 'ഫസ്റ്റ് ഗെയിംസിന്റെ' വിലക്ക് ഇപ്പോഴും നീങ്ങിയിട്ടില്ല. പ്ലേ സ്റ്റോറില്‍ പേടിഎം ആപ്പ് തിരിച്ചെത്തിയ കാര്യം കമ്പനിയുടെ സഹസ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മയാണ് ട്വിറ്ററില്‍ അറിയിച്ചത്. വെള്ളിയാഴ്ച്ച രാവിലെയാണ് യുപിഐ അടിസ്ഥാനമാക്കിയുള്ള ക്യാഷ്ബാക്ക് പദ്ധതിക്ക് പേടിഎം തുടക്കമിട്ടത്.
ഇക്കാരണത്താലാണ് ഗൂഗിള്‍ പേടിഎമ്മിനെ പ്ലേസ്റ്റോറില്‍ നിന്ന് പുറത്താക്കിയതെന്ന് വിജയ് ശര്‍മ ട്വിറ്ററില്‍ വ്യക്തമാക്കി. ക്യാഷ്ബാക്ക് നല്‍കുന്നത് ചൂതാട്ടമാണോയെന്നും സംഭവത്തില്‍ ഇദ്ദേഹം ചോദിക്കുന്നുണ്ട്. നേരത്തെ, ഒരുതരത്തിലുമുള്ള ഓണ്‍ലൈന്‍ കസീനോ ചൂതാട്ടങ്ങളോ ചട്ടം ലംഘിച്ചുകൊണ്ടുള്ള സ്പോര്‍ട്സ് വാതുവെയ്പ്പുകളോ അനുവദിക്കില്ലെന്ന് ഗൂഗിള്‍ ഇന്ത്യ ബ്ലോഗ് പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. ആപ്പില്‍ വരുന്ന ഉപയോക്താവിനെ പണമടച്ച് പണം ജയിക്കാന്‍ അവസരമൊരുക്കുന്ന ചൂതാട്ട/വാതുവെയ്പ്പ് വെബ്സൈറ്റുകളിലേക്ക് നയിക്കുന്നത് ചട്ടലംഘനമാണെന്ന് ഗൂഗിള്‍ പറയുന്നു. ഐപിഎല്‍ സീസണിന് മുന്നോടിയായി ചൂതാട്ട ആപ്പുകള്‍ക്ക് ഗൂഗിള്‍ നല്കുന്ന മുന്നറിയിപ്പാണിതെന്നാണ് വിലയിരുത്തൽ.
Post a comment